കൊച്ചി: പരിസ്ഥിതിലോല പ്രദേശങ്ങളുമായി (ഇഎസ്എ) ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന ആശങ്കകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വനംമന്ത്രി ഷിബു ബേബി ജോണ്‍. ജനവാസമേഖലകളെ ഇഎസ്എയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നതാണ് സര്‍ക്കാരിന്റെ ഉറച്ച നിലപാട്. ജനങ്ങള്‍ക്ക് പ്രതികൂലമായി എന്തെങ്കിലും സംഭവിച്ചാല്‍ അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
നിലവിലെ പ്രതിഷേധങ്ങള്‍ക്കും ഭീതിക്കും പിന്നില്‍ എന്താണെന്ന് ആരും വ്യക്തമാക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുന്‍ സര്‍ക്കാര്‍ ആറ് നോട്ടിഫിക്കേഷനുകള്‍ ഇറക്കിയപ്പോഴും ഉണ്ടാകാത്ത തരത്തിലുള്ള ബഹളങ്ങളാണ് പുതിയ സര്‍ക്കാര്‍ ഏഴാമത്തെ നോട്ടിഫിക്കേഷന്‍ ഇറക്കിയപ്പോള്‍ ഉണ്ടാകുന്നത്. മുന്‍ നോട്ടിഫിക്കേഷനില്‍ നിന്നും ഒരു വരി പോലും മാറ്റമില്ലാതെയാണ് പുതിയ സര്‍ക്കാരും നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്നും അദേഹം വ്യക്തമാക്കി.
ചിന്നക്കനാലിലെ വന്യമൃഗശല്യത്തെക്കുറിച്ച് സംസാരിക്കവെ, അവിടെ മനുഷ്യരും മൃഗങ്ങളും ഒന്നിച്ചാണ് ജീവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആനയിറങ്ങല്‍ എന്ന പ്രദേശത്തിന്റെ പേര് തന്നെ മുന്‍പേയുള്ള വന്യമൃഗ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ കാലക്രമേണ അവിടെ കോളനിയും റിസോര്‍ട്ടുകളും വരികയാണ് ഉണ്ടായത്. വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്നതിനായി റിസോര്‍ട്ടുകളില്‍ ഉപ്പ് വെയ്ക്കുന്ന രീതിപോലുമുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
കൂടാതെ സംസ്ഥാനത്തെ തോട്ടം മേഖല നേരിടുന്ന തൊഴിലാളി ക്ഷാമത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. ബംഗാള്‍, അസം, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വികസനമുണ്ടായാല്‍ അവിടെയുള്ളവര്‍ ജോലി തേടി കേരളത്തിലേക്ക് വരുന്നത് നിലയ്ക്കുകയും, കേരളത്തിലെ തോട്ടം മേഖലയില്‍ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയുണ്ടാവുകയും ചെയ്യും. മാത്രമല്ല ഒറീസയില്‍ നിന്ന് ഇപ്പോള്‍ തൊഴിലാളികള്‍ എത്തുന്നില്ല. തോട്ടം തൊഴിലാളികളുടെയും കുടുംബങ്ങളുടെയും മോശം ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തോട്ടം ഉടമകള്‍ തയ്യാറാകണം. രണ്ട് മുറി മാത്രമുള്ള ലയങ്ങളില്‍ മനുഷ്യര്‍ക്ക് എങ്ങനെ കഴിഞ്ഞുകൂടാന്‍ സാധിക്കുമെന്നും അദേഹം ചോദിച്ചു.
പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രഖ്യാപനവും മന്ത്രി നടത്തി. ഇനിമേല്‍ പണം നല്‍കി മാത്രമായിരിക്കും ഭൂമി ഏറ്റെടുക്കുക. മുന്‍പ് ചട്ടം 3 പ്രകാരമാണ് ഏറ്റെടുക്കലുകള്‍ നടത്തിയിരുന്നതെങ്കില്‍, ഇനി മുതല്‍ ചട്ടം 4 പ്രകാരം മാത്രമേ നടപടികള്‍ സ്വീകരിക്കൂ. കൂടാതെ വന്‍കിട തോട്ടങ്ങളില്‍ ഒന്നിലേറെ കൃഷികള്‍ നടത്തുന്നതിനുള്ള അനുവാദം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.