തൃശൂര്‍: കയ്പമംഗലത്ത് എട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ജീവനെടുത്ത ദാരുണാപകടത്തിന്റെ ആഘാതം മാറും മുന്‍പേ തൃശൂരില്‍ വീണ്ടും കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച അര്‍ധരാത്രി കുന്നംകുളത്തുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ ദമ്പതികളും മൂന്നു വയസുള്ള മകനുമാണ് മരിച്ചത്.
ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി താഴത്ത് വീട്ടില്‍ മുനീര്‍ (35), ഭാര്യ സഫ്‌ന (25), മകന്‍ യമില്‍ ഐബക്ക് (3) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ഗുരുവായൂര്‍ കുന്നംകുളം പാതയില്‍ ശനിയാഴ്ച രാത്രി 12 ന് ആയിരുന്നു അപകടം.
വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം കുന്നംകുളത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. യാത്രാമധ്യേ ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് റോഡരികില്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുമ്പോഴാണ് അതേ ദിശയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണു.
നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറിലേക്ക് തെറിച്ചുവീണ് ട്രാന്‍സ്‌ഫോര്‍മര്‍ തകരുകയും ലൈനുകള്‍ പൊട്ടിവീഴുകയും ചെയ്തു. ലൈന്‍ പൊട്ടിവീണത് ആദ്യ ഘട്ടത്തില്‍ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഉടന്‍ തന്നെ പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന യുവാക്കള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കടന്നുകളഞ്ഞ യുവാക്കള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി കയ്പമംഗലം പനമ്പിക്കുന്ന് ദേശീയപാതയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് ഡിണ്ടിഗല്‍ സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ എട്ട് വിദ്യാര്‍ഥികള്‍ മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് ജില്ല മുക്തമാകും മുന്‍പാണ് കുന്നംകുളത്തും വീണ്ടും ദാരുണമായ അപകടമുണ്ടായിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.