മെൽബൺ: വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ സൗജന്യ ഗർഭച്ഛിദ്ര വാഗ്ദാനത്തെ പിന്തുണച്ച ലിബറൽ പാർട്ടി നേതൃത്വത്തിനെതിരെ പ്രോ-ലൈഫ് പ്രവർത്തകർക്കിടയിലും യാഥാസ്ഥിതിക വോട്ടർമാർക്കിടയിലും കടുത്ത അമർഷം. നികുതിപ്പണം ഉപയോഗിച്ച് ഗർഭച്ഛിദ്രം പൂർണമായും സൗജന്യമാക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് ലിബറൽ നേതാവ് ജെസ് വിൽസൺ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ഒപ്പുശേഖരണ പ്രചാരണം ആരംഭിച്ചു.
16 ആഴ്ച വരെയുള്ള ഗർഭച്ഛിദ്ര പ്രക്രിയകൾ, മരുന്നുകൾ, സ്കാനിങ്, യാത്രാച്ചെലവുകൾ എന്നിവ ഉൾപ്പെടുത്തി ഏകദേശം 30 ദശലക്ഷം ഡോളറിന്റെ സൗജന്യ പദ്ധതിയാണ് ഒക്ടോബർ 15-ന് ലേബർ സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, മണിക്കൂറുകൾക്കകം ലിബറൽ നേതാവ് ജെസ് വിൽസണും ഈ തീരുമാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും തങ്ങൾ അധികാരത്തിൽ വന്നാലും നിലവിലെ നിയമങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പാർട്ടിയിൽ ആഭ്യന്തര ചർച്ചകൾ പോലും നടത്താതെയാണ് നേതൃത്വം ഈ നിലപാട് സ്വീകരിച്ചതെന്ന് പ്രോ-ലൈഫ് പ്രവർത്തകർ ആരോപിക്കുന്നു.
ജനങ്ങളുടെ നികുതിപ്പണം ഇതിനായി ചെലവഴിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്തതാണെന്നും അതേസമയം കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങളൊന്നും ഇരു പാർട്ടികളും പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ കോമെൻസോളി ഉൾപ്പെടെയുള്ളവരും ഈ വിഷയത്തിൽ മുൻപ് സമാനമായ ആശങ്ക ഉന്നയിച്ചിരുന്നു. നവംബർ 28-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 13-ന് ജെസ് വിൽസന്റെ ഓഫീസിലേക്ക് ഒപ്പുകൾ അടങ്ങിയ ഭീമഹർജി സമർപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.