'സര്‍വകലാശാലകളെ വെറുപ്പിന്റെ പരീക്ഷണ ശാലകളാക്കാന്‍ അനുവദിക്കില്ല'; മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ച ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി

 'സര്‍വകലാശാലകളെ വെറുപ്പിന്റെ പരീക്ഷണ ശാലകളാക്കാന്‍ അനുവദിക്കില്ല'; മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ച ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ക്യാമ്പസില്‍ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു). ചൊവ്വാഴ്ച സര്‍വകലാശാല പുറത്തുവിട്ട കുറിപ്പിലാണ് നടപടി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സര്‍വകലാശാലകളെ വെറുപ്പിന്റെ പരീക്ഷണശാലകളാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

തിങ്കളാഴ്ച വൈകുന്നേരം ക്യാമ്പസില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് മുദ്രാവാക്യങ്ങള്‍ വിളിച്ചത്. 2020 ലെ ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ പ്രതികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്. ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാക്കളായിരുന്ന ഉമറും ഷര്‍ദീലും അഞ്ച് വര്‍ഷത്തിലേറെയായി ജയിലിലാണ്.

പ്രകടനത്തിനിടെ ഭരണഘടനാ സ്ഥാപനങ്ങളെയും സുപ്രീം കോടതിയേയും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അവഹേളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചതായി കാണിച്ച് സര്‍വകലാശാല ഡല്‍ഹി പൊലീസിന് പരാതി നല്‍കിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അക്രമമോ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍വകലാശാല അധികൃതര്‍. വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍വകലാശാല അറിയിച്ചെങ്കിലും എഫ്ഐആര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

മുദ്രാവാക്യം വിളിച്ചവരില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് അതിഥി മിശ്ര ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞതായി സര്‍വകലാശാല അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍, സ്ഥിരമായ വിലക്ക് എന്നിവയുള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.