ഡബ്ലിൻ: വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സംഗമമായി സീറോ മലബാർ യൂത്ത് മൂവ്മെന്റ് അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘അവേക്ക് അയർലൻഡ് 2026’ ദേശീയ യുവജനസംഗമം ശ്രദ്ധേയമായ വിജയമായി. ഡബ്ലിൻ സിറ്റി സർവ്വകലാശാലയിലെ സെന്റ് പാട്രിക്സ് ക്യാമ്പസിൽ ഒക്ടോബർ 24 മുതൽ 26 വരെയാണ് മൂന്നു ദിവസത്തെ സമ്മേളനം നടന്നത്. അയർലൻഡിലെ നാല് മേഖലകളിൽ നിന്നായി 16നും 30നും ഇടയിൽ പ്രായമുള്ള 417 യുവജനങ്ങൾ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു.
യൂറോപ്പിലെ സീറോ മലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, ഡബ്ലിൻ അതിരൂപതയുടെ സഹായമെത്രാൻ ബിഷപ്പ് ഡൊണാൾഡ് റോച്ചെ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് ഏറെ പ്രത്യേകത പകർന്നു. ബിഷപ്പ് ഡൊണാൾഡ് റോച്ചെ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
യൂറോപ്പ് യുവജന അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. ബിനോജ് മൂലവരിക്കൽ സമ്മേളനത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി. അയർലൻഡിലെ സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഒലിയക്കാട്ടിൽ, നാഷണൽ ഡയറക്ടർ ഫാ. ബൈജു കണ്ണമ്പിള്ളി, മതബോധന വിഭാഗം നാഷണൽ ഡയറക്ടർ ഫാ. സെബാൻ സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായി യുവജനങ്ങൾക്കു ആവശ്യമായ ആത്മീയ മാർഗനിർദേശങ്ങൾ നൽകി.

പ്രഭാഷണങ്ങൾ, ശിൽപശാലകൾ, സംവാദങ്ങൾ എന്നിവയിലൂടെ ക്രിസ്തുവുമായുള്ള വ്യക്തിബന്ധം കൂടുതൽ ശക്തിപ്പെടുത്താനും, പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യവും സമ്പന്നമായ വിശ്വാസജീവിതവും അടുത്തറിയാനും യുവജനങ്ങൾക്കു അവസരമൊരുങ്ങി. വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, സ്തുതിപ്പും ആരാധനയും എന്നിവ സമ്മേളനത്തിന്റെ ആത്മീയ ചൈതന്യം ഏറെ വർധിപ്പിച്ചു.
ഘാന സ്വദേശിയും ചിക്കാഗോയിൽ വിശ്വാസപരിശീലന വിഭാഗം ഡയറക്ടറുമായ ഡോ. മാർക്ക് നിമോ, യുവജന അപ്പസ്തോലേറ്റ് രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഫാ. മെൽവിൻ പോൾ മംഗലത്ത്, അയർലൻഡിലെ യുവ ഇടവക വികാരിയും ദൈവവിളി പ്രോത്സാഹന വിഭാഗം ഡയറക്ടറുമായ ഫാ. കോനർ മഗ്രാത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്കും പ്രഭാഷണങ്ങൾക്കും നേതൃത്വം നൽകി. വിശ്വാസജീവിതം, യുവജനശുശ്രൂഷ, ഡിജിറ്റൽ സുവിശേഷവത്കരണം, സഭയിലെ യുവജനങ്ങളുടെ ഉത്തരവാദിത്വങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു.
ഡബ്ലിനിലെ സീറോ മലബാർ കുടുംബങ്ങൾ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ യുവജനങ്ങൾക്കായി ഒരുക്കിയ ‘ആതിഥേയ കുടുംബം’ പദ്ധതി സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. സംഗീതശുശ്രൂഷകളും നാല് മേഖലകളെ പ്രതിനിധീകരിച്ചുള്ള കലാ-നൃത്തപരിപാടികളും യുവജനങ്ങളുടെ സർഗാത്മകതയും കഴിവുകളും വെളിച്ചത്തുകൊണ്ടുവന്നു.
ദേശീയ സമിതി, യുവജന ആനിമേറ്റർമാർ, ഇടവക പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, വിവിധ കമ്മിറ്റികൾ, സന്നദ്ധപ്രവർത്തകർ, ആതിഥേയ കുടുംബങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഈ മഹാസംഗമത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും സംഘാടകർ പ്രത്യേക നന്ദി അറിയിച്ചു.
“ക്രിസ്തുവിനെ വീണ്ടെടുക്കുക, ക്രിസ്തുവിലൂടെ ഒന്നാവുക, ക്രിസ്തുവിൽ നിലനിൽക്കുക” എന്ന ആപ്തവാക്യം ജീവിതത്തിൽ പ്രാവർത്തികമാക്കി, വിശ്വാസത്തിലും പ്രാർഥനയിലും സേവനത്തിലും വളർന്ന് സമൂഹത്തിൽ ക്രിസ്തുവിന്റെ യഥാർത്ഥ സാക്ഷികളായി മാറാനുള്ള ആഹ്വാനത്തോടെയാണ് അവേക്ക് അയർലൻഡ് 2026 ന് സമാപനമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.