ജൂലി എ. മാത്യു, സുരേന്ദ്രന്‍ കെ. പട്ടേല്‍, മാര്‍ട്ടിന്‍ ജോണ്‍... അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മൂന്ന് മലയാളികള്‍ക്ക് ചരിത്ര വിജയം

ജൂലി എ. മാത്യു, സുരേന്ദ്രന്‍ കെ. പട്ടേല്‍, മാര്‍ട്ടിന്‍ ജോണ്‍... അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മൂന്ന്  മലയാളികള്‍ക്ക് ചരിത്ര വിജയം

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ടെക്സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ മൂന്ന് മലയാളികള്‍ക്ക് തകര്‍പ്പന്‍ വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളായി മത്സരിച്ച ജൂലി എ. മാത്യു, സുരേന്ദ്രന്‍ കെ. പട്ടേല്‍, കക്ഷി രഹിത സ്ഥാനത്തേക്ക് മത്സരിച്ച മാര്‍ട്ടിന്‍ ജോണ്‍ എന്നിവരാണ് ശ്രദ്ധേയമായ വിജയം കൈവരിച്ചത്.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജൂലി എ. മാത്യു 71,925 വോട്ടുകള്‍ക്കാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജെസ്സിക്ക ജാരാമില്ലോയെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 1,82,816 വോട്ടുകളില്‍ 1,10,891 (60.66%) വോട്ടുകള്‍ ജൂലിക്ക് ലഭിച്ചു. 38,966 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ജൂലിയുടെ തിളക്കമാര്‍ന്ന വിജയം.

ടെക്സസിലെ 240-ാം ജുഡീഷ്യല്‍ ഡിസ്ട്രിക്ട് ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച സുരേന്ദ്രന്‍ കെ. പട്ടേല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആശാ റെഡ്ഡിയെ പരാജയപ്പെടുത്തി. ആകെ രേഖപ്പെടുത്തിയ വോട്ടുകളില്‍ 60.23 ശതമാനം നേടിയ അദ്ദേഹം 37,396 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ഫോര്‍ട്ട് ബെന്‍ഡ് സെന്‍ട്രല്‍ അപ്രൈസല്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് കക്ഷി രഹിത സ്ഥാനാര്‍ഥിയായി മത്സരിച്ച മാര്‍ട്ടിന്‍ ജോണ്‍ 19,845 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എതിരാളിയായ ഷൈസാദ് 'സാം' ചത്രിവാലയെക്കാള്‍ 57.14 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്.

പാലാ സെന്റ് തോമസ് കോളജ് മുന്‍ യൂണിയന്‍ ചെയര്‍മാനാണ് മാര്‍ട്ടിന്‍ ജോണ്‍. അമേരിക്കന്‍ നീതിന്യായ രംഗത്തും പ്രാദേശിക ഭരണ രംഗത്തും മലയാളി സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തുന്ന വലിയ നേട്ടമായാണ് ഈ വിജയങ്ങള്‍ വിലയിരുത്തപ്പെടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.