'ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചില്ല'; ഐസന്‍കോട്ടിനുള്ള അറബ് പാര്‍ട്ടികളുടെ പിന്തുണ തള്ളി സഖ്യകക്ഷികള്‍; ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍

'ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചില്ല'; ഐസന്‍കോട്ടിനുള്ള  അറബ് പാര്‍ട്ടികളുടെ പിന്തുണ തള്ളി സഖ്യകക്ഷികള്‍; ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണം  അനിശ്ചിതത്വത്തില്‍

ടെല്‍ അവീവ്: ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത ഇസ്രയേലിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കടുത്ത രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. പ്രതിപക്ഷ നേതാവും മുന്‍ സൈനിക മേധാവിയുമായ ഗാദി ഐസന്‍കോട്ടിനാണ് ഭൂരിപക്ഷം എംപിമാരുടെയും പിന്തുണയെങ്കിലും സഖ്യകക്ഷികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുകയാണ്.

തിരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടി നിര്‍ണായക ശക്തിയായി മാറിയ രണ്ട് പ്രധാന അറബ് പാര്‍ട്ടികള്‍ ഐസന്‍കോട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ സഖ്യത്തിലെ വലതുപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പാണ് പ്രധാന തടസം.

അതിനിടെ ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപികരണത്തിന് ആരെയാണ് വിളിക്കുകയെന്ന് ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വ്യക്തമാക്കി. പാര്‍ലമെന്ററി പാര്‍ട്ടികളുമായി നടത്തിയ രണ്ട് ദിവസത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് പ്രസിഡന്റിന്റെ ഈ നീക്കം.

പ്രസിഡന്റ് ഹെര്‍സോഗ് നടത്തിയ കൂടിയാലോചനകളില്‍ 120 അംഗ പാര്‍ലമെന്റിലെ 67 എംപി.മാര്‍ ഐസന്‍കോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തപ്പോള്‍, നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് 46 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഏഴ് അംഗങ്ങള്‍ ആര്‍ക്കും പിന്തുണ നല്‍കാതെ വിട്ടു നിന്നു.

പരമ്പരാഗതമായി കൂടുതല്‍ എംപിമാരുടെ പിന്തുണയുള്ള വ്യക്തിക്കാണ് സര്‍ക്കാര്‍ രൂപവത്കരണ ചുമതല നല്‍കാറുള്ളതെങ്കിലും ഇത്തവണ സ്ഥിതി സങ്കീര്‍ണമാണ്. മുന്നണികള്‍ക്കുള്ളിലും മുന്നണികള്‍ തമ്മിലുമുള്ള പ്രശ്‌നങ്ങള്‍ കാരണം ആര്‍ക്കാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുക എന്ന് വ്യക്തമല്ല.

നിയമപ്രകാരം സര്‍ക്കാരുണ്ടാക്കാന്‍ കെല്‍പ്പുള്ളവരെ കണ്ടെത്താനാണ് തനിക്ക് അധികാരമെന്നും ഹെര്‍സോഗ് വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചകളിലൂടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

19 സീറ്റുകള്‍ നേടിയ രണ്ട് അറബ് പാര്‍ട്ടികള്‍ ഐസന്‍കോട്ടിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഐസന്‍കോട്ടിന്റെ ക്യാമ്പിലുള്ള വലതുപക്ഷ പാര്‍ട്ടിയായ 'ഇസ്രയേല്‍ ബെയ്‌തേനു' അറബ് പാര്‍ട്ടികളുടെ പിന്തുണയോടെയുള്ള സര്‍ക്കാറില്‍ പങ്കാളികളാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അറബ് പാര്‍ട്ടികള്‍ ഹമാസിനെ പരസ്യമായി 'ഭീകര സംഘടന' എന്ന് വിശേഷിപ്പിക്കാന്‍ തയ്യാറാകാത്തതാണ് ഇതിന് കാരണമായി പാര്‍ട്ടി നേതാവ് അവിഗ്‌ദോര്‍ ലീബര്‍മാന്‍ ചൂണ്ടിക്കാണിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തെ അറബ് പാര്‍ട്ടികള്‍ അപലപിച്ചിട്ടുണ്ടെങ്കിലും ലീബര്‍മാന്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

അതേസമയം രാജ്യത്തെ ജനങ്ങള്‍ മാറ്റത്തിനുവേണ്ടിയാണ് വോട്ട് ചെയ്തതെന്നും പ്രധാനമന്ത്രി നെതന്യാഹുവിനും അദ്ദേഹത്തിന്റെ സര്‍ക്കാറിനുമുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും ഐസന്‍കോട്ടിന്റെ 'യാഷര്‍ പാര്‍ട്ടി' പ്രസ്താവിച്ചു. മുഴുവന്‍ ഇസ്രയേലി പൗരന്മാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ദേശീയ സര്‍ക്കാര്‍ ഉടന്‍ നിലവില്‍വരണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

120 അംഗ പാര്‍ലമെന്റില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഒരാളെ ചുമതലപ്പെടുത്തിയാല്‍ അദ്ദേഹത്തിന് 28 ദിവസത്തെ സമയമാണ് ലഭിക്കുക. ആവശ്യമെങ്കില്‍ 14 ദിവസം കൂടി നീട്ടി നല്‍കാം. ഈ സമയത്തിനുള്ളില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രസിഡന്റ് മറ്റൊരാളെ ചുമതലപ്പെടുത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.