പാകിസ്ഥാനിലെ മരിയാമാബാദില്‍ തീര്‍ത്ഥാടനത്തിന് ഭക്തജന പ്രവാഹം; മഴയും വെള്ളപ്പൊക്ക ഭീഷണിയും അവഗണിച്ച് മാതൃഭക്തര്‍

പാകിസ്ഥാനിലെ മരിയാമാബാദില്‍ തീര്‍ത്ഥാടനത്തിന് ഭക്തജന പ്രവാഹം; മഴയും വെള്ളപ്പൊക്ക ഭീഷണിയും അവഗണിച്ച് മാതൃഭക്തര്‍

ലാഹോര്‍: ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ തുടരുമ്പോഴും പാകിസ്ഥാനിലെ മരിയാമാബാദിലുള്ള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എഴുപത്തിയേഴാമത് ദേശീയ തീര്‍ത്ഥാടനത്തില്‍ ഭക്തജന തിരക്ക്.

തോരാത്ത മഴയിലും പതിനായിരങ്ങളാണ് ഇവിടേക്ക് എത്തുന്നത്. വെള്ളിയാഴ്ച ആരംഭിച്ച തീര്‍ത്ഥാടനം ഞായറാഴ്ച സമാപിക്കും. പാകിസ്ഥാന്‍ കത്തോലിക്കാ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ സംഗമമാണിത്.

മഴയും പ്രതികൂല സാഹചര്യങ്ങളും വിശ്വാസികളുടെ ഭക്തിയെ തളര്‍ത്തുന്നില്ല എന്നത് ഹൃദയ സ്പര്‍ശിയായ കാഴ്ചയാണെന്ന് ലാഹോര്‍ അതിരൂപത വക്താവും കപ്പൂച്ചിന്‍ സന്യാസിയുമായ ഫാദര്‍ ഖൈസര്‍ ഫെറോസ് പറഞ്ഞു.

കനത്ത മഴ മൂലം പലയിടത്തും വെള്ളപ്പൊക്ക ഭീഷണിയുണ്ടെങ്കിലും മാതാവിനോടുള്ള സ്‌നേഹത്താലും ഭക്തിയാലും പ്രേരിതരായി വിശ്വാസികള്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് എത്തിച്ചേരുന്നു.

ഏകദേശം അഞ്ച് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഈ വര്‍ഷം മരിയാമാബാദില്‍ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാല്‍നടയായും സൈക്കിളിലും ബസുകളിലും ട്രക്കുകളിലുമായി വലിയ സംഘങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ലാഹോര്‍ ആര്‍ച്ച് ബിഷപ്പ് ഖാലിദ് റഹ്‌മത്ത് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിച്ചു. കത്തോലിക്കര്‍ക്ക് പുറമെ മുസ്ലിം, ഹിന്ദു മതവിഭാഗങ്ങളില്‍പ്പെട്ടവരും മാതാവിന്റെ അനുഗ്രഹം തേടി ഇവിടെ എത്തുന്നു എന്നത് ഈ തീര്‍ത്ഥാടനത്തിന്റെ സവിശേഷതയാണ്.

'മറിയത്തിന്റെ നഗരം' എന്നറിയപ്പെടുന്ന മറിയാമാബാദ് പഞ്ചാബ് പ്രവിശ്യയില്‍ ലാഹോറില്‍ നിന്ന് 80 കിലോ മീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബെല്‍ജിയത്തില്‍ നിന്നുള്ള കപ്പൂച്ചിന്‍ മിഷനറിമാരാണ് ഈ ഗ്രാമം സ്ഥാപിച്ചത്.

അക്കാലത്ത് കടുത്ത വിവേചനവും അടിമത്ത സമാനമായ സാഹചര്യങ്ങളും അനുഭവിച്ചിരുന്ന ക്രൈസ്തവ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഫാദര്‍ ഫെലിക്‌സ് വാന്‍ ഡി പുട്ടെ മുന്‍കൈ എടുത്താണ് ഈ സ്ഥലം വാങ്ങിയത്. 1898 ല്‍ ഇവിടെ ആദ്യ ദേവാലയം നിര്‍മ്മിക്കപ്പെട്ടു. 1949 ലാണ് മരിയാമാബാദിനെ പാകിസ്ഥാന്റെ ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.