തരാനെയ്ക്ക് തൂക്കു കയര്‍; റോമിനയ്ക്ക് കല്‍ത്തുറങ്ക്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ഇരട്ട സഹോദരിമാര്‍ക്ക് അതികഠിന ശിക്ഷ നല്‍കി ഇറാന്‍

തരാനെയ്ക്ക് തൂക്കു കയര്‍; റോമിനയ്ക്ക് കല്‍ത്തുറങ്ക്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ഇരട്ട സഹോദരിമാര്‍ക്ക് അതികഠിന ശിക്ഷ നല്‍കി ഇറാന്‍

തരാനെയും റോമിനയും

ജയിലില്‍ ക്രൂര പീഡനം... കൈകാല്‍ മുട്ടുകള്‍ തകര്‍ത്തു, മുടി പിഴുതെടുത്തു.

ടെഹ്റാന്‍: ഈ വര്‍ഷം ആദ്യം ഇറാനില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് പത്തൊമ്പതുകാരായ ഇരട്ട സഹോദരിമാരില്‍ ഒരാള്‍ക്ക് വധ ശിക്ഷയും മറ്റൊരാള്‍ക്ക് കഠിന തടവും. തരാനെ റഹീമി, റോമിന റഹീമി എന്നിവര്‍ക്കാണ് അതി കഠിനമായ ശിക്ഷ ലഭിച്ചത്. ഇതില്‍ തരാനെയ്ക്ക് വധ ശിക്ഷയും റോമിനയ്ക്ക് 25 വര്‍ഷത്തെ കഠിന തടവുമാണ് വിധിച്ചിരിക്കുന്നത്.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഇരുവരെയും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്പ്സ് വീട്ടില്‍ അതിക്രമിച്ചു കയറി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. ഇരുവരെയും എവിടെയാണ് കൊണ്ടുപോയതെന്ന് നാലുമാസം വരെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നില്ല.

മാതാവ് മര്‍സിയ നോര്‍മൊഹമ്മദി ആശുപത്രികളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നടത്തിയ തെരച്ചിലിനൊടുവില്‍ ഇസ്ഫഹാനിലെ ദൗലതാബാദ് ജയിലില്‍ മക്കളെ പാര്‍പ്പിച്ചിരിക്കുന്നതായി കണ്ടെത്തി.

കഴിഞ്ഞ മെയിലാണ് മക്കളെ കാണാന്‍ മാതാവിന് അനുമതി ലഭിച്ചത്. എന്നാല്‍ ഇരുവരുടെയും ശരീരവും മുഖവും മര്‍ദ്ദനമേറ്റ് വീര്‍ത്ത് പോയതിനാല്‍ സ്വന്തം മക്കളെ തിരിച്ചറിയാന്‍ മര്‍സിയക്ക് സാധിച്ചില്ല.

പെണ്‍കുട്ടികളുടെ കൈമുട്ടും കാല്‍മുട്ടും കാല്‍പാദങ്ങളും തകര്‍ന്ന നിലയിലായിരുന്നുവെന്ന് ഒരു ബന്ധു പറഞ്ഞു. മുടി മുഴുവന്‍ പിഴുതെടുത്ത നിലയിലായിരുന്നു. ഇവരെ ഏകാന്ത തടവിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.

തന്നെ ക്രൂരമായി പീഡിപ്പിച്ചതായും ബലമായി കുറ്റസമ്മതം നടത്തിച്ചതായും തരാനെ കോടതിയില്‍ അറിയിച്ചു. കുറ്റസമ്മത പത്രത്തില്‍ ഒപ്പുവച്ചില്ലെങ്കില്‍ തന്റെ മുന്നില്‍ വച്ച് സഹോദരിയെ ബലാത്സംഗം ചെയ്യുമെന്ന് ജയില്‍ ഗാര്‍ഡുകള്‍ തരാനെയെ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിക്കുന്നു.

മക്കളുടെ വിചാരണ വേളയില്‍ പങ്കെടുക്കാന്‍ മര്‍സിയയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല. കഠിനമായ പീഡനത്തിനു ശേഷമാണ് സഹോദരിമാരെക്കൊണ്ട് കുറ്റസമ്മതം നടത്തിച്ചതെന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമങ്ങളില്‍ സഹോദരിമാര്‍ പങ്കെടുത്തതിന് തെളിവില്ലെന്നും ഇരുവരും മുന്‍പൊരിക്കലും പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ജനുവരി എട്ട്, ഒന്‍പത് തിയതികളില്‍ ഇസ്ഫഹാനില്‍ നടന്ന പ്രക്ഷോഭത്തിലാണ് ദശലക്ഷക്കണക്കിന് ആളുകള്‍ക്കൊപ്പം ഇരട്ട സഹോദരിമാരും പങ്കെടുത്തത്. ഒരു മാസത്തിനു ശേഷം ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് ഇരുവരെയും വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടു പോവുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.