ക്രൈസ്തവ സമൂഹം വേട്ടയാടപ്പെടുന്നത് ജനാധിപത്യത്തിന് ഭീഷണി: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

ക്രൈസ്തവ സമൂഹം വേട്ടയാടപ്പെടുന്നത് ജനാധിപത്യത്തിന് ഭീഷണി: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: ലോകമെമ്പാടും ഭാരതത്തിലും ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും വര്‍ധിച്ച് വരുന്നത് അങ്ങേയറ്റം വേദനാജനകവും ആശങ്കാജനകവുമാണെന്ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ട രാജ്യങ്ങളില്‍ പോലും സമാധാനകാംക്ഷികളായ ക്രൈസ്തവ സമൂഹം വേട്ടയാടപ്പെടുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും അദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം..

സഭയ്ക്കും വിശ്വാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ഉണ്ടാകുന്ന അക്രമങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ നിലപാട് സ്വീകരിക്കുന്നതിന് പകരം പരാതികള്‍ ഉയരുമ്പോള്‍ സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമീപനം തിരുത്തപ്പെടണമെന്നും ഭരണഘടനാപരമായ മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാന്‍ നിയമപാലകരും നീതിപീഠങ്ങളും മുന്നോട്ടുവരണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ഭാവിയെ ഏറ്റവും ഗുരുതരമായി ബാധിക്കുന്ന പ്രൊഫഷണലുകളുടെയും യുവജനങ്ങളുടെയും വിദേശ പ്രയാണത്തെക്കുറിച്ച് ബിഷപ്പ് ശക്തമായ ആശങ്ക രേഖപ്പെടുത്തി. പ്ലസ് ടു പഠനത്തിന് ശേഷം ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്കായി ലക്ഷക്കണക്കിന് കുട്ടികളാണ് വിദേശ യൂണിവേഴ്‌സിറ്റികളിലേക്ക് ചേക്കേറുന്നത്. വലിയ തുക കടമെടുത്തുള്ള ഈ പ്രയാണം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ബാങ്കിങ് രംഗത്തിനും വന്‍ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, റോബോട്ടിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ അത്യാധുനിക മേഖലകളിലെ ആഗോള നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും കേരളത്തില്‍ തന്നെ ആരംഭിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അദേഹം ആഹ്വാനം ചെയ്തു.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന ഗുണനിലവാര തകര്‍ച്ചയും ഭരണപരമായ അനാസ്ഥയും വിദേശ പഠനത്തിന് വേഗം കൂട്ടുന്നുണ്ട്. യോഗ്യതയുള്ളവര്‍ പുറത്ത് നില്‍ക്കുമ്പോള്‍ രാഷ്ട്രീയവും മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ച് യോഗ്യതയില്ലാത്തവര്‍ സര്‍വകലാശാലകളില്‍ അധ്യാപകരായി കയറിപ്പറ്റുന്ന പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്. ആധുനിക ലോകത്തിന് അനുയോജ്യമായ രീതിയില്‍ പാഠ്യ പദ്ധതികള്‍ പരിഷ്‌കരിക്കാന്‍ നമ്മുടെ സര്‍വകലാശാലകള്‍ തയാറാകണം. പ്രതികൂല സാഹചര്യങ്ങളിലും പാലാ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, തടനാട് നഴ്‌സിങ് കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നല്‍കുന്ന മികച്ച വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും മാതൃകാപരമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷിക മേഖല നേരിടുന്ന തകര്‍ച്ചയെക്കുറിച്ചും അദേഹം വിശദമാക്കി. റബര്‍ അടക്കമുള്ള വിളകളുടെ വിലയിടിവും വര്‍ധിച്ച് വരുന്ന വന്യ മൃഗശല്യവുംമൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും അദേഹം വ്യക്തമാക്കി. കൃഷി നാശം സംഭവിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും കൃത്യ സമയത്ത് താങ്ങുവിലയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഗ്രാമീണ മേഖലകളില്‍ കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുള്ള വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുകയും ന്യൂനപക്ഷ സുരക്ഷയും കാര്‍ഷിക പുനരുദ്ധാരണവും ഉറപ്പാക്കാന്‍ നീതിപൂര്‍വമായ ഭരണനടപടികള്‍ ഉണ്ടാകുകയും ചെയ്‌തെങ്കില്‍ മാത്രമേ കേരളത്തിന് സമഗ്രമായ വികസനം സാധ്യമാകൂ എന്ന് അഭിമുഖം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.