ഹൈന്ദവ നേതാക്കളുടെ സന്ദര്‍ശന വേളയില്‍ വനിതാ ജീവനക്കാരെ ഒഴിപ്പിച്ചതില്‍ പ്രതിഷേധം; ഐഫല്‍ ടവര്‍ അടച്ചിട്ടു

ഹൈന്ദവ നേതാക്കളുടെ സന്ദര്‍ശന വേളയില്‍ വനിതാ ജീവനക്കാരെ ഒഴിപ്പിച്ചതില്‍ പ്രതിഷേധം; ഐഫല്‍ ടവര്‍ അടച്ചിട്ടു

പാരീസ്: പാരീസിലെ ഐഫല്‍ ടവര്‍ സന്ദര്‍ശിക്കുന്നതിനായി ഹൈന്ദവ നേതാക്കള്‍ എത്തിയപ്പോള്‍ വനിത ജീവനക്കാരെ കാഴ്ചയില്‍പ്പെടാത്ത രീതിയില്‍ മാറ്റി നിര്‍ത്തിയതായി ആരോപണം. തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഐഫല്‍ ടവര്‍ താല്‍കാലികമായി അടച്ചു. സംഭവത്തില്‍ പാരീസ് മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

പാരീസിലെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് ബോച്ചസന്‍വാസി അക്ഷര് പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്തയുടെ (ബിഎപിഎസ്) നൂറിലേറെ ഹിന്ദു പ്രതിനിധികള്‍ ഐഫല്‍ ടവര്‍ കാണാനായി എത്തിയത്.

ഇവരുടെ സന്ദര്‍ശന സമയത്ത് സ്ത്രീ ജീവനക്കാരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതായും പുരുഷന്‍മാരെ ജോലിയില്‍ പ്രവേശിപ്പിച്ചതായുമാണ് ജീവനക്കാര്‍ പറയുന്നത്. മാനേജ്മെന്റിന്റെ ലിംഗ വിവേചന നടപടി ജീവനക്കാരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു.

പ്രതിഷേധത്തെത്തുടര്‍ന്ന് ബിഎപിഎസ് ക്ഷമാപണം നടത്തി. സംഭവത്തില്‍ ആര്‍ക്കെങ്കിലും വേദനയോ അസൗകര്യമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരോട് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പരസ്പര ബഹുമാനത്തിന്റെയും മറ്റുള്ളവരെ സേവിക്കുന്നതിന്റെയും സാര്‍വത്രിക മൂല്യങ്ങളോട് തങ്ങള്‍ ആഴത്തില്‍ പ്രതിജ്ഞാബദ്ധരാണെന്നും സംഘടന അറിയിച്ചു.

സംഭവത്തില്‍ പാരീസ് മേയര്‍ ഇമ്മാനുവല്‍ ഗ്രിഗോയര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നടപടി ശ്രദ്ധയില്‍പ്പെട്ടെന്നും അവരുടെ പ്രതിഷേധം തികച്ചും ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ലിംഗ ഭേദമില്ലാതെ എല്ലാവര്‍ക്കും വിവേചനമില്ലാതെ ജോലി ചെയ്യാനും സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയണം. പാരീസില്‍ എവിടെയും സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കണമെന്നും ഇത്തരം സാഹചര്യം വച്ചു പൊറുപ്പിക്കാനാവില്ലെന്നും മേയര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.