മൂന്നാര്‍: പള്ളിവാസലില്‍ മലനിരകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കല്‍ക്കുരിശില്‍ക്കയറി ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ നാല് യുവാക്കളെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഉണ്ണിക്കുളം സ്വദേശി മുഹമ്മദ് അജ്മിന്‍, പുതുപ്പാടി സ്വദേശി മുഹമ്മദ് നിസാന്‍, താമരശേരി സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് മുഖ്താര്‍ എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബര്‍ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിവാസലില്‍ നീലക്കുറിഞ്ഞി പൂത്തതറിഞ്ഞ് കാണാനെത്തിയ സംഘം, പ്രദേശത്തെ സെന്റ് ആന്റ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട് മലമുകളില്‍ സ്ഥാപിച്ചിരുന്ന കുരിശില്‍ കയറിനിന്ന് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. സാധാരണയായി പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത മേഖലയാണിത്.
തുടര്‍ന്ന് ഈ ചിത്രങ്ങളും ദൃശ്യങ്ങളും ഇവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംഭവം വന്‍ വിവാദമാവുകയും ക്രൈസ്തവ സമൂഹത്തിന്റെ പ്രക്ഷോഭത്തിന് ഇടയാക്കുകയും ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. മൂന്നാര്‍ എ.എസ്.പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
മതവികാരം വ്രണപ്പെടുത്തിയത് അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ രീതിയില്‍ ആരാധനാ ചിഹ്നങ്ങളെ അപമാനിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.