കനത്ത മഴയും മണ്ണിടിച്ചിലും: ഉത്തരാഖണ്ഡില്‍ മലയാളി തീര്‍ഥാടകരുള്‍പ്പെടെ ആയിരത്തോളം പേര്‍ വഴിയില്‍ കുടുങ്ങി

കനത്ത മഴയും മണ്ണിടിച്ചിലും: ഉത്തരാഖണ്ഡില്‍ മലയാളി തീര്‍ഥാടകരുള്‍പ്പെടെ ആയിരത്തോളം പേര്‍ വഴിയില്‍ കുടുങ്ങി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് മലയാളി തീര്‍ഥാടകര്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ വഴിയില്‍ കുടുങ്ങി. കേദാര്‍നാഥില്‍ നിന്ന് ഗൗരികുണ്ഡിലേക്ക് മടങ്ങുകയായിരുന്ന തീര്‍ഥാടക സംഘമാണ് ഭീംബാലി എന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നത്. വഴിയില്‍ മണ്ണും കല്ലും വീണ് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് തീര്‍ഥാടകരെ തടയുകയായിരുന്നു.

രാവിലെ യാത്രയ്ക്ക് അനുയോജ്യമായ സാഹചര്യമാണെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് തീര്‍ഥാടകര്‍ കേദാര്‍നാഥില്‍ നിന്ന് താഴേക്ക് യാത്ര തിരിച്ചത്. എന്നാല്‍ യാത്ര പകുതിയായപ്പോഴേക്കും മഴ കനക്കുകയും വഴിയില്‍ മണ്ണിടിച്ചില്‍ രൂപപ്പെടുകയുമായിരുന്നു. പ്രദേശത്ത് അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ അടിയന്തരമായി ഇടപെട്ട് തങ്ങള്‍ക്ക് താമസസൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് കുടുങ്ങിക്കിടക്കുന്ന തീര്‍ഥാടകര്‍ ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡിന് പുറമെ മറ്റ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ വന്‍ നാശനഷ്ട വിതച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിലും കൊടുങ്കാറ്റിലും പെട്ട് 56 പേര്‍ മരണപ്പെടുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രളയസമാനമായ സാഹചര്യത്തെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങളും റോഡുകളും വെള്ളത്തിനടിയിലാവുകയും മേഖലയില്‍ വ്യാപക കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.