മരണ ഭീതിയുണര്‍ത്തി സൂപ്പര്‍ എല്‍ നിനോ: അടുത്ത ഫെബ്രുവരി വരെ നാലര ലക്ഷം മരണം ലോകത്തുണ്ടാകുമെന്ന് ക്ലൈമറ്റ് ഇംപാക്ട് ലാബ് റിപ്പോര്‍ട്ട്; ഇന്ത്യയില്‍ 15,800

മരണ ഭീതിയുണര്‍ത്തി സൂപ്പര്‍ എല്‍ നിനോ: അടുത്ത ഫെബ്രുവരി വരെ നാലര ലക്ഷം മരണം ലോകത്തുണ്ടാകുമെന്ന് ക്ലൈമറ്റ് ഇംപാക്ട് ലാബ് റിപ്പോര്‍ട്ട്; ഇന്ത്യയില്‍ 15,800

ഏറ്റവുമധികം മരണങ്ങള്‍ പ്രവചിക്കപ്പെട്ടിട്ടുള്ളത് നൈജീരിയയില്‍ - 31,400.
ഇന്ത്യ നാലാം സ്ഥാനത്ത് - 15,800. കേരളത്തില്‍ 1,680 മരണം.


ചിക്കാഗോ: അതിശക്തമായ സൂപ്പര്‍ എല്‍ നിനോ പ്രതിഭാസം 2027 ഫെബ്രുവരി വരെയുള്ള ആറ് മാസത്തിനുള്ളില്‍ നിരവധി ജീവനെടുക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. അധികമായി ഉണ്ടാകുന്ന ചൂട് മൂലം ലോകത്ത് 4,50,000 ത്തിലധികം ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് ചിക്കാഗോ സര്‍വകലാശാലയുടെ 'ക്ലൈമറ്റ് ഇംപാക്ട് ലാബ്' പുറത്തുവിട്ട റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

സാധാരണ വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന മരണനിരക്കുമായി താരതമ്യം ചെയ്ത ഗവേഷകര്‍, എല്‍ നിനോ മൂലമുണ്ടാകുന്ന അധിക ചൂട് കാരണം സംഭവിക്കാവുന്ന മരണങ്ങളുടെ കണക്കുകളാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സൂപ്പര്‍ എല്‍ നിനോ പ്രതിഭാസം മൂലം ഇതേ കാലയളവില്‍ കേരളത്തില്‍ 1,680 മരണങ്ങളുണ്ടാകാമെന്നാണ് ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഇക്കാലയളവില്‍ ഇന്ത്യയിലാകെ 15,800 പേരും ലോകമാകെ 4.51 ലക്ഷം പേരും പ്രതിഭാസത്തിന്റെ ആഘാതത്താല്‍ മരണമടയാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പസിഫിക് സമുദ്രത്തിന്റെ ചില ഭാഗങ്ങളിലെ ശരാശരി സമുദ്രോപരിതല താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ ഉയരുന്ന അതിശക്തമായ എല്‍ നിനോ അവസ്ഥയാണ് സൂപ്പര്‍ എല്‍ നിനോ. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം, വരള്‍ച്ച, അതിശക്തമായ ചൂട്, കൃഷിനാശം തുടങ്ങിയവയ്ക്ക് കാരണമാകാം. മരണങ്ങള്‍ക്കു വഴിവയ്ക്കുന്നത് ഈ അവസ്ഥകളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

രാജ്യാന്തര തലത്തില്‍ ഇക്കാലയളവില്‍ നൈജീരിയയില്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ മരണങ്ങളെന്ന് റിപ്പോര്‍ട്ട് പറയുന്നു 31,400 മരണങ്ങള്‍ വരെ സംഭവിക്കാം. ഇന്ത്യ നാലാം സ്ഥാനത്താണ്. സംസ്ഥാനാടിസ്ഥാനത്തില്‍ മഹാരാഷ്ട്രയാണ് പട്ടികയില്‍ മുന്നില്‍. 2,640 അധിക മരണങ്ങള്‍ മഹാരാഷ്ട്രയില്‍ പ്രവചിക്കപ്പെടുന്നു.

ഒക്ടോബറില്‍ മരണക്കണക്ക് ഉയര്‍ന്നുനില്‍ക്കുമെന്നും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കുറയുകയും പിന്നീട് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വീണ്ടും കുത്തനെ ഉയരുകയും ചെയ്‌തേക്കാമെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്.

ഫെബ്രുവരിയാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചേക്കാവുന്ന മാസം (4,167 മരണം). അതില്‍ 71 ശതമാനം ദക്ഷിണേന്ത്യയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2026 ജൂണിലാണ് എല്‍ നിനോ തുടങ്ങിയത്. ഉത്തരാര്‍ധ ഗോളത്തില്‍ വസന്തകാലം എത്തും വരെ ഇതു നിലനില്‍ക്കാം. വരും മാസങ്ങളില്‍ ഭൂമിയിലെ കരപ്രദേശ താപനില സാധാരണയേക്കാള്‍ 1.2 സെല്‍ഷ്യസ് കൂടുതലാകാം.

സാധാരണ വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനം കൂടുതല്‍ അതിശക്തമായ ചൂടുള്ള ദിവസങ്ങള്‍ ഇതുമൂലം ഉണ്ടാകാനും സാധ്യതയുണ്ട്. വികസ്വര രാജ്യങ്ങളെയും ആഫ്രിക്കയിലെ സഹേല്‍ മേഖലയെയും ഇത് കഠിനമായി ബാധിക്കുമെന്ന് കരുതപ്പെടുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.