ന്യൂഡല്‍ഹി: ഭാവിയില്‍ കൂടുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ വികസിപ്പിച്ചെടുക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും തമ്മില്‍ കടുത്ത മത്സരം. ചാന്ദ്ര താവളങ്ങള്‍ നിര്‍മിക്കുന്നതിനും വിഭവങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും മറ്റും അണുശക്തി നിര്‍ണായകമാകുമെന്ന അനുമാനത്തിലാണ് മൂന്ന് വന്‍ ശക്തികളും.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം മനുഷ്യരുടെ അറ്റകുറ്റപ്പണികളില്ലാതെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ആണവ റിയാക്ടര്‍ തയ്യാറാക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ഇതിനകം തന്നെ കരാറുകാരോട് ആവശ്യപ്പെട്ടതായി 'ദി ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. 2030 ഡിസംബറോടെ ഈ റിയാക്ടര്‍ വിക്ഷേപണത്തിന് സജ്ജമാക്കുകയാണ് നാസയുടെ ലക്ഷ്യം.
നാസ നിര്‍ദേശിച്ചിരിക്കുന്ന 'ലൂണാര്‍ റിയാക്ടര്‍-1' 20 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നും അറ്റകുറ്റപ്പണികളില്ലാതെ അഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, ചൈനയുമായുള്ള രഹസ്യ സഹകരണത്തിന്റെ ഭാഗമായി 2036 ഓടെ 'സെലെന' എന്ന് പേരിട്ടിരിക്കുന്ന റിയാക്ടര്‍ വികസിപ്പിക്കാനാണ് റഷ്യ പദ്ധതിയിടുന്നത്.
ചൈനയുടെ നേതൃത്വത്തിലുള്ള ചന്ദ്ര നിലയങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി നല്‍കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 10 കിലോവാട്ട് വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും പത്ത് വര്‍ഷത്തോളം പ്രവര്‍ത്തിക്കാനും തക്കവണ്ണമാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ചന്ദ്രനില്‍ സ്ഥിരമായ ഒരു താവളം പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതോര്‍ജ സ്രോതസ് അത്യന്താപേക്ഷിതമാണ്. പകല്‍ സമയത്ത് സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാമെങ്കിലും സൗരോര്‍ജത്തെ മാത്രം ആശ്രയിക്കുക പ്രയാസകരമാണ്. സൂര്യ പ്രകാശമില്ലാതെയും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ആണവ റിയാക്ടറുകള്‍ക്ക്, പരിമിത മനുഷ്യ ഇടപെടലുകളോടെ ദീര്‍ഘകാലത്തേക്ക് വൈദ്യുതി നല്കാന് കഴിയും.
പ്രാരംഭ ഘട്ടത്തില്‍, ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ലൂണാര്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനും സൗരോര്‍ജവും റേഡിയോ ഐസോടോപ്പ് സംവിധാനങ്ങളുമാണ് അമേരിക്കയും ചൈനയും ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, കൂടുതല്‍ വലിയ താവളങ്ങള്‍ നിര്‍മിക്കുമ്പോള്‍ അതിന് വലിയ അളവില്‍ വൈദ്യുതി ആവശ്യമായി വരും.
അതേസമയം ആണവ റിയാക്ടറുകള്‍ നിര്‍മിക്കാന്‍ ധൃതി കൂട്ടുന്നത് ഗുരുതരമായ അപകട സാധ്യതകള്‍ സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവയുമായുള്ള റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടാല്‍ ആണവ റിയാക്ടറുകളില്‍ അപകടമുണ്ടാകുകയും റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ പുറത്തേക്ക് വ്യാപിക്കുകയും ചെയ്തേക്കാം.
എന്നാല്‍ യാത്രാ വേളയിലെ അപകട സാധ്യത കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കാത്ത അവസ്ഥയില്‍ റിയാക്ടറുകള്‍ ചന്ദ്രനിലേക്ക് അയക്കാനാണ് നാസയും റഷ്യയും പദ്ധതിയിടുന്നത്. സുരക്ഷാ പരിശോധനകള്‍ നടത്തിയാലും അപകടങ്ങള്‍ പൂര്‍ണമായി തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല, ചന്ദ്രനില്‍ റിയാക്ടര്‍ സ്ഥാപിക്കുന്നതും അതിന്റെ പരിപാലനവും വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയിലെ റിയാക്ടറുകളില്‍ ഉള്ളതുപോലെ സംരക്ഷണ കവചങ്ങള്‍ ചന്ദ്രനില്‍ നിര്‍മിക്കുക പ്രയാസകരമാണ്. അതിനാല്‍ ബഹിരാകാശ യാത്രികര്‍ക്കും ഉപകരണങ്ങള്‍ക്കും റേഡിയേഷന് ഭീഷണി കുറയ്ക്കുന്നതിനായി റിയാക്ടറുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പ്രവേശനം വിലക്കേണ്ടി വരുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.