ഇസ്ലമാബാദ്: ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ മോചനം ആവശ്യപ്പെട്ട് അനുയായികള്‍ പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ച് നേരിടാന്‍ പാകിസ്ഥാന് തലസ്ഥാനമായ ഇസ്ലമാബാദ് അതീവ ജാഗ്രതയില്‍. പിടിഐ പ്രഖ്യാപിച്ച വന്‍ പ്രതിഷേധ മാര്‍ച്ചില്‍ പതിനായിരക്കണക്കിന് ആളുകള്‍ അണിനിരക്കുമെന്ന വിവരത്തെ തുടര്‍ന്ന് നഗരത്തെ പൂര്‍ണമായും ഒറ്റപ്പെടുത്തിയ നിലയിലാണ് ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
തലസ്ഥാനത്തിലേക്കുള്ള പ്രധാന പാതകളെല്ലാം ആയിരക്കണക്കിന് ഷിപ്പിങ് കണ്ടെയ്നറുകള്‍ വെല്‍ഡ് ചെയ്ത് ചേര്‍ത്തും മുള്ളുവേലികള്‍ കെട്ടിയും അടച്ചുപൂട്ടിയിരിക്കുകയാണ്. കണ്ടെയ്നറുകള്‍ മറിയാതിരിക്കാന്‍ അവയ്ക്കുള്ളില്‍ കല്ലുകളും പാറപ്പൊടിയും നിറച്ചിട്ടുണ്ട്. ഇതിനുപുറമേ, ഖൈബര്‍ പഖ്തുന്ഖ്വയെയും പഞ്ചാബിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ അറ്റക്ക് പാലത്തില്‍ ഗതാഗതം തടയുന്നതിനായി ലോഹ ആണികള്‍ തറച്ചുറപ്പിച്ചു. സര്‍ക്കാരിന്റെ ഈ കടുത്ത നടപടികള്‍ ഇസ്ലമാബാദിനെ യാതൊരുവിധ ഗതാഗതവും സാധ്യമല്ലാത്ത ഒരു കോട്ടയാക്കി മാറ്റിയിരിക്കുകയാണ്.
സുരക്ഷ ഉറപ്പാക്കാന്‍ മുപ്പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അറ്റക്ക് ജില്ല ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. ഇവരുടെ താമസം ക്രമീകരിക്കുന്നതിനായി നിരവധി സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ നഗരത്തിലെ ആശുപത്രികള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കാനും ആവശ്യത്തിന് രക്തബാഗുകള്‍ ശേഖരിച്ചുവെക്കാനും ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാര്‍ച്ചിന് മുന്നോടിയായി വിപുലമായ അടിച്ചമര്‍ത്തല്‍ നടപടികളാണ് ഭരണകൂടം സ്വീകരിച്ച് വരുന്നത്. ഇമ്രാന് ഖാന്റെ സഹോദരിമാരായ ഉസ്മ, നൂറിന് എന്നിവരെ പൊതുസമാധാനത്തിന് ഭീഷണിയാണെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു. ഇതിനൊപ്പം മുതിര്‍ന്ന പിടിഐ നേതാക്കളെയും നിരവധി പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിഐ നേതാക്കളെ ആയുധധാരികളായ സംഘം തോക്കിന്മുനയില് തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന ഇമ്രാന് ഖാന്റെ ആരോഗ്യനില വശളാണെന്നും അദേഹത്തിന് നേരെ ജയിലില്‍ വച്ച് അനീതികള്‍ നടക്കുന്നുണ്ടെന്നും ആരോപിച്ചാണ് പാര്‍ട്ടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ആറ് മുതല്‍ എട്ട് മാസത്തിനകം പൊതുതിരഞ്ഞെടുപ്പ് നടത്തുക, ഇമ്രാന് ഖാനെയും മറ്റ് രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക എന്നി ആവശ്യങ്ങളാണ് പിടിഐ മുന്നോട്ടുവെക്കുന്നത്.
നേരത്തെ സെപ്റ്റംബര്‍ 27 ന് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് സര്‍ക്കാരിന്റെ ശക്തമായ നീക്കങ്ങളെ തുടര്‍ന്ന് ഒക്ടോബര്‍ നാലിലേക്ക് മാറ്റിവെച്ചിരുന്നു. എന്നാല്‍ നിലവില്‍ ഉയര്‍ന്ന വന്‍ രാഷ്ട്രീയ അസ്ഥിരതയ്ക്കും സര്‍ക്കാരുമായി നടക്കുന്ന രഹസ്യ ചര്‍ച്ചകള്‍ക്കും ഇടയില്‍ മാര്‍ച്ച് വീണ്ടും നീണ്ടുപോകുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. അതേസമയം തടസങ്ങള്‍ എന്തൊക്കെ ഉണ്ടായാലും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് പിടിഐ നേതൃത്വം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.