മോസ്‌കോ: ജോലിയുമായി ബന്ധപ്പെട്ട് റഷ്യയിലെത്തിയ ഇന്ത്യന്‍ പൗരനെ റഷ്യന്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും നിര്‍ബന്ധിതമായി സൈന്യത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന ഗുരുതര ആരോപണവുമായി കുടുംബം. കാന്‍പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മാണ കമ്പനിയിലെ എന്‍ജിനീയറായ ചന്ദന്‍ ഗുപ്തയുടെ കുടുംബമാണ് രംഗത്തെയിരിക്കുന്നത്.
ഞായറാഴ്ച ഉച്ചയോടെയാണ് ഇദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഭാര്യ സ്‌നേഹ ചന്ദന്‍ ഗുപ്ത വെളിപ്പെടുത്തി. പത്ത് വയസുകാരനായ മകനോടൊപ്പം മോസ്‌കോയില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ സുരക്ഷിതമായ തിരിച്ച് വരവിന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ഥിച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ റഷ്യയിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ നേരിട്ട് ഇടപെടുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും സ്‌നേഹയുമായും പ്രാദേശിക റഷ്യന്‍ അധികാരികളുമായും നിരന്തരം ബന്ധപ്പെട്ട് വരികയാണെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. റഷ്യ-ഉക്രെയ്ന്‍ യുദ്ധ രംഗത്തേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നതും നിര്‍ബന്ധിച്ച് സൈന്യത്തില്‍ ചേര്‍ക്കുന്നതും സംബന്ധിച്ച ആശങ്കകള്‍ ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം.
റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ പങ്കെടുത്ത 26 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2025 ഡിസംബര്‍ വരെയുള്ള വിവരങ്ങള്‍ പ്രകാരം 202 ഇന്ത്യക്കാരെയാണ് റഷ്യന്‍ സേനയിലേക്ക് റിക്രൂട്ട് ചെയ്തത്. നിരന്തരമായ നയതന്ത്ര ഇടപെടലുകളെ തുടര്‍ന്ന് ഇതില്‍ 139 പേരെ വിജയകരമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.