നാല് വര്‍ഷത്തിനിടെ രാജ്യത്ത് പാര്‍ട്ടി മാറിയത് 111 സാമാജികര്‍; ഏറ്റവും കൂടുതല്‍ നാഗാലാന്‍ഡില്‍, കേരളത്തില്‍ നിന്ന് ആരുമില്ല

നാല് വര്‍ഷത്തിനിടെ രാജ്യത്ത് പാര്‍ട്ടി മാറിയത് 111 സാമാജികര്‍; ഏറ്റവും കൂടുതല്‍ നാഗാലാന്‍ഡില്‍, കേരളത്തില്‍ നിന്ന് ആരുമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ സജീവമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 2022 മുതല്‍ ഈ വര്‍ഷം ജൂലൈ 12 വരെയുള്ള നാല് വര്‍ഷത്തെ കാലയളവില്‍ ആകെ 111 സാമാജികരാണ് വിവിധ പാര്‍ട്ടികളിലേക്ക് ചേക്കേറിയത്. അസോസിയേഷന്‍ ഫോര്‍ ഡെമക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ പഠനത്തിലാണ് ഈ കണക്കുകളുള്ളത്. പാര്‍ട്ടിവിട്ട് പുതിയ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നവര്‍, പാര്‍ട്ടികളുടെ ലയനം വഴി മാറിയവര്‍, രാജിവെച്ച് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചെത്തിയവര്‍, കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട ശേഷം വീണ്ടും ജയിച്ചവര്‍ എന്നിവരെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 26 ലോക്സഭാംഗങ്ങളും ഏഴ് രാജ്യസഭാംഗങ്ങളും 78 സംസ്ഥാന എം.എല്‍.എമാരുമാണ് ഉള്ളത്. എന്നാല്‍ ഈ കാലയളവില്‍ കേരളത്തില്‍ നിന്ന് ഒരു സാമാജികന്‍ പോലും പാര്‍ട്ടി മാറിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

കൂറുമാറ്റത്തിലും പാര്‍ട്ടി ലയനത്തിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് നാഗാലാന്‍ഡിലെ നാഷണലിസ്റ്റ് ഡെമക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി അംഗങ്ങളാണ്. എന്‍.ഡി.പി.പിയുടെ 25 എം.എല്‍.എമാര്‍ എന്‍.പി.എഫ് പാര്‍ട്ടിയിലേക്ക് ചേക്കേറിയതോടെ പ്രാദേശിക രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ ദൃശ്യമായി. ഇതിനുപുറമേ എന്‍.സി.പിയുടെ ഏഴ് ജനപ്രതിനിധികള്‍ കൂടി എത്തിയതോടെ എന്‍.പി.എഫ് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പുതുതായി എത്തിയ പാര്‍ട്ടിയായി മാറി.

അതേസമയം കോണ്‍ഗ്രസ് വിട്ട 19 എം.എല്‍.എമാരില്‍ ഭൂരിഭാഗവും ബി.ജെ.പിയിലേക്കാണ് പോയത്. ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ മേഘാലയയിലെ നാല് പേര്‍ എന്‍.പി.പിയിലേക്ക് പോയി. ബി.ആര്‍.എസിന്റെ ഒന്‍പത് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലും ആം ആദ്മി പാര്‍ട്ടിയുടെ ഏഴ് രാജ്യസഭാംഗങ്ങള്‍ ബി.ജെ.പിയിലും ചേര്‍ന്നതും റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.