തിരുവനന്തപുരം: വിവാദമായ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകളുണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോണ്‍. ഏറ്റവും ഒടുവില്‍ ലഭിച്ച ഇമെയില്‍ പരാതിയില്‍ ഗുരുതരമായ കാര്യങ്ങളാണുള്ളത്.
ഏതാനും ദിവസം മുമ്പ് ഒരു മാധ്യമ പ്രവര്ത്തകന് മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് സാക്ഷിയാണെന്നാണ് അതില്‍ പറഞ്ഞിരിക്കുന്നതെന്നും ഇതേക്കുറിച്ചെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അന്നത്തെ ഒരു മാധ്യമത്തിന്റെ ഓഫീസിലേക്ക് മൂന്നുപേര്‍ വരികയും മാധ്യമ പ്രവര്ത്തകന് കേട്ടുകൊണ്ടിരിക്കെ ചര്‍ച്ച നടത്തിയെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഇതിനെല്ലാം ശേഷമാണ് മുന്‍ ചീഫ് സെക്രട്ടറി ജയതിലകിന്റെ വിചിത്രമായ ഉത്തരവ് വന്നത്.
ഇതിന് ആധാരമായ കാര്യങ്ങളെല്ലാം അവിടെ നിന്നാണ്. ഒരു അപേക്ഷ ചിലരില്‍ നിന്നും കിട്ടുമ്പോള്‍, അതേപ്പറ്റിയുള്ള ചര്‍ച്ചയില്‍ വ്യാപകമായ മരംമുറിക്ക് ഇടവരുത്തുമെന്ന് വനം വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മിനിറ്റ്സിലുണ്ട്. ആ മിനിറ്റ്സ് നിലനില്‍ക്കെയാണ് ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വനം മന്ത്രി പറഞ്ഞു.
ഇതേപ്പറ്റിയെല്ലാം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശനോടും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് അന്ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വീഴ്ചയുണ്ടെങ്കില്‍, അതടക്കം പരിശോധിച്ച് കുറ്റമറ്റ നിലയിലുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ നടപടിയുണ്ടാകും. മരംമുറി അന്വേഷണത്തില്‍ അട്ടിമറി ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും.
108 ഈട്ടിത്തടികളാണ് മുട്ടില്‍ മരംമുറി കേസ് പ്രതികളില്‍ നിന്ന് പിടിച്ചത്. അന്ന് പിടിച്ചപ്പോള്‍ വനംവകുപ്പിന് ഈ മരങ്ങള്‍ എവിടെ നിന്നാണെന്ന് അറിയില്ലെന്നാണ് താന്‍ നേരത്തെ പറഞ്ഞത്. ഇത് വളച്ചൊടിക്കാന്‍ ശ്രമമുണ്ടായെന്നും മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.