ന്യൂഡല്‍ഹി: സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളുടെ നിയമപരമായ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതിനായി ഐടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഐടി ആക്ടിലെ 79-ാം വകുപ്പില്‍ മാറ്റം വരുത്താനാണ് നീക്കം. ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരില്‍ നിലവില്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന നിയമ പരിരക്ഷയില്‍ മാറ്റം വരുത്താനാണ് പരിഗണന.
എക്സ്, യൂട്യൂബ്, മെറ്റ തുടങ്ങിയ പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് വിവരം. പ്ലാറ്റ്ഫോമുകള്‍ വെറും ഉള്ളടക്കം കൈമാറുന്ന സംവിധാനങ്ങള്‍ മാത്രമല്ലെന്നും അല്‍ഗോരിതങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിലും പങ്കു വഹിക്കുന്നുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
നിയമപരിരക്ഷ പിന്‍വലിച്ചാല്‍ വിവാദപരമോ നിയമ വിരുദ്ധമോ ആയ ഉള്ളടക്കങ്ങളുടെ പേരില്‍ കമ്പനികള്‍ക്കെതിരെ നേരിട്ട് നിയമനടപടി സ്വീകരിക്കാന്‍ സാധിക്കും.
ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയുന്ന ഉള്ളടക്കം സജീവമായി നിയന്ത്രിക്കുന്ന സമൂഹ മാധ്യമ കമ്പനികള്‍ക്ക് പകരം, വിവരങ്ങള്‍ കൈമാറുക മാത്രം ചെയ്യുന്ന ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, ടെലികോം സേവന ദാതാക്കള്‍, പിയര്‍-ടു-പിയര്‍ മെസേജിങ് പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്ക് മാത്രമായി നിയമ പരിരക്ഷ പരിമിതപ്പെടുത്താമോ എന്നും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും നാളുകളായി കേന്ദ്ര സര്‍ക്കാരും സമൂഹ മാധ്യമ കമ്പനികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ധിച്ചു വരികയാണ്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫെയ്സ് ബുക്കില്‍ പങ്കുവെച്ച വീഡിയോ ഇന്ത്യയില്‍ താല്‍ക്കാലികമായി തടഞ്ഞു വെച്ച സംഭവത്തെ തുടര്‍ന്ന് ജൂലൈയില്‍ ഐടി മന്ത്രാലയം മെറ്റയുടെ ആഗോള നയ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.