ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ. സുഖ്ബിര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരടങ്ങിയ ഫുള്‍ കമ്മീഷന്‍ യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വോട്ടര്‍ രജിസ്ട്രേഷന്‍ ഫോം-6, സാങ്കേതിക സംവിധാനമായ ഇ.സി.ഐ.എ നെറ്റ് (ECINET)എന്നിവയുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ വിപുലമായ തീരുമാനങ്ങളാണ് യോഗത്തില്‍ കൈക്കൊണ്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായി വോട്ടര്‍ പട്ടിക ഡാറ്റാബേസിന്റെ സുരക്ഷയും ഇ.സി.ഐ.എ നെറ്റ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനവും പരിശോധിച്ച് ഉറപ്പ് വരുത്താന്‍ സീനിയര്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി. ഐ.ഐ.ടി, ഐ.ഐ.ഐ.ടി കേന്ദ്രങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന ഈ പാനല്‍ വിലയിരുത്തിയ ശേഷം മാത്രമേ ഇനി മുതല്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികള്‍ കമ്മീഷന്റെ അംഗീകാരത്തിന് സമര്‍പ്പിക്കുകയുള്ളൂ.
കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചത് നയപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണെന്നും കമ്മീഷന്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കൂടാതെ പുതിയ വോട്ടര്‍മാര്‍ ഫോം-6 വഴി അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ പേര് വിവരങ്ങള്‍ വഴി മുന്‍ എസ്.ഐ.ആര്‍ ബന്ധം തെളിയിക്കണമെന്ന നിബന്ധന സുപ്രീം കോടതി ശരിവെച്ചതാണെന്നും കമ്മീഷന്‍ അറിയിച്ചു. മറ്റ് സാഹചര്യങ്ങളില്‍ 1960 ലെ വോട്ടര്‍ രജിസ്ട്രേഷന്‍ ചട്ടപ്രകാരമുള്ള ഫോമുകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നതായിരിക്കും.
അതോടൊപ്പം ഫീല്‍ഡ് ഓഫീസര്‍മാരുടെ നിയമപരമായ അധികാരങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതിനിടെ ഗോവയില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വിട്ടുപോയ 97 അര്‍ഹരായ വോട്ടര്‍മാരുടെ വീടുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടെത്തി ഫോം നല്‍കിയെന്നും അതില്‍ 81 പേര്‍ ഇതിനകം ഫോം-6 സമര്‍പ്പിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.