കൊച്ചി: സാമ്പത്തിക ക്രമക്കേടുകളും അനധികൃത സ്വത്ത് സമ്പാദനവും നടത്തിയെന്ന പരാതികളില്‍ കൊച്ചിയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജന്റെ ഓഫീസിലും വസതികളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ശനിയാഴ്ച രാവിലെ ആരംഭിച്ച പരിശോധന രാത്രി ഒന്‍പത് വരെ നീണ്ടുനിന്നു. വിജിലന്‍സ് നടത്തിയ വ്യാപക പരിശോധനയില്‍ കണക്കില്‍പെടാത്ത 14 ലക്ഷം രൂപയും 788 യു.എസ് ഡോളറും കണ്ടെടുത്തു. പിടിച്ചെടുത്ത വിദേശ നാണ്യത്തിന് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 75,000 രൂപയോളം മൂല്യം വരും.
തേവരയിലുള്ള ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ ഓഫീസിലും പ്രജനി രാജന്റെ പച്ചാളം ഇരട്ടക്കുളങ്ങരയിലുള്ള രണ്ട് വീടുകളിലുമാണ് വിജിലന്‍സ് സംഘം ഒരേസമയം പരിശോധന നടത്തിയത്. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി എം.ജെ സോജന്‍, ഡിവൈഎസ്പി എ.എല്‍ യേശുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
കൊച്ചി നഗരത്തിലെ ചില പ്രമുഖ ബാര്‍ ഹോട്ടലുകളിലെ ജിഎസ്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകളും അനധികൃത പണപ്പിരിവും നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥ ദീര്‍ഘനാളായി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 2014 മുതല്‍ 2024 വരെയുള്ള പത്ത് വര്‍ഷത്തെ കാലയളവില്‍ ഇവര്‍ രണ്ടേമുക്കാല്‍ കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നിന്ന് കൃത്യമായ വാറന്റ് വാങ്ങിയ ശേഷമായിരുന്നു വിജിലന്‍സിന്റെ നടപടി.
അടുത്തകാലത്തായി ജിഎസ്ടി വകുപ്പില്‍ നടക്കാനിരിക്കുന്ന സ്ഥലംമാറ്റ നടപടികളില്‍ നിന്ന് ഒഴിവാകാനും എറണാകുളത്ത് തന്നെ തുടരാനും ജോയിന്റ് കമ്മീഷണര്‍ ശക്തമായ സ്വാധീനം ചെലുത്തി വരികയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ജിഎസ്ടി ഓഫീസിലെ അറിയപ്പെടുന്ന ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തക കൂടിയാണ് ഇവര്‍. സമീപകാലത്ത് ജിഎസ്ടി വകുപ്പില്‍ നടന്ന ഏറ്റവും വലിയ വിജിലന്‍സ് വേട്ടകളിലൊന്നാണിത്. വരും ദിവസങ്ങളില്‍ ഉദ്യോഗസ്ഥയുടെ മറ്റ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിനാമി സ്വത്തുക്കളെക്കുറിച്ചും വിജിലന്‍സ് വിശദമായ അന്വേഷണം നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.