ട്രംപ് ഭരണത്തിന് ജനങ്ങളുടെ മറുപടി: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് തരംഗം; നിര്‍ണായക സീറ്റുകള്‍ പിടിച്ചെടുത്ത് പ്രതിപക്ഷം

ട്രംപ് ഭരണത്തിന് ജനങ്ങളുടെ മറുപടി: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് തരംഗം; നിര്‍ണായക സീറ്റുകള്‍ പിടിച്ചെടുത്ത് പ്രതിപക്ഷം

വാഷിങ്ടണ്‍: ലോകമൊട്ടാകെ ആകാംഷയോടെ ഉറ്റുനോക്കുന്ന 2026 ലെ അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്ന് തുടങ്ങിയപ്പോള്‍ ഡെമോക്രാറ്റുകള്‍ക്ക് വന്‍ മുന്നേറ്റം. ബുധനാഴ്ച ഉച്ചയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി മുഴുവന്‍ ഫലങ്ങളും വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാമൂഴത്തിലെ ഭരണത്തിനും നയങ്ങള്‍ക്കുമുള്ള ഹിതപരിശോധനയായാണ് ഈ തിരഞ്ഞെടുപ്പ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിലെ മുഴുവന്‍ സീറ്റുകളിലേക്കും സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കും നടന്ന പോരാട്ടത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിലവിലുള്ള നേരിയ ഭൂരിപക്ഷം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിവിധ പ്രവചനങ്ങളും സൂചിപ്പിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയരായ നിരവധി ഇന്ത്യന്‍ വംശജരായ നേതാക്കളാണ് ജനവിധി തേടുന്നത്. ഒഹായോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രമുഖ റിപ്പബ്ലിക്കന്‍ നേതാവും വ്യവസായിയുമായ വിവേക് രാമസ്വാമി, ലൊസാഞ്ചലസ് മേയര്‍ സ്ഥാനത്തേക്ക് ജനവിധി തേടുന്ന ഡെമോക്രാറ്റിക് നേതാവ് നിത്യ രാമന്‍ എന്നിവരുടെ പോരാട്ടങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ ലോകം കാണുന്നത്.

ഇതോടൊപ്പം യു.എസ് ജനപ്രതിനിധി സഭയിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമുഖ ഇന്ത്യന്‍ വംശജരായ നേതാക്കളായ റോ ഖന്ന, പ്രമീള ജയപാല്‍, അമി ബേര, സുഹാസ് സുബ്രഹ്മണ്യം തുടങ്ങിയവരും മികച്ച പ്രതീക്ഷയോടെ മത്സരരംഗത്തുണ്ട്. തുടക്കത്തില്‍ പുറത്തുവന്ന പ്രധാന ഫലങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഡെമോക്രാറ്റുകളെ അകറ്റി നിര്‍ത്തിയിരുന്ന നോര്‍ത്ത് കരോലിനയില്‍ മുന്‍ ഗവര്‍ണര്‍ റോയ് കൂപ്പര്‍ വന്‍ വിജയം നേടി സെനറ്റ് സീറ്റ് പിടിച്ചെടുത്തു. വിരമിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ തോം ടില്ലിസിന്റെ ഈ സീറ്റില്‍ ട്രംപ് നേരിട്ട് പിന്തുണച്ച മൈക്കിള്‍ വാറ്റ്ലിയെയാണ് കൂപ്പര്‍ പരാജയപ്പെടുത്തിയത്.

സമാനമായി ന്യൂ ഹാംഷെയറിലെ സെനറ്റ് സീറ്റില്‍ ക്രിസ് പാപ്പാസും ജോര്‍ജിയയില്‍ വന്‍ ഭൂരിപക്ഷത്തോടെ സെനറ്റര്‍ ജോണ്‍ ഓസോഫും വിജയം നിലനിര്‍ത്തി. ഇറാനുമായുള്ള യുദ്ധവും അതിനെത്തുടര്‍ന്നുണ്ടായ പെട്രോള്‍, ഇന്ധന വിലവര്‍ധനവും അമേരിക്കയില്‍ പണപ്പെരുപ്പം രൂക്ഷമാക്കിയത് ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ട്രംപിന്റെ ജനപ്രീതി 32 ശതമാനത്തിലേക്ക് താഴ്ന്ന പശ്ചാത്തലത്തില്‍, എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും 5000 ഡോളര്‍ നല്‍കുമെന്ന അദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം സാമ്പത്തിക തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായ പ്രചാരണം നടത്തിയിരുന്നു. ഈ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും ശതകോടീശ്വരന്മാരുടെയും ഫണ്ടിങ് വന്‍തോതില്‍ പ്രകടമായിരുന്നു.

ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് മാത്രം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായി 366 ദശലക്ഷം ഡോളര്‍ ചെലവഴിച്ചപ്പോള്‍ ക്രിപ്റ്റോകറന്‍സി, ബെറ്റിംഗ് കമ്പനികള്‍ എന്നിവ ഉള്‍പ്പെടുന്ന കോര്‍പ്പറേറ്റ് മേഖല 737 ദശലക്ഷം ഡോളറാണ് തിരഞ്ഞെടുപ്പിലേക്ക് ഒഴുക്കിയത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഹൗസിലും സെനറ്റിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം പിടിച്ചെടുക്കുമോ അതോ റിപ്പബ്ലിക്കന്‍മാര്‍ അധികാരം നിലനിര്‍ത്തുമോ എന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം വ്യക്തമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.