ആറാം ശ്രമത്തില്‍ കൈവിട്ട സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് ലോങ് ജംപില്‍ ആന്‍സി സോജന് വെള്ളി

ആറാം ശ്രമത്തില്‍ കൈവിട്ട സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് ലോങ് ജംപില്‍ ആന്‍സി സോജന് വെള്ളി

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ലോങ് ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി മെഡല്‍. അവസാന നിമിഷം വരെ സ്വര്‍ണ പ്രതീക്ഷ നിലനിര്‍ത്തിയ ആന്‍സിയെ ആറാം ശ്രമത്തില്‍ മറികടന്ന് ചൈനയുടെ യിങ്ഗിങ് ഹുവാങ് സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു. 6.55 മീറ്റര്‍ ചാടിയാണ് ചൈനീസ് താരം ഒന്നാമതെത്തിയത്. 6.53 മീറ്റര്‍ ദൂരം കണ്ടെത്തിയ ആന്‍സി തുടര്‍ച്ചയായ രണ്ടാം ഏഷ്യന്‍ ഗെയിംസിലാണ് വെള്ളി മെഡല്‍ നേട്ടത്തിലെത്തുന്നത്.

മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് ആന്‍സി കാഴ്ചവെച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ 6.49 മീറ്റര്‍ ദൂരം താണ്ടിയ ആന്‍സി തുടക്കത്തില്‍ തന്നെ ലീഡ് നേടി. രണ്ടാം ശ്രമം ഫൗളായെങ്കിലും മൂന്നാം ശ്രമത്തില്‍ 6.46 മീറ്റര്‍ ചാടി ഒന്നാം സ്ഥാനം നിലനിര്‍ത്തി. അഞ്ചാം ശ്രമത്തില്‍ ചൈനീസ് താരം 6.49 മീറ്റര്‍ ചാടി ആന്‍സിക്കൊപ്പമെത്തിയെങ്കിലും, തൊട്ടടുത്ത ശ്രമത്തില്‍ 6.53 മീറ്റര്‍ ദൂരം കണ്ടെത്തി ആന്‍സി സ്വര്‍ണം ഉറപ്പിച്ച മട്ടായിരുന്നു. എന്നാല്‍ നിര്‍ണായകമായ അവസാന ശ്രമത്തില്‍ വെറും രണ്ട് സെന്റീമീറ്ററിന്റെ വ്യത്യാസത്തില്‍ ചൈനീസ് താരം ലീഡ് പിടിച്ചെടുക്കുകയായിരുന്നു.

ഹാങ്ചൗവില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും 6.63 മീറ്റര്‍ ചാടി ആന്‍സി വെള്ളി നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയ്ക്കായി ഒന്നിലധികം മെഡലുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന അപൂര്‍വ നേട്ടവും ഇതോടെ ആന്‍സിയ്ക്ക് സ്വന്തമായി. 2002 ല്‍ സ്വര്‍ണവും 2006 ല്‍ വെള്ളിയും നേടിയ അഞ്ജു ബോബി ജോര്‍ജാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചത്. 2018 ല്‍ ഇന്ത്യയുടെ നീനയും ഈ ഇനത്തില്‍ വെള്ളി നേടിയിരുന്നു.

മികച്ച ഫോമിലൂടെ കടന്നുപോകുന്ന ആന്‍സി 22 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് മറികടന്നാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസിനെത്തിയത്. 2004 ഏതന്‍സ് ഒളിംപിക്സില്‍ അഞ്ജു ബോബി ജോര്‍ജ് കുറിച്ച 6.83 മീറ്റര്‍ എന്ന റെക്കോഡ് കഴിഞ്ഞ ജൂണില്‍ ഭുവനേശ്വറില്‍ നടന്ന മീറ്റില്‍ 6.88 മീറ്ററാക്കി ആന്‍സി തിരുത്തിയിരുന്നു. ദക്ഷിണ കൊറിയയിലെ ഗുമിയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വെള്ളിയും, ജിയാന്‍ജിനില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കലവും ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം തുടരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.