ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനിക്കാനായി അപൂര്‍വമായൊരു ഗിഫ്റ്റ് കരുതുകയും എന്നാല്‍ അത് കൈമാറാന്‍ സാധിക്കാതെ വരികയും ചെയ്ത കൗതുകകരമായ അനുഭവം പങ്കുവെച്ച് ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട്ട് ഡി വെവര്‍. പൂര്‍ണമായും പ്രശസ്തമായ ബെല്‍ജിയന്‍ ചോക്കലേറ്റ് കൊണ്ട് നിര്‍മിച്ച ഇന്ത്യാ ഗേറ്റിന്റെ മാതൃകയാണ് മോഡിക്ക് നല്‍കാന്‍ കരുതിയിരുന്നത്. എന്നാല്‍ ദീര്‍ഘദൂര യാത്രയെ അതിജീവിക്കാന്‍ ഈ ചോക്കലേറ്റ് ശില്‍പത്തിന് കഴിഞ്ഞില്ലെന്നും ഇന്ത്യയിലേക്കുള്ള വഴിമധ്യേ അത് കേടുപാടുകള്‍ സംഭവിച്ച് നശിച്ചുപോയെന്നും അദേഹം വെളിപ്പെടുത്തി.
ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതാണ് ബെല്‍ജിയം പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ്, സമ്മാനിക്കാന്‍ സാധിക്കാതെ പോയ ഈ പ്രത്യേക ഗിഫ്റ്റിനെക്കുറിച്ചുള്ള രസകരമായ അനുഭവം ബാര്‍ട്ട് ഡി വെവര്‍ പങ്കുവെച്ചത്.
ഏകദേശം ഒരു നൂറ്റാണ്ടോളമായി തകരാതെ നിലകൊള്ളുന്ന യഥാര്‍ഥ ഇന്ത്യാ ഗേറ്റില്‍ നിന്ന് വ്യത്യസ്തമായി, ചോക്കലേറ്റ് നിര്‍മിത മാതൃകയ്ക്ക് യാത്ര അതിജീവിക്കാനായില്ലെന്ന് ബാര്‍ട്ട് ഓര്‍മിപ്പിച്ചു. നയതന്ത്ര ആവശ്യങ്ങള്‍ക്ക് ചോക്കലേറ്റ് വളരെ അത്യുത്തമമാണെങ്കിലും നയതന്ത്ര യാത്രകള്‍ക്ക് അത് അത്ര നല്ലതല്ലെന്ന് തങ്ങള്‍ മനസിലാക്കിയതായി അദേഹം തമാശരൂപേണ പറഞ്ഞു. എങ്കിലും നിരാശപ്പെടേണ്ടതില്ലെന്നും ഇതിന്റെ മറ്റൊരു മാതൃക ബെല്‍ജിയത്തില്‍ കേടുപാടുകളൊന്നുമില്ലാതെ ഭദ്രമായിരിപ്പുണ്ടെന്നും ബാര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും ഒരു വഴിയിലൂടെ ആ ചോക്കലേറ്റ് നിര്‍മിത ഇന്ത്യാ ഗേറ്റ് പ്രധാനമന്ത്രി മോഡിക്ക് എത്തിച്ചുനല്‍കുമെന്ന ഉറപ്പോടെയാണ് താന്‍ മടങ്ങുന്നതെന്നും ബെല്‍ജിയം പ്രധാനമന്ത്രി വ്യക്തമാക്കി.
വ്യാപാരം പ്രതിരോധ സഹകരണം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയും ബെല്‍ജിയവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വ്യാപിപ്പിക്കുകയും ശക്തമാക്കുകയുമാണ് ബാര്‍ട്ടിന്റെ ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ബെല്‍ജിയന്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.