സൈബര്‍ തട്ടിപ്പുകള്‍ക്ക് എ.ഐ പൂട്ടിടുന്നു; മ്യൂള്‍ അക്കൗണ്ടുകള്‍ വേട്ടയാടാന്‍ ആര്‍.ബി.ഐയുടെ മ്യൂള്‍ഹണ്ട്

സൈബര്‍ തട്ടിപ്പുകള്‍ക്ക് എ.ഐ പൂട്ടിടുന്നു; മ്യൂള്‍ അക്കൗണ്ടുകള്‍ വേട്ടയാടാന്‍ ആര്‍.ബി.ഐയുടെ മ്യൂള്‍ഹണ്ട്

കൊച്ചി: രാജ്യത്ത് പെരുകുന്ന സൈബര്‍ ധനകാര്യ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സൈബര്‍ കുറ്റവാളികള്‍ പണം വകമാറ്റാന്‍ വ്യാപകമായി ഉപയോഗിക്കുന്ന മ്യൂള്‍ അക്കൗണ്ടുകള്‍ തത്സമയം കണ്ടെത്തി മരവിപ്പിക്കുന്നതിനായി ആര്‍.ബി.ഐ ഇന്നവേഷന്‍ ഹബ് മ്യൂള്‍ഹണ്ട് എ.ഐ എന്ന അത്യാധുനിക സംവിധാനം സജ്ജമാക്കി പ്രവര്‍ത്തനം ആരംഭിച്ചു.

ബാങ്കിങ് ശൃംഖലയ്ക്കുള്ളില്‍ തികച്ചും രഹസ്യാത്മകമായി പ്രവര്‍ത്തിക്കുന്ന ഈ എ.ഐ സംവിധാനം, സംശയാസ്പദമായ രീതിയില്‍ പെട്ടെന്ന് വന്‍ തുകകള്‍ വരികയും നിമിഷങ്ങള്‍ക്കകം മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറുകയും ചെയ്യുന്ന ഇടപാടുകളെ അപ്പപ്പോള്‍ തന്നെ തിരിച്ചറിയും.
ഒരേ മൊബൈല്‍ ഫോണ്‍, ഉപകരണം അല്ലെങ്കില്‍ ഐ.പി അഡ്രസ് എന്നിവ കേന്ദ്രീകരിച്ച് ഒന്നിലധികം ആളുകളുടെ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത് നിരീക്ഷിക്കാനും അക്കൗണ്ട് തുറക്കുന്ന വേളയില്‍ നല്‍കുന്ന വ്യാജ രേഖകളും വ്യാജ കെ.വൈ.സി വിവരങ്ങളും തടയാനും മ്യൂള്‍ഹണ്ട് എ.ഐയ്ക്ക് സാധിക്കും. തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് തത്സമയ മുന്നറിയിപ്പ് നല്‍കാന്‍ ഇതിലൂടെ സാധിക്കും.

കമ്മീഷന്‍ വ്യവസ്ഥയില്‍ വിദ്യാര്‍ഥികളുടെയും ഗ്രാമീണരുടെയും അക്കൗണ്ടുകള്‍ തട്ടിയെടുത്ത് തട്ടിപ്പ് സങ്കേതങ്ങളാക്കുന്നതാണ് മ്യൂള്‍ അക്കൗണ്ട് രീതി. നേരത്തെ ആര്‍.ബി.ഐ നടപ്പാക്കിയ സസ്‌പെക്റ്റ് രജിസ്ട്രി വഴി ഒരു വര്‍ഷത്തിനുള്ളില്‍ 24.67 ലക്ഷം മ്യൂള്‍ അക്കൗണ്ടുകള്‍ കണ്ടെത്തുകയും 8031 കോടി രൂപയിലധികം വരുന്ന അനധികൃത കൈമാറ്റങ്ങള്‍ തടയുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എ.ഐ അധിഷ്ഠിത നിരീക്ഷണം ബാങ്കിങ് മേഖലയില്‍ കൂടുതല്‍ ശക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.