കുട്ടനാട്ടിലെ മങ്കൊമ്പ് പ്രദേശത്തെ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ 'വക്കീല്‍ സ്വാമി' എന്ന വിളിപ്പേരില്‍ പ്രശസ്തനായ ശ്രീ അനന്തശിവ അയ്യര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. തിരുവിതാംകൂറിലെ ചീഫ് സെക്രട്ടറി ആയിരുന്ന കൊട്ടാരം നീലകണ്ഠയ്യരുടെ ഇളയ സഹോദരനായിരുന്നു അദേഹം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സ്മാരകമായി തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിന്റെ പ്രതിമ സ്ഥാപിക്കുന്നതിനും മങ്കൊമ്പ് ദേവസ്വത്തിന്റെ സ്ഥലത്ത് പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രൈമറി സ്‌കൂള്‍ പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനും അദേഹം മുന്നിട്ട് പ്രവര്‍ത്തിച്ചു.
അക്കാലത്ത് മങ്കൊമ്പ് ദേവീക്ഷേത്രത്തിന് സമീപം ദേവസ്വത്തിന്റെ സ്ഥലത്ത് സവര്‍ണ ഹിന്ദുക്കളായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഒരു പ്രൈമറി സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. ക്ഷേത്ര പ്രവേശന വിളംബരത്തിന് ശേഷം അത് എല്ലാ വിഭാഗത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനമുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനമായി മാറി. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് തോട്ടിറമ്പിലുള്ള മറ്റയ്ക്കാട്ടു കുടുംബത്തിന്റെ വകയായുള്ള നിലം രാജപ്രതിമ സ്ഥാപിക്കുന്നതിനായും കൊട്ടാര മഠത്തിന്റെ വകയായുള്ള അഞ്ച് പറ നിലം ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിന് വേണ്ടിയും സര്‍ക്കാരിലേക്ക് ഏറ്റെടുത്തു.
1936 ല്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് ജെയിംസ് കാളാശേരി പ്രതിമ സ്ഥാപിക്കാനുള്ള മണ്ഡപത്തിന് തറക്കല്ലിട്ടു. പ്രതിമാ നിര്‍മ്മാണവും മണ്ഡപത്തിന്റെ പണിയും പൂര്‍ത്തിയായതോടെ 1938-ല്‍ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ മഹാരാജാവിന്റെ അര്‍ധകായ പ്രതിമ അനാവരണം ചെയ്തു. അതേവര്‍ഷം തന്നെ പാടം നികത്തിയ സ്ഥലത്ത് നിര്‍മ്മിച്ച പുതിയ സ്‌കൂളിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു. ദേവസ്വത്തിന്റെ സ്ഥലത്തുണ്ടായിരുന്ന പ്രൈമറി സ്‌കൂള്‍ മാറ്റി സ്ഥാപിക്കുന്നതിനും വക്കീല്‍ സ്വാമിയാണ് മുന്‍കൈ എടുത്തത്.
തിരുവിതാംകൂറിലെ അടുത്ത കിരീടാവകാശിയായിരുന്ന, ആറാം വയസില്‍ അന്തരിച്ച അവിട്ടം തിരുനാള്‍ രാമവര്‍മയുടെ സ്മരണയ്ക്കായി സ്‌കൂളിന് 'അവിട്ടം തിരുനാള്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍' എന്ന് നാമകരണവും ചെയ്തു.
കുട്ടനാട്ടില്‍ പഴനിലം ഒഴിവാക്കി എല്ലാ വര്‍ഷവും നെല്‍ക്കൃഷി സാധ്യമാക്കാന്‍ കഴിയുമോ എന്നറിയാനുള്ള പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ 1916 ല്‍ കുപ്പപ്പുറത്ത് ഒരു നെല്‍ക്കൃഷി പഠന കേന്ദ്രം ആരംഭിച്ചു. 1940 ല്‍ ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യരുടെ അനുവാദത്തോടെ അതേ നെല്‍ക്കൃഷി പഠന കേന്ദ്രം മങ്കൊമ്പില്‍ കുളങ്ങര മഠത്തിന്റെ വക പാടത്ത് വക്കീല്‍ സ്വാമി മുന്‍കൈയെടുത്ത് മാറ്റി സ്ഥാപിച്ചു. തുടര്‍ന്ന് പൊന്മേലുവാക്കല്‍ പാടത്തേക്കും പിന്നീട് അവിടെ നിന്ന് ആലപ്പുഴ-ചങ്ങനാശേരി സംസ്ഥാന പാതയുടെ സമീപത്തേക്കും മാറ്റി സ്ഥാപിച്ചു. 1972 ല്‍ കാര്‍ഷിക സര്‍വകലാശാലയായും ഇപ്പോള്‍ 'ഡോ. എം.എസ് സ്വാമിനാഥന്‍ നെല്ല് ഗവേഷണ കേന്ദ്രം' ആയും അതിനെ ഉയര്‍ത്തിയിരിക്കുന്നു. കുപ്പപ്പുറത്ത് നിന്നും മങ്കൊമ്പിലേക്കുള്ള ഈ സ്ഥാപനത്തിന്റെ സ്ഥാന മാറ്റം മങ്കൊമ്പിന്റെ കാര്‍ഷിക പ്രാധാന്യം വര്‍ധിപ്പിച്ചു.
സ്‌കൂളിലേക്ക് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എത്തിച്ചേരാന്‍ നടവഴി അത്യാവശ്യമായി. സ്‌കൂളില്‍ നിന്ന് തുടങ്ങി ആറ്റുതീരം വരെയും കുളങ്ങരമഠം പാടത്തുകൂടെ നേര്‍രേഖയില്‍ ഒരു വഴി വെട്ടിയുണ്ടാക്കി. അതാണ് സ്റ്റാച്യൂ റോഡ്. തെക്കന്‍ പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായി ആറ്റുതീരത്ത് സര്‍ക്കാര്‍, കടത്തുവള്ളം ഏര്‍പ്പാടാക്കി. യാത്രാ ബോട്ടുകള്‍ വ്യാപകമായ കാലത്ത് സ്റ്റാച്യൂ റോഡ് വന്നുചേരുന്ന ആറ്റുകടവിനോട് ചേര്‍ന്ന് ഒരു ബോട്ട് ജെട്ടി സ്ഥാപിച്ചു. യാത്രാ സൗകര്യമായപ്പോള്‍ അവിടെ ഒരു ചന്തയും ക്രമേണ രൂപപ്പെട്ടു വന്നു. ഇത് 1940-42 കാലഘട്ടത്തിലായിരിക്കണം. ഇക്കാര്യത്തിലും വക്കീല്‍ സ്വാമി മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു.
കുളങ്ങരമഠം, കൊട്ടാരം എന്നിവരുടെ വകയായി ചന്തയ്ക്ക് സമീപമുണ്ടായിരുന്ന നിലങ്ങള്‍ നികത്തി കെട്ടിടങ്ങള്‍ വന്നു. ചില കച്ചവടക്കാര്‍ കുളങ്ങരമഠത്തിന്റെ അനുവാദത്തോടെ കടമുറികള്‍ സ്ഥാപിച്ചു. കൊട്ടാര മഠത്തിന്റെ വക സാമാന്യം ഭേദപ്പെട്ട കെട്ടിടത്തില്‍ കുട്ടനാട്ടിലെ പ്രധാന വൈദ്യുതി ഓഫീസും പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്നുള്ള പ്രദേശത്തിന്റെ വളര്‍ച്ച വര്‍ണനാതീതമായിരുന്നു. സ്‌കൂളും വഴിയും ജെട്ടിയും ചന്തയും വന്നത് നാടിനാകെ പുരോഗതിയുണ്ടാകുന്നതിന് കാരണമായി.
ഈ വക സൗകര്യങ്ങളെല്ലാം മങ്കൊമ്പ് ഗ്രാമത്തിനുണ്ടാകുന്നതിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ വക്കീല്‍ സ്വാമി തിരുവിതാംകൂര്‍ രാജഭരണം അവസാനിക്കുന്നതിന് മുമ്പ് തന്നെ സ്‌കൂളിന്റെ ചുമതല കിഴക്കേ മഠത്തിലെ സ്വാമിയെ ഏല്‍പ്പിച്ച ശേഷം ഏതോ കാരണത്താല്‍ മങ്കൊമ്പ് വിട്ട് വയനാട്ടിലേക്ക് മാറിത്താമസിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തര കാലഘട്ടം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരെയും കുട്ടനാട്ടില്‍ കായല്‍ നികത്തി നിലമാക്കുന്ന പ്രവൃത്തി തുടര്‍ന്നു. അതിനായി പുറം നാടുകളില്‍ നിന്ന് പോലും ജാതി-മത-വര്‍ണ വ്യത്യാസമന്യേ കര്‍ഷക തൊഴിലാളികളുടെയും അനുബന്ധ പ്രവൃത്തി ചെയ്യുന്നവരുടെയും കുടിയേറ്റമുണ്ടായി. പാടവരമ്പുകള്‍ക്കും തോട്ടിറമ്പുകള്‍ക്കും ആറ്റുതീരങ്ങള്‍ക്കും സമീപം കട്ടയും മണ്ണുമിട്ട് പുരയിടമാക്കി വീടുകള്‍ വെച്ച് ധാരാളം ജനങ്ങള്‍ താമസമാക്കി. കുട്ടനാട്ടിലെ ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ചു. ഈ കാലഘട്ടത്തിലാണ് മങ്കൊമ്പില്‍ ചന്ത സ്ഥാപിക്കപ്പെട്ടത്.
കാര്‍ഷിക സമൃദ്ധിയുടെ ഇക്കാലത്ത് തുടങ്ങിയ മങ്കൊമ്പ് ചന്ത വളരെ വേഗത്തില്‍ എല്ലാ തരത്തിലുള്ള കച്ചവടവും നടക്കുന്ന പ്രധാന പ്രാദേശിക കമ്പോളമായി മാറി. ചൊവ്വ, വെള്ളി ദിവസങ്ങളിലെ പ്രധാന ചന്തയ്ക്ക് വലിയ വള്ളങ്ങളില്‍ കച്ചവട സാധനങ്ങള്‍ എത്തും. പച്ചക്കറികള്‍, കപ്പ, തൈര് തുടങ്ങിയവ കിഴക്കന്‍ ദിക്കുകളില്‍ നിന്നും മീന്‍ തുടങ്ങിയവ കടപ്പുറത്ത് നിന്നും കൊണ്ട് വരും. പുലര്‍ച്ചയോടെ സാധനങ്ങള്‍ യഥാസ്ഥാനത്ത് നിരത്താന്‍ വേണ്ടി ചുമട്ടുതൊഴിലാളികളുടെയും മറ്റ് ജോലിക്കാരുടെയും ശബ്ദ കോലാഹലങ്ങള്‍ മുഴങ്ങും.
ഉത്സവ പറമ്പുകളില്‍ സാധാരണയായി വില്‍ക്കപ്പെടുന്ന കച്ചവട സാധനങ്ങളും ചന്തയില്‍ ലഭ്യമായിരുന്നു. മറ്റ് സമീപ പ്രദേശങ്ങളില്‍ നിന്നും ചെറുവള്ളങ്ങളില്‍ എത്തുന്ന ചെറുകിട കച്ചവടക്കാര്‍ ചില്ലറവില്‍പ്പനയ്ക്കായി സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോയിരുന്നു.
ചന്തയുടെ ഭാഗമായി പലവ്യഞ്ജനക്കടകള്‍, ചട്ടിയും കലവും മറ്റും വില്‍ക്കുന്ന കട, പച്ചമരുന്നുകട, സോഡ ഉണ്ടാക്കി വിതരണം ചെയ്യുന്ന കട, മുട്ടയുടെ കയറ്റുമതി ഏജന്‍സിയുള്ള കട, ഹോട്ടലുകള്‍, ബുക്കുകളും പുസ്തകങ്ങളും മറ്റും വില്‍ക്കുന്ന സ്റ്റേഷനറിക്കട തുടങ്ങിയവ ഉണ്ടായിരുന്നു. കുട നന്നാക്കുന്നവര്‍, പന്തല്‍ ഡെക്കറേഷന്‍കാര്‍ എന്നിവരുടെയും കുറച്ചു പടിഞ്ഞാറുമാറി തേങ്ങ വെട്ടുന്നവരുടെയും സങ്കേതങ്ങളും കള്ളുഷാപ്പും ചന്തയോട് ചേര്‍ന്നുണ്ടായിരുന്നു. അക്കാലത്തെ പ്രമുഖ ചന്തകളില്‍ എന്തൊക്കെ തരം കച്ചവടങ്ങള്‍ ഉണ്ടായിരുന്നോ അതെല്ലാംതന്നെ മങ്കൊമ്പ് ചന്തയിലുമുണ്ടായിരുന്നു.
നെടുമുടി, ചതുര്‍ത്ഥ്യാകരി, ചേന്നങ്കരി, തെക്കേക്കര, വേഴപ്ര, കൊടുപ്പുന്ന, പുളിങ്കുന്ന് പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ മങ്കൊമ്പിലെ അവിട്ടം തിരുനാള്‍ ഹൈസ്‌കൂളില്‍ പഠിക്കാനെത്തി. കുറച്ചുകാലം മങ്കൊമ്പില്‍ ടി.ടി.സി പ്രവര്‍ത്തിച്ചിരുന്നു. അവിടെ പഠിക്കാനായി കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. പുളിങ്കുന്നില്‍ നിന്നും താലൂക്ക് ഓഫീസ് തെക്കേക്കരയിലേക്ക് മാറ്റിയപ്പോഴും അവിടുത്തെ കെട്ടിട ദൗര്‍ലഭ്യം മൂലം ചില സര്‍ക്കാര്‍ ഓഫീസുകള്‍ മങ്കൊമ്പില്‍ തന്നെ പ്രവര്‍ത്തിച്ചു. മങ്കൊമ്പിന്റെ ആ സുവര്‍ണ കാലത്ത് ജനങ്ങളുടെ വരവും പോക്കുമായി രാപകലെന്നില്ലാതെ പൊതുവിടങ്ങളും കൃഷിയിടങ്ങളും സജീവമായിരുന്നു.
ചുരുക്കത്തില്‍ രാവിലെയും വൈകിട്ടും ചന്തവഴിയിലൂടെ ജനങ്ങളുടെ ഒഴുക്കായിരുന്നു. ഈ വികസനങ്ങള്‍ക്കൊപ്പം തന്നെ ഏതാനും പേരുടെ ശ്രമ ഫലമായി Y.M.P.A.C എന്ന പേരില്‍ ഒരു വായനശാലയും സ്റ്റാച്യൂ റോഡിന് സമീപം സ്ഥാപിതമായി. ഒരു ഗ്രാമത്തിനാവശ്യമായ വിദ്യാഭ്യാസ-സാംസ്‌കാരിക കേന്ദ്രങ്ങള്‍ അടുത്തടുത്തായി നിലവില്‍ വന്നു. എല്ലാം ക്ഷണപ്രഭാചഞ്ചലം എന്ന് പറയുന്നത് പോലെ കുട്ടനാട്ടിലെ കാര്‍ഷിക രംഗത്ത് ക്രമേണയുണ്ടായ തകര്‍ച്ചയും വികസന സങ്കല്പങ്ങളിലെ മാറ്റങ്ങളും കാരണമായി മങ്കൊമ്പിന്റെ പ്രതാപം കുറഞ്ഞു കുറഞ്ഞു വന്നു.
എല്ലാ ഗ്രാമങ്ങളിലെ സ്‌കൂളുകളും ഹൈസ്‌കൂളുകളായി മാറി.
ഇംഗ്ലീഷ് മീഡിയം - അണ്‍എയ്ഡഡ് സ്‌കൂളുകള്‍ കുട്ടനാട്ടില്‍ തന്നെ പലയിടത്തും ആരംഭിച്ചു. കര മാര്‍ഗമുള്ള ഗതാഗതത്തിന് പ്രാധാന്യം വന്നതോടെ ജലഗതാഗതം അപ്രായോഗികമായി. എ.സി റോഡിന്റെ വരവോടുകൂടി മങ്കൊമ്പിലെ മാത്രമല്ല ലോവര്‍ കുട്ടനാട്ടിലെ മനുഷ്യരുടെ ദൈനംദിന സഞ്ചാര പഥങ്ങള്‍ റോഡ് മാര്‍ഗം ചങ്ങനാശേരിയിലേക്കും ആലപ്പുഴയിലേക്കും നീണ്ടു. പ്രാദേശികമായി ഒരു ചന്ത നിലനില്‍ക്കേണ്ട ആവശ്യം മങ്കൊമ്പില്‍ ക്രമേണ ഇല്ലാതെയായി. ക്രമേണ ക്ഷയിച്ച് ക്ഷയിച്ച് ചന്ത അപ്രത്യക്ഷമായി.
മുപ്പത് വര്‍ഷം നീണ്ട പ്രതാപ കാലവും പിന്നീടുണ്ടായ മന്ദതയുടെ കാലവും കടന്ന് അവിടെ അങ്ങനെ ഒന്നുണ്ടായിരുന്നു എന്ന് വരും തലമുറയോട് പറയേണ്ടി വരുമ്പോള്‍ തെളിവായി കാട്ടാന്‍ മാത്രമുള്ള ചില അവശേഷിപ്പുകളുമായി മങ്കൊമ്പ് ചന്ത നിലനിന്ന സ്ഥലം മണിമലയാറിന്റെ തീരത്ത് കാണാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.