ലിസ്ബണ്‍: ദേശീയ ടീമിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ 23 വര്‍ഷം ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിറഞ്ഞാടിയ അതുല്യ പ്രതിഭ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീമില്‍ നിന്ന് വിരമിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുകയും ഏറ്റവും കൂടുതല്‍ ഗോളടിക്കുകയും ചെയ്ത താരമെന്ന റെക്കാഡുമായാണ് നാല്‍പത്തൊന്നാം വയസില്‍ റൊണാള്‍ഡോ കളം വിടുന്നത്. ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ദീര്‍ഘകാലം പോര്‍ച്ചുഗീസ് ക്യാപ്ടനായ ക്രിസ്റ്റ്യാനോയ്ക്ക് രാജ്യത്തിനായി ലോകകപ്പ് നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും 2016 ലെ യൂറോ കപ്പും 2019 ലേയും 2025 ലേയും യുവേഫ നേഷന്‍സ് ലീഗ് കിരീടങ്ങളും നേടിക്കൊടുക്കാനായി.
യൂറോപ്പിലെ ഒന്നാം നിര ക്‌ളബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയും റയല്‍ മാഡ്രിഡിന്റേയും യുവന്റസിന്റേയും നിരവധി കിരീട നേട്ടങ്ങളില്‍ നെടുംതൂണായി. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി.
234 മത്സരങ്ങളില്‍ നിന്ന് 146 ഗോളുകള്‍ നേടിയ റൊണാള്‍ഡോ പുരുഷ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം തുടങ്ങിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് പടിയിറങ്ങുന്നത്. 2004 ലെ യൂറോ കപ്പില്‍ ഗ്രീസിനെതിരെയായിരുന്നു ദേശീയ ടീമിനായുള്ള ആദ്യ ഗോള്‍.
പോര്‍ച്ചുഗലിലെ മദേര ദ്വീപിലെ ദരിദ്ര കുടുംബത്തില്‍ നിന്ന് വെല്ലുവിളികളോട് നിരന്തരം പടവെട്ടിയാണ് ലോക ഫുട്ബാളിലെ എക്കാലത്തെയും വിസ്മയ താരമായത്. 2003 ഓഗസ്റ്റ് 20 ന് കസാഖിസ്ഥാനെതിരെയായിരുന്നു പോര്‍ച്ചുഗല്‍ കുപ്പായത്തിലെ അരങ്ങേറ്റം.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വെയില്‍സിന് എതിരെയാണ് അവസാനമായി കളിച്ചത്. പിന്നാലെ പരിശീലകന്‍ ഹോര്‍ഹെ ജീസസുമായി കലഹിച്ച് ദേശീയ ടീം ക്യാമ്പ് വിട്ട ക്രിസ്റ്റ്യാനോ ആ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് കരുതിയിരിക്കേയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.