മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി താനെയിലെ വയോജന പരിപാലന കേന്ദ്രത്തില്‍; അടിയന്തര സഹായം നല്‍കണമെന്ന് ആരാധകര്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി താനെയിലെ വയോജന പരിപാലന കേന്ദ്രത്തില്‍; അടിയന്തര സഹായം നല്‍കണമെന്ന് ആരാധകര്‍

താനെ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് താനെയിലെ നിദാന്‍ സെന്റര്‍ ഫോര്‍ എല്‍ഡര്‍ലി കെയര്‍ എന്ന വയോജന പരിപാലന കേന്ദ്രത്തില്‍ ചികിത്സയില്‍. കേന്ദ്രത്തില്‍ നിന്നുള്ള കാംബ്ലിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ക്രിക്കറ്റ് ആരാധകര്‍ ആശങ്കയിലാണ്. വീഡിയോയില്‍ അദേഹത്തിന് സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതും കൈകള്‍ വിറയ്ക്കുന്നതും കാണാം.


നിലവില്‍ കേന്ദ്രത്തില്‍ താന്‍ സുരക്ഷിതനാണെന്നും മികച്ച സൗകര്യങ്ങളാണ് ലഭിക്കുന്നതെന്നും കാംബ്ലി വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ശ്രദ്ധേയ ബാറ്റിങ് പ്രതിഭയായിരുന്ന താരത്തിന്റെ അവസ്ഥ കായിക ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം വന്‍ സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യ പ്രശ്‌നങ്ങളുമാണ് കാംബ്ലിയെ അലട്ടിയത്. 2013 ല്‍ ഹൃദയാഘാതം നേരിട്ട അദേഹത്തിന് പിന്നീട് തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതടക്കമുള്ള രോഗബാധകളുണ്ടായി. അടുത്തിടെ നടക്കാന്‍ കഴിയാതെ വീഴാന്‍ പോയ കാംബ്ലിയെ വഴി യാത്രക്കാര്‍ സഹായിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.





തൊണ്ണൂറുകളില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം ഇന്ത്യന്‍ ബാറ്റിങിന്റെ മുന്‍നിരയിലുണ്ടായിരുന്ന കാംബ്ലി, തുടര്‍ച്ചയായ ടെസ്റ്റുകളില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിന് ഉടമയാണ്. ഇന്ത്യക്കായി 104 ഏകദിനങ്ങളിലും 17 ടെസ്റ്റുകളിലും അദേഹം കളിച്ചിട്ടുണ്ട്.

കാംബ്ലിക്ക് ആവശ്യമായ അടിയന്തര വൈദ്യ സഹായവും സാമ്പത്തിക പിന്തുണയും നല്‍കാന്‍ ബി.സി.സി.ഐയും പ്രമുഖ ക്രിക്കറ്റ് താരങ്ങളും മുന്നോട്ടുവരണമെന്നാണ് ആരാധകരുടെയും കായിക പ്രേമികളുടെയും ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.