അബുദാബി: അബുദാബിയില്‍ രഹസ്യ സന്ദര്‍ശനം നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി.
ബെന്‍-ഗുറിയന്‍ വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ അബുദാബിയിലെത്തിയ നെതന്യാഹു നാല് മണിക്കൂറോളം ഇവിടെ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. പിന്നീട് ഇസ്രയേലിലേക്ക് തന്നെ മടങ്ങി. എന്നാല്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
ഇതിനു മുന്‍പും ഇരുവരും തമ്മില്‍ രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നതായി വിവരങ്ങളുണ്ട്. കഴിഞ്ഞ മാര്‍ച്ച് 26 ന് ഒമാന്‍ അതിര്‍ത്തിയിലുള്ള അല്‍-ഐന്‍ നഗരത്തില്‍ നെതന്യാഹുവും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാല്‍ തന്റെ രാഷ്ട്രീയ എതിരാളിയായ നഫ്താലി ബെന്നറ്റ് യുഎഇ സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പ് നെതന്യാഹു ഈ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് അന്ന് ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പത്ത് ദിവസം മുന്‍പ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ രഹസ്യ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
ഹമാസിന്റെ ആക്രമണ സാധ്യതയെക്കുറിച്ച് അറിയിക്കാന്‍ ബിന്‍ സായിദ് നെതന്യാഹുവിനെ ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിവരം ഇസ്രയേല്‍ സൈന്യത്തിനോ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോ നെതന്യാഹു കൈമാറിയില്ലെന്നും ആരോപണമുണ്ട്.
എന്നാല്‍ അത്തരം ഫോണ്‍ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ നെതന്യാഹു വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക സുരക്ഷാ സ്ഥാപനങ്ങള്‍ വഴിയാണ് രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതെന്നും ഭരണത്തലവന്മാര്‍ നേരിട്ട് ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കാറില്ലെന്നും യുഎഇ ഭരണകൂടവും വ്യക്തമാക്കിയിരുന്നു.
മേഖലയില്‍ യുദ്ധവും സംഘര്‍ഷങ്ങളും നിലനില്‍ക്കുമ്പോഴും അബ്രഹാം ഉടമ്പടിയുടെ ഭാഗമായി ഇസ്രയേലും യുഎഇയും തമ്മിലുള്ള സഹകരണം തുടരുന്നതിന്റെ സൂചനയായാണ് സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എങ്കിലും ഭൗമ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും ഇരു രാജ്യങ്ങളും തമ്മില്‍ ആശയവിനിമനം നടക്കുന്നുവെന്ന് കൂടി വ്യക്തമാക്കുന്നതാണ് ഈ സന്ദര്‍ശനം.
മാത്രമല്ല, ഇറാന്റെ ആക്രമണത്തിന് ശേഷമുള്ള സാഹചര്യത്തില്‍ അമേരിക്കയും ഇസ്രയേലുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ യുഎഇ ശ്രമിച്ചിട്ടുണ്ട്. ഇസ്രയേലുമായുള്ള ബന്ധം പ്രാദേശിക തലത്തില്‍ സ്വാധീനം ഉറപ്പിക്കാനും അമേരിക്കയുമായി ആശയ വിനിമയം നടത്താനും അബുദാബിക്ക് വലിയ സഹായമാകുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.