അവേക്ക് 2026: സീറോ മലബാർ യുവജന സംഗമത്തിന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി വേദിയാകും

അവേക്ക് 2026: സീറോ മലബാർ യുവജന സംഗമത്തിന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി വേദിയാകും

ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു. ഒക്ടോബർ 24 മുതൽ 26 വരെ ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിലാണ് ത്രിദിന സംഗമം നടക്കുന്നത്.

2025-ൽ സെന്റ് പാട്രിക്സ് ഹാളിൽ നടന്ന അവേക്ക് സംഗമത്തിൽ 350-ഓളം യുവജനങ്ങൾ പങ്കെടുത്തിരുന്നു. ആത്മീയ വളർച്ചയ്ക്കും വിശ്വാസജീവിതത്തിലെ ആഴത്തിലുള്ള അനുഭവങ്ങൾക്കും വേദിയൊരുക്കിയ കഴിഞ്ഞ വർഷത്തെ സംഗമത്തിന്റെ തുടർച്ചയായാണ് ‘അവേക്ക് 2026’ സംഘടിപ്പിക്കുന്നത്.

യുവജനങ്ങളുടെ ആത്മീയവും സാമൂഹികവുമായ വളർച്ച ലക്ഷ്യമാക്കി വിവിധ ശിൽപശാലകൾ, സംഗീതപരിപാടികൾ, വ്യക്തിഗത സാക്ഷ്യങ്ങൾ, പ്രചോദനാത്മക പ്രഭാഷണങ്ങൾ, കൂട്ടായ്മകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. വിശ്വാസാനുഭവങ്ങൾ പങ്കുവയ്ക്കാനും വിവിധ വിഷയങ്ങളിൽ ചർച്ചകളിൽ ഏർപ്പെടാനും സമാനമായ ആത്മീയ ലക്ഷ്യങ്ങളുള്ള യുവജനങ്ങളുമായി സൗഹൃദം വളർത്താനും സംഗമം അവസരമൊരുക്കും.

അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും ശ്രദ്ധേയരായ ആത്മീയ നേതൃത്വമാണ് ഇത്തവണത്തെ അവേക്ക് സംഗമത്തിൽ പങ്കെടുക്കുന്നത്. ചിക്കാഗോയിലെ ഫെയ്ത്ത് ഫോർമേഷൻ ഡയറക്ടർ മാർക്ക് നിമോ, ഡൗൺ ആൻഡ് കോണർ രൂപതയുടെ വൊക്കേഷൻസ് ഡയറക്ടർ ഫാ. കോനർ മക്ഗ്രാത്ത്, യൂറോപ്പിലെ സീറോ മലബാർ വിശ്വാസികളുടെ യൂത്ത് അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ബിനോജ് മുലവരിക്കൽ, യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ പ്രധാന പ്രഭാഷകരായി പങ്കെടുക്കും.

ഡബ്ലിൻ അതിരൂപതയുടെ ഓക്സിലറി ബിഷപ്പ് ഡോൺാൽ റോച്ചിന്റെ പ്രത്യേക സന്ദർശനവും ഈ വർഷത്തെ അവേക്ക് സംഗമത്തിന് മാറ്റുകൂട്ടും. യുവജനങ്ങൾ തന്നെ നേതൃത്വം നൽകുന്ന സംഗമമെന്നതാണ് അവേക്കിന്റെ പ്രധാന പ്രത്യേകത. പരിപാടിയുടെ ആസൂത്രണം മുതൽ വിവിധ സെഷനുകളുടെ ഏകോപനം, പ്രെയ്സ് ആൻഡ് വർഷിപ്പ്, സംഗീതം, നൃത്തപരിപാടികൾ തുടങ്ങിയവയിൽ യുവജനങ്ങൾ സജീവമായി നേതൃത്വം വഹിക്കും.

അയർലൻഡിലെ സീറോ മലബാർ യുവജനങ്ങളെ ഒരുമിച്ചുകൂട്ടി വിശ്വാസജീവിതത്തിൽ കൂടുതൽ ആഴപ്പെടാനും പരസ്പര സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന ‘അവേക്ക് 2026’ പുതിയ തലമുറയ്ക്ക് വിശ്വാസത്തിന്റെ സന്ദേശം പകരുന്ന വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.