മനുഷ്യ ഡോക്ടര്‍മാരെ പിന്നിലാക്കി എഐ 'ഡോക്ടേഴ്‌സ്'; വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ നേട്ടം

മനുഷ്യ ഡോക്ടര്‍മാരെ പിന്നിലാക്കി എഐ 'ഡോക്ടേഴ്‌സ്'; വൈദ്യശാസ്ത്ര രംഗത്ത്  വിപ്ലവകരമായ നേട്ടം

ബോസ്റ്റണ്‍: സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങളും രോഗങ്ങളും കണ്ടുപിടിക്കുന്നതില്‍ ഡോക്ടര്‍മാരെക്കാള്‍ കൃത്യത പുലര്‍ത്തി മൈക്രോസോഫ്റ്റിന്റെ എഐ ടൂള്‍. ഡോക്ടര്‍മാര്‍ 36 ശതമാനം കൃത്യത നേടിയപ്പോള്‍ എഐ നേടിയത് 83 ശതമാനം. സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഈ നിര്‍ണ്ണായക വിവരമുള്ളത്.

ഒരു ഡോക്ടര്‍മാരുടെ സംഘം പ്രവര്‍ത്തിക്കുന്നത് പോലെ തന്നെയാണ് MAI-DxO എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രോഗ ലക്ഷണങ്ങളെക്കുറിച്ച് ചോദിച്ചറിയാനും ആവശ്യമായ പരിശോധനകള്‍ നിര്‍ദേശിക്കാനും, ഫലങ്ങള്‍ വിശകലനം ചെയ്ത് കൃത്യമായ നിഗമനത്തിലെത്താനും ഇതിന് സാധിക്കും.

സാധാരണ മെഡിക്കല്‍ കേസുകള്‍ക്ക് പുറമെ, അത്യാഹിത വിഭാഗങ്ങളില്‍ നിന്നുള്ള സങ്കീര്‍ണമായ പരീക്ഷണ കേസുകളിലും ഡോക്ടര്‍മാരെക്കാള്‍ മികച്ച പ്രകടനം എഐ കാഴ്ചവെച്ചു.

ആളുകളില്‍ നേരിട്ട് പരീക്ഷിക്കുന്നതിന് പകരം നിലവിലുള്ളതും സങ്കീര്‍ണവുമായ മെഡിക്കല്‍ കേസ് സ്റ്റഡീസ് അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയത്. രോഗലക്ഷണങ്ങള്‍ വ്യക്തമല്ലാത്തതും ഏത് അസുഖമാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തതുമായ ഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് താങ്ങായി മാറാന്‍ ഈ സാങ്കേതിക വിദ്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.

ഭാവിയില്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ രോഗികളെ വേഗത്തില്‍ തരം തിരിക്കുന്നതിനും ഈ ടൂള്‍ ഉപയോഗിക്കാനാകുമോ എന്നതിന്റെ പരീക്ഷണങ്ങള്‍ ബോസ്റ്റണിലെ ബെത് ഇസ്രയേല്‍ ഡീകോനെസ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് പുരോഗമിക്കുകയാണ്.

വൈദ്യശാസ്ത്ര രംഗത്ത് എഐയുടെ ഇടപെടലുകള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന്റെ തെളിവാണ് ഈ പുതിയ പഠന റിപ്പോര്‍ട്ട്. എന്നാല്‍ ആശുപത്രികളില്‍ നേരിട്ട് ഉപയോഗിക്കുന്നതിന് മുമ്പ് സുരക്ഷാ മുന്‍കരുതലുകള്‍ പരിശോധിക്കേണ്ടതുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.