വിയറ്റ്നാം: വിയറ്റ്നാമില്‍ നടന്ന 73-ാമത് മിസ് വേള്‍ഡ് 2026 മത്സരത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള ആഗോള ഭംഗിയുടെ തിലകച്ചാര്‍ത്ത് അണിഞ്ഞു. ഫൈനല്‍ പോരാട്ടത്തില്‍ മുന്‍ മിസ് വേള്‍ഡ് തായ്‌ലന്‍ഡിന്റെ ഓപ്പല്‍ സുചാത ചുവാങ്ശ്രീയാണ് പുതിയ വിജയിയെ ലോകസുന്ദരി കിരീടം അണിയിച്ചത്. മത്സരത്തില്‍ സ്പെയിന്റെ എലിസബത്ത് റെയ്നസ് ഫസ്റ്റ് റണ്ണറപ്പായും മലേഷ്യയുടെ താനുസിയ ചെട്ടി സെക്കന്‍ഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
എറിത്രിയയുടെ സ്നിറ്റ് ഹബ്തേബ്, വിയറ്റ്നാമിന്റെ ലെ ങ്ഗുയെന്‍ ബാഓ ങ്ഗോക്, ദക്ഷിണാഫ്രിക്കയുടെ റൊമാന്‍ഡ ഹോംബിര്‍ എന്നിവരാണ് ടോപ് 6 ഫൈനലില്‍ ഇടംപിടിച്ച മറ്റ് മത്സരാര്‍ഥികള്‍.

കേവലം ബാഹ്യ സൗന്ദര്യത്തിനപ്പുറം വേറിട്ട സാമൂഹിക പ്രതിബദ്ധതയും പ്രവര്‍ത്തന മികവും തെളിയിച്ചാണ് ഇരുപത്തിയാറുകാരിയായ ജൊഹെയ്റി മോള കിരീടനേട്ടത്തിലേക്ക് എത്തിയത്. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദധാരിയായ ഇവര്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയും മികച്ചൊരു കമ്യൂണിക്കേറ്ററുമാണ്. സാഹിത്യം, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികയായ ജൊഹെയ്റി, പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ വോയ്‌സസ് ഓഫ് ടുമാറോ എന്ന സംഘടനയ്ക്കും രൂപം നല്‍കിയിട്ടുണ്ട്.
കൂടാതെ പ്രമുഖ മാധ്യമ ശൃംഖലയായ യൂണിവിഷന്‍ ന്യൂയോര്‍ക്കിന്റെ പ്രാദേശിക വാര്‍ത്താ വിഭാഗത്തില്‍ റിപ്പാര്‍ട്ടറായി പ്രവര്‍ത്തിച്ച പരിചയ സമ്പത്തും ഇവര്‍ക്കുണ്ട്.

അതേസമയം ലോകസുന്ദരി വേദിയില്‍ വലിയ പ്രതീക്ഷകളോടെ എത്തിയ ഇന്ത്യന്‍ പ്രതിനിധി നികിത പൊര്‍വാളിന് ടോപ്പ് 40 റൗണ്ടിനപ്പുറത്തേക്ക് കടക്കാനായില്ല. മികവുറ്റ പ്രകടനത്തിലൂടെ മത്സരവേദിയില്‍ ശ്രദ്ധ നേടാനും മിസ് വേള്‍ഡ് പ്ലാറ്റ്ഫോമില്‍ ഇന്ത്യയുടെ സാന്നിധ്യം ശക്തമായി അടയാളപ്പെടുത്താനും നികിതയ്ക്ക് സാധിച്ചെങ്കിലും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.