കോട്ടയം: കായിക പ്രേമികള്‍ക്ക് വ്യത്യസ്ത കളി അനുഭവം സമ്മാനിക്കാന്‍ വൈദികരുടെ ക്രിക്കറ്റ് മത്സരം. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ വൈദികര്‍ അണിനിരക്കുന്ന 'കത്തനാര്‍ ക്രിക്കറ്റ് ലീഗിന്' ബുധനാഴ്ച പുതുപ്പള്ളിയില്‍ തുടക്കമാകും. ളോഹയില്‍ നിന്ന് തല്‍ക്കാലം ജേഴ്‌സിയിലേക്ക് വഴിമാറി അച്ചന്മാര്‍ ക്രിക്കറ്റ് ബാറ്റും പന്തുമായി കളം നിറയും.
തികച്ചും വ്യത്യസ്തമായ ഈ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്രഥമ പതിപ്പിന് സെപ്റ്റംബര്‍ ഒന്‍പതിന് പുതുപ്പള്ളി ബെയില്‍ സരീനയിലാണ് ഔദ്യോഗികമായി തുടക്കമാകുന്നത്. കേരളമെമ്പാടുമുള്ള വിവിധ കത്തോലിക്കാ സഭകളില്‍ നിന്നും മറ്റ് സഭകളില്‍ നിന്നുമുള്ള വൈദികര്‍ ഉള്‍പ്പെടുന്ന ആകെ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
കളിക്കളത്തിലെ ജയപരാജയങ്ങള്‍ക്കോ വാശിക്കോ അപ്പുറം, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ പരസ്പര സൗഹൃദം വര്‍ധിപ്പിക്കുക എന്നതാണ് തങ്ങള്‍ ഏറെ നാളായി ആഗ്രഹിച്ച ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് വൈദികര്‍ വ്യക്തമാക്കുന്നു.

ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്നതിലുപരി, വൈദിക പഠനകാലത്തെ പഴയ സെമിനാരി സുഹൃത്തുക്കള്‍ക്ക് വീണ്ടും ഒരുമിച്ച് കൂടാനുള്ള ഒരു വലിയ അവസരം കൂടിയാണിത്. വിവിധ സെമിനാരികളില്‍ ഒന്നിച്ച് പഠിച്ച ശേഷം രൂപതകളിലേക്ക് വൈദിക ശുശ്രൂഷയ്ക്കായി പിരിഞ്ഞുപോയ വൈദികര്‍ക്ക് ഒന്നിച്ചു ചേരാനും സാഹോദര്യം പങ്കുവെക്കാനും ഇത് വഴിയൊരുക്കും.
ചങ്ങനാശേരി അതിരൂപതയിലെ വൈദികര്‍ ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളാകുന്ന ടീമിന് അമ്പതിനായിരം രൂപയും കെസിഎല്‍ ട്രോഫിയുമാണ് സമ്മാനം. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള പരിശീലനങ്ങളും വൈദികരുടെ നെറ്റ് പ്രാക്ടീസും പുതുപ്പള്ളിയില്‍ പുരോഗമിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.