തൃശൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ പാഞ്ഞുകയറി വന്‍ ദുരന്തം: വിദ്യാര്‍ഥികളടക്കം എട്ട് പേര്‍ മരിച്ചു

തൃശൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ പാഞ്ഞുകയറി വന്‍ ദുരന്തം: വിദ്യാര്‍ഥികളടക്കം എട്ട് പേര്‍ മരിച്ചു

തൃശൂര്‍: ദേശീയപാത 66 ല്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചു കയറി കോളജ് വിദ്യാര്‍ഥികളടക്കം എട്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി 12 നാണ് ദാരുണമായ സംഭവം നടന്നത്. അപകടത്തില്‍ ഏഴ് പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് മധുര രജിസ്‌ട്രേഷനിലുള്ള സെവന്‍ സീറ്റര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. ഡിണ്ടിഗലിലെ പി.എസ്.എന്‍.എ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നതെന്നാണ് കരുതുന്നത്. സംഭവസ്ഥലത്ത് നിന്ന് കോളജ് വിദ്യാര്‍ഥിയുടെ ഐ.ഡി കാര്‍ഡ് പൊലീസിന് ലഭിച്ചിട്ടുണ്ട്. മരിച്ച എട്ട് പേരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു. സേലം സ്വദേശി വിശ്വ, ഡിണ്ടിഗല്‍ സ്വദേശികളായ സൂര്യ, യുവസഞ്ജിത്, മധുര സ്വദേശികളായ സന്തോഷ്, പ്രസന്ന എന്നിവരാണ് തിരിച്ചറിഞ്ഞവര്‍.


ഗുരുവായൂര്‍ ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്നു കാര്‍. ദേശീയപാതയില്‍ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന ഭാഗത്ത് അനധികൃതമായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ലോറിയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നു.

നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാ സേനയും സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിപ്പോയ രണ്ട് പേരെ പുറത്തെടുത്തത്. തകര്‍ന്ന കാറില്‍ നിന്ന് പുറത്തെടുത്ത എട്ട് മൃതദേഹങ്ങളും തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് വഴിവെച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പനമ്പിക്കുന്ന് സെന്ററില്‍ നിന്ന് മൂന്നുപീടിക ബൈപാസ് തുടങ്ങുന്ന സ്ഥലം വരെ മാത്രമേ നിലവില്‍ ഹൈവേയിലൂടെ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കൂ. ഇവിടെ നിന്ന് വാഹനങ്ങള്‍ സര്‍വീസ് റോഡിലേക്ക് തിരിച്ചുവിടണമെങ്കിലും ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റ് സൂചനകളോ സ്ഥാപിച്ചിട്ടില്ല. കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള ചെറിയൊരു ഭിത്തി സ്ഥാപിച്ച് റോഡ് ഭാഗികമായി തടസപ്പെടുത്തുക മാത്രമാണ് ചെയ്തിരുന്നത്. ഇതിലിടിച്ച് രണ്ടാഴ്ച മുന്‍പും കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.


വെള്ളിയാഴ്ച അര്‍ധരാത്രിയിലെ ദുരന്തത്തിന് തൊട്ടുമുന്‍പും മറ്റൊരു കാര്‍ ഇവിടെ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഈ കോണ്‍ക്രീറ്റ് ഭിത്തിക്ക് തൊട്ടുപിന്നിലായാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്. ഗുരുവായൂരില്‍ നിന്ന് വരികയായിരുന്ന കാറിന് ഈ ലോറി പെട്ടെന്ന് കാണാന്‍ സാധിക്കാതെ പോയതാണ് അപകടത്തിന് ഇടയാക്കിയത്. അപകട സമയത്ത് ഇവിടെ അനധികൃതമായി മൂന്ന് ലോറികള്‍ പാര്‍ക്ക് ചെയ്തിരുന്നു. അപകടം നടന്നയുടന്‍ ഇതില്‍ രണ്ട് ലോറികളുമായി ഡ്രൈവര്‍മാര്‍ സ്ഥലംവിട്ടു.

തമിഴ്നാട്ടില്‍ ഒരു മാസം മുന്‍പ് മാത്രം രജിസ്റ്റര്‍ ചെയ്ത വാഹനമാണിത്. പരിചയമുള്ള വിദ്യാര്‍ഥികളിലൊരാള്‍ ചോദിച്ചതിനെത്തുടര്‍ന്നാണ് വാഹനം നല്‍കിയതെന്ന് ഉടമ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ബാഗുകളും കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ടൂര്‍ പോയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.