ഒരേസമയം ഏറെ ആദരിക്കപ്പെടുകയും ഏറെ വെറുക്കപ്പെടുകയും ചെയ്ത വ്യക്തി. തിരുവിതാംകൂറിൽ എത്തിച്ചേരുന്നതിന് മുമ്പ് തന്റെ കർമ്മവേദികളിൽ തിളക്കമാർന്ന വ്യക്തിവൈഭവം സൃഷ്ടിച്ച മഹാനും , പണ്ഡിതനും ക്രാന്തദർശിയുമായിരുന്നു. സുപ്രസിദ്ധനും കൂപ്രസിദ്ധനുമായ സർ സി.പി രാമസ്വാമിയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. ഒരുപക്ഷേ ഇംഗ്ലീഷിലും മലയാളത്തിലുമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ രചിക്കപ്പെട്ടത് സർ സി.പി യെ ചുറ്റിപ്പറ്റിയുള്ള ചരിത്രങ്ങൾ വിവരിക്കാനായിരിക്കും. ഈ പുസ്തകങ്ങൾ തന്നെ രണ്ടു വിഭാഗമായി തരംതിരിച്ചു കാണാം. ഒന്ന്, സി.പിയെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടും മറ്റൊന്ന് അദ്ദേഹത്തിന്റെ അഭിഭാഷകവൃദ്ധിയുൾപ്പെടെയുള്ള ഉദ്യോഗ മണ്ഡലത്തിലെ വിജയങ്ങളുടെ ആരവങ്ങൾ മുഴക്കുന്നവയുമാണ്.
സർ സി. പി എന്ന പേര് കേൾക്കുമ്പോൾ പല കാര്യങ്ങളും പറയുവാൻ ഉണ്ടെങ്കിലും പൊതുവേ ആദ്യം ഓടിയെത്തുക രണ്ട് കാര്യങ്ങളിലാണ്. ഒന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുന്നപ്ര - വയലാർ കലാപത്തെ കിരാതമായി അടിച്ചമർത്തുകയും ആയിരത്തോളം ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്ത സംഭവവും മറ്റൊന്ന് ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ തിരുവിതാംകൂർ പ്രത്യേക രാജ്യമായി നിലനിൽക്കാൻ അദ്ദേഹം എടുത്ത വിവാദപരമായ തീരുമാനവുമാണ്.
ആരായിരുന്നു സർ സി പി. 1931 മുതൽ 1947 വരെയുള്ള തിരുവിതാംകൂർ രാജ്യത്തെ 16 വർഷത്തെ നീണ്ട ചരിത്രമാണത്. 1931 മുതൽ 1936 വരെയുള്ള അഞ്ചു വർഷങ്ങൾ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ലീഗൽ ആൻഡ് കോൺസ്റ്റിറ്റ്യൂഷൻ അഡ്വൈസർ പദവിയിലും പിന്നീടുള്ള 11 വർഷങ്ങൾ ദിവാൻ പദവിയിലുമായി അന്നത്തെ തിരുവിതാംകൂർ ഭരണം നടത്തുകയായിരുന്നു. പ്രക്ഷോഭങ്ങളുടെയും അടിച്ചമർത്തലുകളുടെയും കാലമായും രേഖപ്പെടുത്താം.
ഇക്കാലമത്രയും തിരുവിതാംകൂറിൽ എന്തൊക്കെ നടന്നിട്ടുണ്ടോ അതിന്റെയെല്ലാം ചുക്കാൻ പിടിച്ചത് രണ്ടുപേർ ചേർന്നാണ് ഒന്ന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ്, മറ്റൊരാൾ ദിവാൻ സർ സി. പി രാമസ്വാമി അയ്യർ. എന്നാൽ ചരിത്രത്തിൽ ഈ രണ്ടുപേരുടെയും പേരുകൾ രേഖപ്പെടുത്തിയത് ഒരേ രീതിയിലല്ല. അന്നത്തെ സമൃദ്ധിക്കും നേട്ടങ്ങൾക്കുമുള്ള ഖ്യാതി ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് കൊണ്ടുപോയപ്പോൾ നിഷ്ഠൂരതകൾക്കും കെടുതികൾക്കുമുള്ള ദുഷ്പേര് സർ സിപി രാമസ്വാമി അയ്യർക്കും ചാർത്തി കൊടുത്തു.
മദ്രാസ് പ്രസിഡൻസിയിലെ ഒരു സാമ്പത്തികമായി ഉയർന്നു നിന്നിരുന്ന ബ്രാഹ്മണ കുടുംബത്തിൽ ജഡ്ജിയായിരുന്ന സി.ആർ. പട്ടാഭിരാമ അയ്യരുടെയും ഭാര്യ രംഗമ്മാളിന്റെയും മകനായി 1879 നവംബർ 13-ന് ജനിച്ച ചേത് പുട് രാമസ്വാമി അയ്യർ തിരുവിതാംകൂർ രാജ്യത്തിന്റെ ദിവാനായി മാറിയ കഥ ആരെയും അതിശയിപ്പിക്കുന്നതാണ്.
ജഡ്ജി കുടുംബത്തിൽ ജനിച്ച സർ സി.പി ക്ക് കുട്ടിക്കാലത്ത് ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല. തന്റെ മകന്റെ വിദ്യാഭ്യാസവും ഏറ്റവും മികച്ച രീതിയിൽ ആകണമെന്ന് അച്ഛൻ പട്ടാഭിരാമിന് നിർബന്ധമുണ്ടായിരുന്നു. കാരണം യൂറോപ്യൻ, ഇന്ത്യ എന്നീ രണ്ട് ജ്യോതിഷികൾ പ്രവചിച്ചത് ആ കുട്ടി ജീവിതത്തിൽ ഒരിക്കലും ഒരു പരീക്ഷയും പാസാകില്ല എന്നാണ്. ഈ ഭയാനകമായ പ്രവചനം, സമൂഹത്തിലെ ഒരു പ്രമുഖ നേതാവും, ഒരു പ്രശസ്ത ജഡ്ജിയുമായിരുന്ന പട്ടാഭിരാമ അയ്യരെ അലട്ടിക്കൊണ്ടിരുന്നു.
തന്റെ മകന് വിജയം നേടാനും പൊതുസേവനത്തിന്റെ കുടുംബ പാരമ്പര്യം തുടരാനും കർശനമായ വളർത്തൽ ആവശ്യമാണെന്ന് അദ്ദേഹം നിഗമനം ചെയ്തു. മകൻ പ്രശസ്തനായ അഭിഭാഷകൻ ആകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം, എന്നാൽ കോളേജ് പ്രൊഫസർ ആകണമെന്നായിരുന്നു മകൻ സി.പിയുടെ ആഗ്രഹം.
പഠിത്തത്തിൽ സി.പിക്ക് അസാമാന്യ കഴിവായിരുന്നു. സ്കൂൾ പഠനം വെസ്ലി കോളേജ് സ്കൂളിലായിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും ഇംഗ്ലീഷിലും സംസ്കൃതത്തിലും ഗണിതത്തിലും ട്രിപ്പിൽ ഫസ്റ്റ് ക്ലാസ് ഗോൾഡ് മെഡലോടെ ഒന്നാം റാങ്കിൽ ബിരുദം നേടി.
അവിടെത്തന്നെ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും അച്ഛന്റെ ആഗ്രഹം സി.പി യെ ഒന്നാന്തരം അഭിഭാഷകൻ ആക്കുക എന്നതായിരുന്നതുകൊണ്ട് ജോലി സ്വീകരിച്ചില്ല. പിന്നീട് മദ്രാസ് ലോ കോളേജ് നിയമം പഠിക്കാൻ പോവുകയായിരുന്നു. ഈ കാലയളവിൽ ജഡ്ജിയായ അച്ഛൻ കോടതിയിൽ നടക്കുന്ന വ്യവഹാരങ്ങളുടെ കോപ്പികൾ മകന് റഫറൻസിനായി വീട്ടിൽ കൊണ്ടുവന്ന് കൊടുക്കുമായിരുന്നു. 1901 ൽ ഡിസ്റ്റിങ്ഷനോടെ അദ്ദേഹം B.L പഠനം പൂർത്തിയാക്കി.
പിന്നീട് പഠനത്തിന് ഒരു ചെറിയ വിരാമമിട്ട് താന്ത്രിക ഉപാസനയിൽ ആകൃഷ്ടനായി അതിൽ പരിശീലനം ആരംഭിച്ചു. 1904 ൽ സ്വന്തമായി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ആദ്യവർഷം ഫീസ് 208 രൂപ ആയിരുന്നെങ്കിൽ പിറ്റേ വർഷം അത് 560 രൂപയായി ഉയർന്നു. ഒരു മികച്ച അഭിഭാഷകനായിരുന്ന അദ്ദേഹം 300-ലധികം കേസുകളിൽ വിജയിച്ചു. അങ്ങനെ മദ്രാസ് ഹൈക്കോടതിയിൽ ഉയർന്ന നിലവാരത്തിലുള്ള അഭിഭാഷകനായി കഴിഞ്ഞിരുന്ന വേളയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് അദ്ദേഹത്തിന് അടുപ്പം തോന്നിയത്.
1907 ൽ സൂറത്തിൽ നടന്ന കോൺഗ്രസ് സമ്മേളനം നേരിട്ട് കാണുവാൻ സി. പി താൽപര്യമെടുത്തു. അങ്ങനെ സൂറത്തിൽ വെച്ച് കോൺഗ്രസ് നെടുകെ പിളർന്നന്നതിനും അദ്ദേഹം ദൃക്സാക്ഷിയായി. പിന്നീട് ആനി ബസന്റ് കോൺഗ്രസ് പ്രസിഡണ്ട് ആയ കാലത്ത് സി.പി കോൺഗ്രസിന്റെ സെക്രട്ടറി സ്ഥാനവും അലങ്കരിച്ചു. യാദൃശ്ചികം എന്ന് പറയട്ടെ അതേ സമയത്ത് തന്നെ സാക്ഷാൽ ജവഹർലാൽ നെഹ്റു കോൺഗ്രസിന്റെ മറ്റൊരു സെക്രട്ടറിയായിരുന്നു. ഇക്കാലത്ത് ആനി ബസന്റിനും സി.പി ക്കും ഗാന്ധിജിയുടെ നയങ്ങളോട് അല്പം അകൽച്ച തോന്നിത്തുടങ്ങി. അതിനെ തുടർന്ന് സി.പി, കോൺഗ്രസ് വിടുകയും അഭിഭാഷക ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തു.
അതേസമയം മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയുടെ പദവിയും ഇതിനോടകം അദ്ദേഹത്തെ തേടിയെത്തി, പക്ഷേ അതും സി. പി നിരാകരിക്കുകയായിരുന്നു. ജഡ്ജി പദവി നിരാകരിച്ചുകൊണ്ട് സി.പി, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിൽ കൗതുകമുള്ള ഒരു കാര്യം ഉണ്ടായിരുന്നു. അതിങ്ങനെയാണ്. 'ഇത്തിരി നേരം അസംബന്ധം പറയുന്നതാണ് ദിവസം മുഴുവൻ അതിനു ചെവി കൊടുക്കുന്നതിനേക്കാൾ എനിക്കിഷ്ടം'.
1920 മുതൽ സി.പി ബ്രിട്ടീഷുകാരുമായി അടുക്കുകയായിരുന്നു. ഒന്നൊന്നായി അവർ വെച്ച് നീട്ടിയ സ്ഥാനമാനങ്ങൾ അദ്ദേഹം സ്വീകരിച്ചു പോന്നു. വൈസ്രോയി വെല്ലിങ്ടൺ പ്രഭുവുമായി ഒത്തുള്ള കാലമായിരുന്നു തുടക്കം. ഒന്നാം വട്ടമേശ സമ്മേളനം ഗാന്ധിജി ബഹിഷ്കരിച്ചിരുന്നെങ്കിലും രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയെ പങ്കെടുപ്പിക്കുന്നതിൽ സിപി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിൽ അധികാര തർക്കം ഉടലെടുക്കുകയുണ്ടായി. സഹോദരങ്ങളായിരുന്നെങ്കിലും സേതു ലക്ഷ്മിഭായിയും സേതു പാർവതി ഭായിയും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായി. അധികാരസ്ഥാനത്ത് വരേണ്ടിയിരുന്നത് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയായിരുന്നെങ്കിലും കൗമാരക്കാരനായ അദ്ദേഹത്തിന് പ്രായത്തിന്റെ കുറവുകൊണ്ട് മാറി നിൽക്കേണ്ടി വന്നു. കൂടാതെ അദ്ദേഹത്തിന് ബുദ്ധിമാന്ദ്യം ഉണ്ടെന്ന ഒരു കിംവദന്തിയും ഉണ്ടായിരുന്നു. വൈസ്രോയി ലോഡ് വെല്ലിങ്ടനുമായി അടുപ്പമുണ്ടായിരുന്ന സർ സി. പി അപ്പോഴേക്കും പ്രായപൂർത്തിയായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയെ മഹാരാജാവ് പദവി അലങ്കരിക്കുന്നതിന് പ്രധാന പങ്കു വഹിച്ചിരുന്നു.
ജന്മം കൊണ്ട് ബ്രാഹ്മണനായിരുന്നെങ്കിലും, ജാതിവ്യവസ്ഥയുടെ കടുത്ത അസമത്വങ്ങളെയും അനീതിയെയും തത്വത്തിൽ അദ്ദേഹം എതിർത്തു. 1936-ൽ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബലരാമ വർമ്മ പുറപ്പെടുവിച്ച ക്ഷേത്ര പ്രവേശന വിളംബരം നടപ്പിലാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
ഈ പ്രഖ്യാപനത്തിന് മുമ്പ്, ചരിത്രപരമായി ജാതിവ്യവസ്ഥയിലെ നാല് ജാതികളിൽ താഴെയായി കണക്കാക്കപ്പെട്ടിരുന്ന ദളിതർക്ക് ഹിന്ദു ക്ഷേത്രങ്ങളിൽ ആരാധന നടത്താൻ അനുവാദമുണ്ടായിരുന്നില്ല. ക്ഷേത്ര പ്രവേശന വിളംബരത്തിൽ ഏത് പശ്ചാത്തലത്തിലോ ജാതിയിലോ ഉള്ള ഏതൊരു ഹിന്ദുവിനും ക്ഷേത്രങ്ങളിൽ സ്വതന്ത്രമായി പ്രവേശിക്കാമെന്ന് ഉത്തരവായി.
ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെ വില്ലിന് നേരെയുള്ള ഒരു ധീരമായ വെടിവയ്പ്പായിരുന്നു ഇത്. വിളംബരം പുറപ്പെടുവിച്ചത് ജാതി വ്യവസ്ഥയുടെ നിയമ ചട്ടക്കൂടിന്റെ അന്ത്യത്തിന് വഴിയൊരുക്കി.
ഇന്ത്യയിലുടനീളമുള്ള പത്രങ്ങൾ പുതിയ നിയമത്തെ ശ്രദ്ധിച്ചു, ചില ഭാഗങ്ങളിൽ ഞെട്ടലും നിരാശയും ഉണ്ടായിരുന്നിട്ടും, മിക്കവാറും എല്ലാവർക്കും പൊതുവായി സന്തോഷമുണ്ടായിരുന്നു.സർ സി.പി. തന്റെ വ്യക്തിപരമായ ജീവിതത്തിലും എല്ലാവരോടും തികഞ്ഞ നീതി പുലർത്തിയിരുന്നതായി കരുതാം. ഒരിക്കൽ, തുടർച്ചയായി മൂന്ന് ദിവസം, തന്റെ നിയമ ഓഫീസിൽ നിന്ന് പുറത്തുപോകുമ്പോൾ, ഒരു മരത്തിനടിയിൽ ഒരു ചെറുപ്പക്കാരൻ പുറത്ത് നിൽക്കുന്നത് അദ്ദേഹം കണ്ടു.
മൂന്നാം ദിവസം, ആ ചെറുപ്പക്കാരന് തന്നോട് സംസാരിക്കണമെന്ന് തോന്നുന്നുണ്ടെന്ന് മനസ്സിലാക്കി അയാൾ കാറിൽ നിന്നിറങ്ങി അയാളുടെ അടുത്തേക്ക് നടന്നു. താൻ അടുത്തിടെ നിയമ ബിരുദം നേടിയ ആളാണെന്ന് യുവാവ് പറഞ്ഞു, പക്ഷേ പല നിയമ ഓഫീസുകളിലും അപേക്ഷിച്ചിരുന്നെങ്കിലും, താൻ ഒരു ദളിതനായതിനാൽ ജോലി കണ്ടെത്താൻ കഴിഞ്ഞില്ല , ആരും അദ്ദേഹത്തെ ജോലിക്കെടുക്കില്ല. സർ സിപി അദ്ദേഹത്തോട് പറഞ്ഞു, "നാളെ രാവിലെ തിരിച്ചുവരൂ, നിങ്ങൾക്ക് ജോലി ആരംഭിക്കാം."
പിറ്റേന്ന് രാവിലെ ആ ചെറുപ്പക്കാരൻ എത്തി നിയമ സ്ഥാപനത്തിൽ ജൂനിയറായി ജോലി ആരംഭിച്ചു. . ഉച്ചഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ, സർ സിപി തന്റെ പുതിയ ജീവനക്കാരനെ ചുറ്റും നോക്കി, പക്ഷേ അദ്ദേഹത്തെ എവിടെയും കണ്ടില്ല. അന്നത്തെ കേസുകൾ പരിഗണിക്കാൻ അവർ കോടതിയിലേക്ക് പോയപ്പോൾ, അയാൾ ആ ചെറുപ്പക്കാരനെ പുറത്ത്, തലേദിവസം താൻ നിന്നിരുന്ന അതേ മരത്തിനടിയിൽ കണ്ടു.
സർ സി.പി. അയാളുടെ അടുത്തേക്ക് നടന്നു വന്നു പറഞ്ഞു, "എന്തിനാണ് നിങ്ങൾ ഇവിടെ? ഉച്ചഭക്ഷണത്തിന് നിങ്ങളെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു." ഒരു സാധാരണ മനുഷ്യനെപ്പോലെ സംസാരിക്കുന്നത് ശീലമില്ലാത്തതിനാൽ, കണ്ണുനീർ ഒഴുകുന്ന ആ ചെറുപ്പക്കാരൻ മറുപടി പറഞ്ഞു, "സർ, എന്നെപ്പോലുള്ള ഒരാളോടൊപ്പം ഉച്ചഭക്ഷണത്തിന് ഇരിക്കാൻ നിങ്ങൾ ആഗ്രഹിക്കുമെന്ന് ഞാൻ കരുതിയില്ല."
ആ മനുഷ്യൻ സർ സി.പി.യുടെ നിയമ സ്ഥാപനത്തിൽ വർഷങ്ങളോളം നിയമ സംഘത്തിലെ വിലപ്പെട്ട അംഗമായി ജോലി ചെയ്തു. അദ്ദേഹത്തിന്റെ മുതിർന്ന പേരക്കുട്ടികൾ സർ സി.പി.യുടെ കുടുംബവുമായി ബന്ധം പുലർയത്തിയിരുന്നു.
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതിലൂടെ സാമൂഹിക സമത്വത്തിനായുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതിനൊപ്പം, അദ്ദേഹം മറ്റ് നിരവധി ധീരമായ പരിഷ്കാരങ്ങളും അവതരിപ്പിച്ചു. ദിവാൻ എന്ന പദവി വഹിച്ചിരുന്ന കാലത്ത്, വധശിക്ഷ നിർത്തലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനവും, മുതിർന്നവർക്ക് വോട്ടവകാശം നൽകുന്ന ആദ്യ സംസ്ഥാനവും, എല്ലാ കുട്ടികൾക്കും നിർബന്ധിത വിദ്യാഭ്യാസം നൽകുന്ന ആദ്യ സംസ്ഥാനവും, സ്കൂളുകളിൽ ഉച്ചഭക്ഷണം സൗജന്യമായി നൽകുന്ന ആദ്യ സംസ്ഥാനം, വന്യമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിക്കുന്ന ആദ്യ സംസ്ഥാനവും തിരുവിതാംകൂർ ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ വനിതാ ജില്ലാ ജഡ്ജിയെയും (ജസ്റ്റിസ് അന്ന ചാണ്ടി), ലോകത്തെവിടെയും സർജൻ ജനറലായി സേവനമനുഷ്ഠിക്കുന്ന ആദ്യ വനിതയെയും അദ്ദേഹം നാമനിർദ്ദേശം ചെയ്തു.
ട്രാവൻകൂർ യൂണിവേഴ്സിറ്റി, FACT, പള്ളിവാസൽ ജലവൈദ്യുത പദ്ധതി, ട്രാവൻകൂർ കെമിക്കൽസ്, തിരുവിതാംകൂർ സിമന്റസ്, ട്രാവൻകൂർ റയോൺസ്, ട്രാവൻകൂർ പ്ലൈവുഡ് ഫാക്ടറി, പുനലൂർ പേപ്പർ മിൽസ്, കുണ്ടറ കളിമൺ ഫാക്ടറി, ടെലഫോൺ ട്രങ്ക് ഡയലിംഗ് സിസ്റ്റം, തിരുവനന്തപുരം കന്യാകുമാരി സിമന്റ് കോൺക്രീറ്റ് ഹൈവേ, KSRTC ക്ക് മുമ്പ് ഉണ്ടായിരുന്ന പൊതു ഗതാഗത സംവിധാനം, സർ സി.പിയുടെ കാലത്ത് തുടങ്ങിവെച്ചവയാണ്. അങ്ങനെ ഇന്ന് കേരളത്തിൽ ഏതെങ്കിലും പൊതു മേഖല സ്ഥാപനങ്ങൾ ബാക്കിയുണ്ടെങ്കിൽ അതും തിരുവിതാംകൂറിന്റെ സംഭാവനകളാണ്.
ഈ വ്യവസായങ്ങൾ കൊണ്ട് തിരുവിതാംകൂറിന്റെ ഖജനാവ് നിറക്കുവാൻ കഴിഞ്ഞെങ്കിലും ഇതിന്റെ സാമ്പത്തിക ഗുണങ്ങൾ സാധാരണ ജനങ്ങളിലേക്ക്, പ്രത്യേകിച്ച് താഴെത്തട്ടിലുള്ളവരിലേക്ക് വേഗത്തിൽ എത്തിയില്ല.
ഇടയ്ക്കൊന്നു പറഞ്ഞോട്ടെ. പറയുമ്പോൾ എല്ലാം പറയണമെന്നാണല്ലോ. ഖജനാവ് നിറക്കുവാൻ പാവപ്പെട്ടവനെ ഊറ്റിപ്പിഴിയുകയായിരുന്നു. ജനങ്ങൾ പട്ടിണിയാണ് എന്നാൽ രാജ്യത്തിന്റെ ഖജനാവ് നിറഞ്ഞു തുളുമ്പുകയുമായായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ (1939–1945) പശ്ചാത്തലത്തിൽ തിരുവിതാംകൂറിലേക്ക് ബർമ്മയിൽ നിന്നും മറ്റും വന്നിരുന്ന അരിയുടെ ഇറക്കുമതി പൂർണ്ണമായി നിലച്ചു. ഇത് തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭക്ഷ്യക്ഷാമത്തിനും കടുത്ത വിലക്കയറ്റത്തിനും കാരണമായി.
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വർദ്ധിച്ചതോടെ സാധാരണക്കാർക്ക് ആവശ്യത്തിന് ഭക്ഷണം വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാതായി. ഭക്ഷ്യക്ഷാമത്തെ നേരിടുന്നതിന് രാജ്യത്ത് കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുവാൻ തിരുവിതാംകൂർ പദ്ധതിയിട്ടു. അതിന്റെ ഭാഗമായി കൂടുതൽ ഭൂമിയിലേക്ക് കൃഷി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയും, കായലുകൾ നികത്തി കൃഷി ചെയ്യാൻ താല്പര്യമുള്ള ധീരരായ കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കായലിന്റെ അടിത്തട്ടിലുള്ള ചെളിമണ്ണ് അതീവ ഫലഭൂയിഷ്ഠമാണെന്നും, ശാസ്ത്രീയമായി വെള്ളം വറ്റിച്ചാൽ അവിടെ മികച്ച രീതിയിൽ നെൽകൃഷി ചെയ്യാൻ സാധിക്കുമെന്നും ജോസഫ് മുരിക്കൻ എന്ന കർഷകൻ മനസ്സിലാക്കി. കായൽ നികത്തി കൃഷി ചെയ്യാനുള്ള അനുവാദം വാങ്ങി മുരിക്കൻ കായലിൽ സ്വർണ്ണം വിളയിച്ചു.
ഭക്ഷ്യക്ഷാമം ഏറ്റവും ക്രൂരമായി ബാധിച്ചത് സാധാരണ തൊഴിലാളികളെയും കർഷകരെയുമായിരുന്നു. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ മാത്രം ഇരുപതിനായിരത്തിലധികം ആളുകൾ പട്ടിണി കിടന്ന് മരിച്ചതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ജനങ്ങളുടെ ഈ ദയനീയ അവസ്ഥ പരിഹരിക്കുന്നതിൽ ദിവാന്റെ ഭരണം പരാജയപ്പെട്ടു എന്ന ആക്ഷേപം ശക്തമായിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഇടപെടലുകളുണ്ടായി. തമിഴ് ജനതയ്ക്ക് ദാഹം തീർക്കുവാനേ ഉദ്ദേശിക്കുന്നുള്ളൂ എന്നും അല്ലാതെ നമ്മുടെ വെള്ളം ഉപയോഗിച്ച് അവർക്ക് വൈദ്യുതി കൊടുക്കുവാൻ ബാധ്യതയില്ലെന്നും അദ്ദേഹം ശക്തമായി വാദിച്ചു. ബ്രിട്ടീഷുകാർ ഭരണമൊഴിഞ്ഞപ്പോൾ തമിഴ്നാടുമായി ഉണ്ടായിരുന്ന കരാർ റദ്ദ് ചെയ്യുവാൻ സി.പി മുൻകയ്യെടുത്തിരുന്നു. ബ്രിട്ടീഷുകാർ സമ്മതം മൂളിയതുമായിരുന്നു, പക്ഷേ തുടർനടപടികൾ അദ്ദേഹത്തിന്റെ അഭാവത്തിൽ നടക്കാതെ പോയി. ഒറ്റവാക്കിൽ പറഞ്ഞാൽ സിപിയുടെ കാലം തിരുവിതാംകൂറിന്റെ വികസനത്തിന്റെ വസന്തകാലമായിരുന്നു, പല കാരണങ്ങളാലും ജനങ്ങൾ പട്ടിണിയിലുമായിരുന്നു.
സർ സി.പി യുടെ ഭരണകാലത്തെ പല ഘട്ടങ്ങളിലും സംഘർഷങ്ങളിലൂടെയായിരുന്നു തിരുവിതാംകൂർ കടന്നുപോയത്. ഉത്തരവാദിത്വ ഭരണത്തിനുവേണ്ടി സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളെയെല്ലാം നിർദാക്ഷിണ്യം അടിച്ചമർത്തി. നേതാക്കളെ കൂട്ടത്തോടെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. നിരവധി പേർ മരിക്കുകയുണ്ടായി. സ്തുതിഗീതം പാടാത്ത പത്രങ്ങളെ നിരോധിക്കുകയോ വിലക്ക് ഏർപ്പെടുത്തുകയോ ചെയ്തു. മർദനവും വെടിവെപ്പും പലേടത്തും നടന്നു. പലരുടേയും ജീവൻ നഷ്ടപ്പെട്ടു.
സാമ്പത്തിക തകർച്ചയും പട്ടിണിയും സാധാരണ ജനങ്ങളെയും കയർ-പുകയില തൊഴിലാളികളെയും കർഷകരെയും കടുത്ത നിരാശയിലാഴ്ത്തി. ഇടത്തരം കുടുംബങ്ങൾ പോലും കടക്കെണിയിലായി. ഉത്തരവാദിത്വഭരണത്തിനുവേണ്ടി തിരുവിതാംകൂറിൽ സമരം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് സി.പി. 1946 ജനുവരിയിൽ അമേരിക്കൻ മോഡൽ എന്നു വിശേഷിപ്പിക്കാവുന്ന ഭരണപരിഷ്കാരം പ്രഖ്യാപിച്ചത്. ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നു. ആ സമരത്തിന്റെ പ്രധാന മുദ്രാവാക്യംതന്നെ ‘അമേരിക്കൻ മോഡൽ ഭരണം അറബിക്കടലിൽ’ എന്നായിരുന്നു. പുന്നപ്രയിലും വയലാറിലുമായി പൊട്ടിപ്പുറപ്പെട്ട സമരത്തെ തുടർന്ന് ആയിരങ്ങൾ വെടിയേറ്റു വീണു. പുന്നപ്ര-വയലാർ കൂട്ടക്കൊലയ്ക്കെതിരേ രാജ്യത്തിന്റെ പലഭാഗത്തും പ്രതിഷേധം ഉയർന്നിട്ടും സി.പി. കുലുങ്ങിയില്ല.
1946 ൽ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഒരു താൽക്കാലിക മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിരുന്നു. അതിനുശേഷം ഒരു മാസം കഴിഞ്ഞാണ് പുന്നപ്ര വയലാർ സമരം നടന്നത്. അക്കാരണം കൊണ്ട് തന്നെ പുന്നപ്ര വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കുന്നതിൽ ചരിത്രകാരന്മാരിൽ ഭിന്ന അഭിപ്രായമാണുള്ളത്.
ദിവാൻ സി.പി ക്ക് മേൽ ആരോപിക്കപ്പെടുന്ന മറ്റൊരു പ്രധാന കുറ്റം ട്രാവൻകൂർ നാഷണൽ ആൻഡ് കൊയിലൊൺ ബാങ്കിന്റെ തകർച്ചയ്ക്ക് പിന്നിൽ ഗൂഢാലോചന നടത്തി എന്നുള്ളതാണ്. 1912 ൽ മലയാള മനോരമ ഉടമ കണ്ടത്തിൽ കുടുംബത്തിലെ കെസി മാമ്മൻ മാപ്പിള തുടങ്ങിയ ട്രാവൻകൂർ നാഷണൽ ബാങ്കും 1919 ൽ സിപി മാത്തൻ ആരംഭിച്ച കൊയിലോൺ ബാങ്കും തമ്മിൽ മത്സരിച്ച് ബിസിനസ് ചെയ്ത് 1937 ൽ ഒന്നിക്കുകയായിരുന്നു. തിരുവിതാംകൂർ രാജാവിന്റെ നിക്ഷേപം പിൻവലിച്ചെന്നും അതേ തുടർന്ന് നിക്ഷേപകർ പലരും അവരുടെ പണം പിൻവലിക്കുകയും ചെയ്തതിനെ തുടർന്ന് ബാങ്ക് തകരുകയായിരുന്നു. വാസ്തവത്തിൽ തിരുവിതാംകൂർ രാജാവിന് അങ്ങനെയൊരു നിക്ഷേപം ഉണ്ടായിരുന്നില്ലെന്ന് മറ്റൊരഭിപ്രായവുമുണ്ട്.
ബാങ്ക് പൂട്ടുമ്പോൾ 3.75 കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും നിക്ഷേപകരിൽ പലരും കേസ് കൊടുത്തതിനെ തുടർന്ന് 1940 ൽ വന്ന വിധിയിൽ മാമൻ മാപ്പിളയും കെസി മാത്തനുമുൾപ്പടെ നാലു പേർക്ക് ജയിൽവാസം അനുഭവിക്കേണ്ടി വന്നു. മാമ്മൻ മാപ്പിളയുടെ മൂത്ത സഹോദരൻ ജയിലിൽ കിടന്ന് മരിക്കുകയുമുണ്ടായി. ഭരണകൂട വിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് മലയാള മനോരമ പത്രം നിരോധിക്കുകയും അടച്ചുപൂട്ടി മുദ്ര വയ്ക്കുകയും ചെയ്തിരുന്നു. സർ സി പി യുടെ പകപോക്കൽ ആയി ചരിത്രകാരന്മാർ ഈ സംഭവത്തെ വ്യാഖ്യാനിക്കുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ യൂണിയനിൽ ലയിക്കുന്ന അവസാനത്തെ നാട്ടുരാജ്യമാണ് തിരുവിതാംകൂർ. സ്വതന്ത്ര രാഷ്ട്രമായി നിലനിൽക്കാൻ ആയിരുന്നു തിരുവിതാംകൂർ ആഗ്രഹിച്ചത്. അന്നുവരെ അനുഭവിച്ചു പോന്ന സമ്പത്ത് കൈവിട്ടു പോകുന്നതും തന്റെ അധികാരമേൽക്കോയ്മയ്ക്ക് സ്ഥാനചലനം വരുന്നതിലുള്ള ആശങ്കയുമായിരുന്നു സർ സി. പിയെ ഇതിന് പ്രേരിപ്പിച്ചത്. സർ സിപിയുടെ നിർബന്ധത്തിനു വഴങ്ങി 1947 ജൂലൈ പതിനെട്ടിന് തിരുവിതാംകൂർ ഒരു സ്വതന്ത്ര രാഷ്ട്രമായി നിലനിൽക്കുമെന്ന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ആകാശവാണിയിലൂടെ പ്രഖ്യാപിക്കുകയുണ്ടായി.
ഇന്ത്യക്ക് അതിവേഗം സ്വാതന്ത്ര്യം ലഭിക്കുമെന്ന് മനസ്സിലാക്കിയ സി.പി. സ്വതന്ത്ര തിരുവിതാംകൂറിനുള്ള ജോലി തുടങ്ങി. ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച ഹൈദരാബാദ്, ജമ്മുകശ്മീർ, ജുനഗഢ് എന്നീ രാജ്യങ്ങളുമായി, സർ സി.പി ഗൂഢാലോചന നടത്തിയാതയും ചരിത്രത്തിൽ കാണുന്നു. ഇപ്പോഴത്തെ ഗുജറാത്ത് സംസ്ഥാനത്തിലെ നാട്ടുരാജ്യമായിരുന്ന ജുനഗഡിൽ ഭൂരിപക്ഷം ഹിന്ദുക്കൾ ആയിരുന്നെങ്കിലും ഭരിച്ചിരുന്നത് മുസ്ലിം നവാബായിരുന്ന മഹാബത് ഖാൻ മൂന്നാമനായിരുന്നു. നവാബിനു പാക്കിസ്ഥാനോട് ചേരാനാണ് ആഗ്രഹമുണ്ടായിരുന്നതെങ്കിലും ഹിതപരിശോധന നടത്തി ആ നീക്കം പൊളിഞ്ഞുപോകുകയായിരുന്നു.
എഴുപത് ലക്ഷം ജനസംഖ്യയും ഒൻപതു കോടി വരുമാനവുമുള്ള തിരുവിതാംകൂറിന് സ്വതന്ത്രരാജ്യമായി നിൽക്കാനും പരമാധികാര പദവി അവകാശപ്പെടാനും എല്ലാ അധികാരവും ഉണ്ടെന്നായിരുന്നു എന്നാണ് തിരുവിതാംകൂറിന് ലോകത്ത് ഒരു ചെറിയ രാജ്യമായി നിൽക്കാൻപറ്റില്ലെന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് സി.പി. പത്രസമ്മേളനത്തിൽ പറഞ്ഞത്. സി.പി.യുടെ ശ്രമം പക്ഷേ വിഫലമായി എന്നതും ചരിത്രം.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുറമേ കയർ, കശുവണ്ടി, ചായ, കുരുമുളക് തുടങ്ങിയവയുടെ കയറ്റുമതി വഴിയും, വനവിഭവങ്ങൾ, കൃഷി, കരിമണൽ (മോണോസൈറ്റ്) ഖനനം എന്നിവയിലൂടെയും തിരുവിതാംകൂറിന് ശക്തമായ സാമ്പത്തിക അടിത്തറയുണ്ടായിരുന്നു.
അങ്ങനെ സ്വതന്ത്ര രാജ്യം എന്ന സ്വപ്നവുമായി കഴിയുമ്പോഴാണ് അപ്രതീക്ഷിതമായി സർ സി.പി ക്ക് നേരെ വധശ്രമം ഉണ്ടാകുന്നത്. തിരുവനന്തപുരത്തെ ഒരു സംഗീത കോളേജിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുമ്പോൾ ട്രാവൻകൂർ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായ ചിദംബരം സുബ്രഹ്മണ്യ അയ്യർ എന്ന കെ.സി.എസ് മണി, സർ സി.പി യെ വധിക്കുവാൻ ശ്രമിച്ചെങ്കിലും അന്ന് കൃത്യം നടപ്പായില്ല. സി.പിയുടെ ഭരണത്തിലെ എതിർപ്പിന്റെ പ്രേരണ കൊണ്ടാണ് അദ്ദേഹത്തെ വധിക്കുവാൻ സോഷ്യലിസ്റ്റ് പാർട്ടി തീരുമാനിച്ചത്. പുന്നപ്ര - വയലാർ സമരങ്ങളിൽ സിപിയുടെ ഭാഗത്തുനിന്നുണ്ടായ കിരാത പ്രവർത്തിയാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം.
കുമ്പളത്ത് ശങ്കുപ്പിള്ളയും ശ്രീകണ്ഠൻ നായരുമുൾപ്പടെയുള്ള സോഷ്യലിസ്റ്റ് പാർട്ടി നേതാക്കൾ സി.പിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തു. ഇതിനുവേണ്ടി കെ.സി.എസ് മണി എന്ന പ്രവർത്തകൻ സ്വയം ഈ കൃത്യം ഏറ്റെടുക്കുവാൻ മുമ്പോട്ട് വരികയായിരുന്നു. അന്നൊരു വെള്ളിയാഴ്ചയായിരുന്നു, 1947 ജൂലൈ 25. പല ശ്രമങ്ങൾക്കൊടുവിൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ ചരമശതാബ്ദി ആഘോഷങ്ങൾക്ക് സ്വാതി തിരുനാൾ കോളേജിൽ സിപി വരുമെന്ന് ഉറപ്പാക്കി, കാക്കി നിക്കർ ഇട്ട്, നിക്കറിന് മുകളിൽ ഖദർ മുണ്ട് ഉടുത്ത്, പാസ് എടുത്തു വേദിയിലെ മുൻ സീറ്റിൽ മണി സ്ഥാനം പിടിച്ചു.
ചടങ്ങിൽ പങ്കെടുക്കുവാൻ ആദ്യം തന്നെ സർ സി.പി ആഗതനായി, മഹാരാജാവിനെയും കാത്തിരിക്കുകയായിരുന്നു. ഏതാണ്ട് മൂന്നു കസേരകൾക്ക് അടുത്തായി മണിയും അവസരത്തിനായി കാത്തിരുന്നു. മഹാരാജാവ് വന്ന് ചുരുക്കം വാക്കുകൾ പറഞ്ഞ് യോഗം ഉദ്ഘാടനം ചെയ്ത് വേദി വിട്ടു. പിന്നീട് സർ സി.പി യും തിരുവിതാംകൂർ എന്ന സ്വതന്ത്ര രാജ്യത്തെപ്പറ്റി ചെറിയ വാക്കുകളിൽ പ്രസംഗിച്ച്, പുറത്തേക്കിറങ്ങിയ മഹാരാജാവിന്റെ പിന്നാലെ നടന്നു നീങ്ങി.
പുറത്തേക്കിറങ്ങിയെങ്കിലും സംഗീത കച്ചേരി ആസ്വദിക്കുവാൻ ഉടനെ തന്നെ സി.പി വേദിയിലേക്ക് തിരിച്ചുവന്നിരുന്നു. കച്ചേരി ആസ്വാദനവും കഴിഞ്ഞ് സി.പി പുറത്തേക്കിറങ്ങുമ്പോൾ ഇതാണ് നല്ല സമയമാണെന്ന് മനസ്സിൽ കരുതി മണി മുണ്ട് ഉരിഞ്ഞു കസേരയിൽ വെച്ചു മുമ്പോട്ട് നീങ്ങി സി.പി യുടെ അരികത്ത് എത്തുന്നു. പിന്നെ ഒന്നും നോക്കിയില്ല മണി കൊടുവാൾ എടുത്ത് സി.പി യെ ആഞ്ഞുവെട്ടി.
ആദ്യത്തെ വെട്ട് സി.പി യുടെ പിടലിക്കായിരുന്നു. കഴുത്തിൽ ഷാൾ ഇട്ടിരുന്നതിനാൽ വെട്ടേറ്റില്ല. വീണ്ടും ആഞ്ഞു വെട്ടി. രണ്ടാമത്തെ വെട്ടിൽ സർ സി.പിയുടെ കവിള് രണ്ടായി പിളർന്നു. രക്തം ചീറ്റി ഒഴുകി. മൂന്നാമത്തെ വെട്ട് പക്ഷേ സി.പി യുടെ തൊപ്പിയിൻമേലാണ് പതിച്ചത്. (രണ്ടാമത്തെ വെട്ട് സി.പി കൈകൊണ്ടു തടയുകയും കൈവിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നതായും ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്). ഇതേസമയം വേദിയിൽ ലൈറ്റ് പോവുകയും വരികയും ആയിരുന്നു. പിന്നീട് ഒട്ടും ആലോചിച്ചില്ല, ഇരുട്ടിൽ മതിലിനു പുറത്ത് കാത്തുനിന്നിരുന്ന തന്റെ സഹപ്രവർത്തരായ വേലായുധനേയും ചെല്ലപ്പനെയും കൂട്ടി മണി പാലക്കാട്ടേക്ക് പോവുകയായിരുന്നു.
സി.പിക്ക് വെട്ടേറ്റ വാർത്ത കാട്ടുതീ പോലെ നാടെങ്ങും പടർന്നു. സത്യമോ മിഥ്യയോ സി.പി ക്കേറ്റ വെട്ട് മൂക്കിലാണെന്ന് ചിലരും കവിളിലാണെന്ന് മറ്റുചിലരും. ഈ സംഭവത്തിൽ വളരെയധികം ദുഃഖിതനായ സി.പി തന്റെ ദിവാൻ സ്ഥാനം ഉപേക്ഷിച്ച് മൈലാപ്പൂരിലേക്ക് പോവുകയായിരുന്നു. അതേസമയം 1987ൽ തിരുവനന്തപുരത്തു വെച്ച് കടുത്ത ചുമയെ തുടർന്ന് മണി ജീവൻ വെടിഞ്ഞു. മരിക്കുന്നതിന് മുമ്പ് സി.പി യെ വെട്ടിയതിൽ മണിക്ക് ഒരുപാട് കുറ്റബോധം ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് പ്രൊഫസർ രഘു തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് .
വെട്ടു കൊണ്ടതിനു ശേഷം ഊട്ടിയിലേക്ക് പോയ സിപി അധ്യാപനം, സ്വദേശത്തും വിദേശത്തും പ്രഭാഷണങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ വ്യാപൃതനായി. 1947 നും 1960 നും ഇടയിൽ 600 ഓളം പ്രസംഗങ്ങൾ നടത്തിയിരുന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1954 ൽ കേന്ദ്ര ഗവൺമെന്റിന്റെ ക്ഷണം സ്വീകരിച്ച് ബനാറസ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ സ്ഥാനം വഹിച്ചിരുന്നു. 1966 ൽ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിച്ച് ആധ്യാത്മിക ചിന്തകളിൽ മുഴുകുകയായിരുന്നു.
വിശ്വവിഖ്യാതനായ വാഗ്മിയും സമർത്ഥനായ ഭരണാധികാരിയും പലതരം പ്രക്ഷോഭനങ്ങളെ പ്രതിരോധിക്കുകയും പോരാടുകയും അടിച്ചമർത്തുകയും ചെയ്ത സി.പി യുടെ അന്ത്യം ബ്രിട്ടനിൽ വെച്ചായിരുന്നു. 1966 സെപ്റ്റംബർ 26ന് ലണ്ടനിലെ നാഷണൽ ലിബറൽ ക്ലബ്ബിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് സർ സി. പി രാമസ്വാമി അയ്യർ ലോകത്തോട് വിട പറഞ്ഞു (ഇന്നേക്ക് 80 വർഷം മുമ്പ്). സർ സി.പി യെ അടയാളപ്പെടുത്താതെ തിരുവിതാംകൂർ രാജഭരണ ചരിത്രം പൂർണമാകില്ല.
ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരി എന്ന നിലയിൽ തിരുവിതാംകൂറിനെ വികസനത്തിലേക്ക് കൈപിടിച്ചുയർത്തിയത് അദ്ദേഹത്തെ ജനപ്രിയനാക്കിയെങ്കിൽ, ജനാധിപത്യ വിരുദ്ധമായ നിലപാടുകളും സ്വേച്ഛാധിപത്യപരമായ അടിച്ചമർത്തലുകളുമാണ് അദ്ദേഹത്തെ ജനങ്ങളുടെ കണ്ണിൽ വില്ലനാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.