മെര്‍ക്കേറ്റര്‍ മാപ്പ് പിന്‍വലിച്ചു; പുതിയ ലോക ഭൂപടത്തിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം

മെര്‍ക്കേറ്റര്‍ മാപ്പ് പിന്‍വലിച്ചു; പുതിയ ലോക ഭൂപടത്തിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം

ഈക്വല്‍ എര്‍ത്ത് മാപ്പ്

ന്യൂയോര്‍ക്ക്: പുതിയ ലോക ഭൂപടത്തിന് അനുകൂലമായുള്ള പ്രമേയത്തിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. 2018 ലെ 'ഈക്വല്‍ എര്‍ത്ത്' രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള പ്രമേയം അംഗീകരിച്ച യുഎന്‍ ജനറല്‍ അസംബ്ലി, പതിനാറാം നൂറ്റാണ്ടിലെ മെര്‍ക്കേറ്റര്‍ മാപ്പ് ഔദ്യോഗികമായി പിന്‍വലിച്ചു. ഏകദേശം അഞ്ച് നൂറ്റാണ്ടുകളായി ഈ ഭൂപടമാണ് ലോകം പിന്തുടര്‍ന്നിരുന്നത്.

ഇന്ത്യയുള്‍പ്പടെ 164 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അമേരിക്ക മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ആറ് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. എസ്‌തോണിയ, ജോര്‍ജിയ, ലിത്വാനിയ, മോള്‍ഡോവ, സെര്‍ബിയ, ഉക്രെയ്ന്‍ എന്നീ രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.

പുതിയ മാപ്പില്‍ ആഫ്രിക്കന്‍ വന്‍കര വലുതാകുകയും യൂറോപ്പും വടക്കേ അമേരിക്കയും ചെറുതാകുകയും ചെയ്യും. പാഠ്യപദ്ധതികളിലും ദൈനംദിന സാങ്കേതിക വിദ്യയിലും പുതിയ മാപ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഫ്രിക്കന്‍ യൂണിയനുവേണ്ടി ടോഗോയാണ് പ്രമേയം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ചത്. മെര്‍ക്കേറ്റര്‍ ഭൂപടം കാരണം ആഫ്രിക്കയ്ക്ക് വൈജ്ഞാനികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹിക-സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.

'ഇത് രാഷ്ട്രീയ ചര്‍ച്ചയല്ല, മറിച്ച് ശാസ്ത്രീയ ചര്‍ച്ചയാണ്, കാരണം ഇതിന് ശാസ്ത്രീയ തെളിവുകളുണ്ട്, അതിനാല്‍ നമ്മള്‍ എല്ലാവരും യാഥാര്‍ത്ഥ്യം അംഗീകരിക്കണം'- പ്രമേയം പാസാകുന്നതിന് മുമ്പ് സംസാരിച്ച ടോഗോയുടെ വിദേശകാര്യ മന്ത്രി റോബര്‍ട്ട് ഡസ്സെ പറഞ്ഞു.

കടലില്‍ നാവിഗേറ്റ് ചെയ്യാന്‍ നാവികരെ സഹായിക്കുന്നതിനായി 1569 ല്‍ ഫ്ളെമിഷ് കാര്‍ട്ടോഗ്രാഫറായ ജെറാര്‍ഡസ് മെര്‍ക്കേറ്ററാണ് മെര്‍ക്കേറ്റര്‍ ഭൂപടം അവതരിപ്പിച്ചത്. ഇതില്‍ ആഫ്രിക്ക ഗ്രീന്‍ലന്‍ഡിന്റെ അതേ വലിപ്പമുള്ളതായിട്ടാണ് കാണിച്ചിരിക്കുന്നത്.

എന്നാല്‍ ഈ വന്‍കര ഗ്രീന്‍ലന്‍ഡിനേക്കാള്‍ 16 മടങ്ങ് വലുതാണ്. ഇതില്‍ ഭൂമധ്യ രേഖയില്‍ നിന്ന് ധ്രുവങ്ങളിലേക്ക് പോകും തോറും കരഭാഗങ്ങളെ വലുതാക്കിയാണ് കാണിച്ചിരിക്കുന്നത്.

ഉത്തരമേഖലാ പ്രദേശങ്ങളെ യഥാര്‍ത്ഥത്തിലുള്ളതിനേക്കാള്‍ വളരെ വലുതായാണ് പഴയ മാപ്പില്‍ കാണിച്ചിരുന്നത്. അതേസമയം ആഫ്രിക്ക ഉള്‍പ്പെടെ ഭൂമധ്യരേഖയോട് അടുത്തുള്ള പ്രദേശങ്ങള്‍ താരതമ്യേന ചെറുതായും കാണപ്പെടുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.