യമന്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി: തന്ത്രപ്രധാന തുറമുഖ നഗരമായ മോഖ ഹൂതികള്‍ പിടിച്ചെടുത്തു; ആഗോള എണ്ണ വിതരണത്തില്‍ കരിനിഴല്‍

യമന്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി: തന്ത്രപ്രധാന തുറമുഖ നഗരമായ മോഖ ഹൂതികള്‍ പിടിച്ചെടുത്തു; ആഗോള എണ്ണ വിതരണത്തില്‍ കരിനിഴല്‍

സന: യമനിലെ സര്‍ക്കാരിന് കനത്ത തിരിച്ചടിയേകി തന്ത്രപ്രധാന തുറമുഖ നഗരമായ മോഖ ഹൂതി വിമതര്‍ പിടിച്ചെടുത്തു. ചെങ്കടലിലെ നിര്‍ണായക കപ്പല്‍പ്പാതയായ ബാബ് അല്‍-മന്ദേബ് കടലിടുക്കിന്മേല്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാന്‍ സഹായിക്കുന്നതാണ് ഹൂതികളുടെ ഈ പുതിയ നീക്കം. വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഹൂതികള്‍ മോഖയില്‍ പ്രവേശിക്കുകയും നഗരത്തിലെ പ്രധാന കവലകളില്‍ നിലയുറപ്പിക്കുകയും ചെയ്തിരിക്കുകയുമാണ്.

ചെങ്കടലിനെ ഏദന്‍ ഉള്‍ക്കടലുമായും ഇന്ത്യന്‍ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന ബാബ് അല്‍-മന്ദേബ് കടലിടുക്കില്‍ നിന്ന് വെറും 80 കിലോമീറ്റര്‍ മാത്രം അകലെയാണ് മോഖ സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ നിയന്ത്രണം കൈക്കലാക്കിയതോടെ ഈ വഴി കടന്നുപോകുന്ന ആഗോള കപ്പല്‍ ഗതാഗതത്തിനും എണ്ണ വിതരണത്തിനും മേല്‍ വലിയ ഭീഷണി ഉയര്‍ത്താന്‍ ഹൂതികള്‍ക്ക് കഴിയും. മോഖയ്ക്ക് പുറമേ സ്ട്രാറ്റജിക് പ്രാധാന്യമുള്ള ഹാനിഷ് ദ്വീപുകള്‍ക്ക് നേരെയും ഹൂതികള്‍ ആക്രമണം ശക്തമാക്കിയതായി യമന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ചെയ്തു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ നിലവില്‍ ഇറാന്‍-യു.എസ് യുദ്ധത്തിലും പങ്കാളികളാണ്.

ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങളെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ നിലവില്‍ ചെങ്കടല്‍ പാതയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസം ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ വില കുതിച്ചുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സൗദിക്ക് നേരെ ആക്രമണം നടത്തുകയും ബാബ് അല്‍-മന്ദേബ് വഴിയുള്ള ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തുകയും ചെയ്ത ഹൂതികളുടെ നീക്കം ആഗോള സാമ്പത്തിക മേഖലയെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

2014 ല്‍ യമന്‍ തലസ്ഥാനമായ സന ഹൂതികള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ഔദ്യോഗിക സര്‍ക്കാര്‍ തെക്കന്‍ നഗരമായ ഏദനിലേക്ക് മാറിയത്. യമന്‍ സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ശ്രമിക്കുന്നുണ്ടെങ്കിലും മേഖലയിലെ ഹൂതികളുടെ സ്വാധീനം ദിനംപ്രതി വര്‍ധിച്ച് വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.