ദൈവത്തിന്റെ കാര്യത്തില്‍ ഇടപെടാമെന്ന് സിപിഎം; ക്ഷേത്ര ഭരണത്തിലും സമുദായ സംഘടനകളിലും ഉണ്ടായിരുന്ന വിലക്ക് നീക്കി

ദൈവത്തിന്റെ കാര്യത്തില്‍ ഇടപെടാമെന്ന് സിപിഎം; ക്ഷേത്ര ഭരണത്തിലും സമുദായ സംഘടനകളിലും ഉണ്ടായിരുന്ന വിലക്ക് നീക്കി

ആലപ്പുഴ: വര്‍ഗീയ ശക്തികള്‍ സമുദായ സംഘടനകളിലും ക്ഷേത്ര ഭരണസമിതികളിലും ആധിപത്യം സ്ഥാപിക്കുന്നത് തടയാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കി സിപിഎം. ക്ഷേത്ര കമ്മിറ്റികളിലും സമുദായ സംഘടനകളിലും ഭാരവാഹികളാകുന്നതിന് പാര്‍ട്ടി അംഗങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന വിലക്കാണ് നേതൃത്വം നീക്കിയത്. ആലപ്പുഴയില്‍ നടന്ന വിശാല ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

നേതൃത്വത്തിന്റെ ശൈലിക്കെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സമുദായ പ്രമാണിമാരുടെ പിന്നാലെ പാര്‍ട്ടി പോകരുതെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയും പോഷക സംഘടനകളും തുടര്‍ച്ചയായി നടത്തുന്ന പിരിവുകള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് ഇടയാക്കുന്നുണ്ടെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. ഒരേ വ്യക്തികള്‍ തന്നെ വിവിധ പോഷക സംഘടനകളില്‍ അംഗങ്ങളാകുന്നത് വോട്ട് കണക്കുകളെ ബാധിക്കുന്നതിനാല്‍ പാര്‍ട്ടി അംഗത്വം കൃത്യമായി പുനപരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു.
കുട്ടനാട്ടിലും ആലപ്പുഴയിലും പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന സംഘടനാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ പിണറായി വിജയന്‍, അനാവശ്യമായി ഏരിയ കമ്മിറ്റികള്‍ വിഭജിച്ചത് പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കിയെന്ന് വ്യക്തമാക്കി. ഇത്തരം വിഭജനങ്ങള്‍ ഇനിയുണ്ടാകരുതെന്നും അദേഹം നിര്‍ദേശിച്ചു.

സംസ്ഥാന, ജില്ലാ, ഏരിയ കമ്മിറ്റി അംഗങ്ങള്‍ ഘട്ടംഘട്ടമായി സ്വത്ത് വെളിപ്പെടുത്തുമെന്ന തീരുമാനം നേതാക്കള്‍ വിശദീകരിച്ചു. സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനായി ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചേര്‍ത്തല, കായംകുളം, മാവേലിക്കര ഏരിയ സെക്രട്ടറിമാരെയും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.