മോസ്‌കോ: റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണാനുള്ള പുതിയ സമാധാന നിര്‍ദേശങ്ങളുമായി അമേരിക്കയുടെ പ്രത്യേക പ്രതിനിധികള്‍ മോസ്‌കോയില്‍ എത്തിയതിന് പിന്നാലെ, കീവിലുള്ള വ്യോമാക്രമണങ്ങള്‍ക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തി റഷ്യ. അടുത്ത മൂന്ന് ദിവസത്തേക്ക് കീവില്‍ ആക്രമണം നടത്തരുതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക നയതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറുമാണ് സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യയില്‍ വിമാനമിറങ്ങിയത്. സമാധാന നിര്‍ദേശങ്ങള്‍ പുടിനുമായി ചര്‍ച്ച ചെയ്യുകയാണ് മോസ്‌കോ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഇരുവരും ഞായറാഴ്ച കീവിലേക്ക് തിരിക്കും. അമേരിക്കന്‍ നയതന്ത്രജ്ഞരുടെ സുരക്ഷിതമായ സന്ദര്‍ശനം മുന്‍നിര്‍ത്തി തങ്ങളുടെ ഭാഗത്ത് നിന്ന് ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും വ്യക്തമാക്കിയിട്ടുണ്ട്.

യു.എസ് മധ്യസ്ഥതയില്‍ നടന്ന് പോന്നിരുന്ന റഷ്യ-ഉക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ സ്തംഭിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. അതിര്‍ത്തി പ്രദേശങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ഉക്രെയ്‌ന്റെ ഭാവിയിലെ നാറ്റോ അംഗത്വത്തെക്കുറിച്ചുമുള്ള അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കാന്‍ ഈ ഉന്നതതല ഇടപെടലിലൂടെ സാധിക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.