ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്‌ക്കെതിരെ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കണമെന്ന് യുഎന്നില്‍ സെലന്‍സ്‌കി

ഉക്രെയ്ന്‍  യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്‌ക്കെതിരെ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കണമെന്ന് യുഎന്നില്‍  സെലന്‍സ്‌കി

ന്യൂയോര്‍ക്ക്: റഷ്യയ്‌ക്കെതിരെ കൂടുതല്‍ സാമ്പത്തിക സമ്മര്‍ദം ചെലുത്തണമെന്ന് ലോക നേതാക്കളോട് അഭ്യര്‍ഥിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യയുടെ വരുമാന മാര്‍ഗങ്ങള്‍ തടയുകയും യുദ്ധ നീക്കങ്ങള്‍ തടസപ്പെടുത്തുകയും വേണമെന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സെലന്‍സ്‌കി ആവശ്യപ്പെട്ടു.

ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് പരാമര്‍ശിച്ചു കൊണ്ടാണ് സെലന്‍സ്‌കി പ്രസംഗം ആരംഭിച്ചത്.

ഉക്രെയ്ന്‍ ഇപ്പോള്‍ നേരിടുന്ന സാഹചര്യം നാളെ യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചേക്കാം. ഈ സാഹചര്യത്തില്‍ റഷ്യയ്ക്ക് മേല്‍ പരമാവധി സാമ്പത്തിക സമ്മര്‍ദം ചെലുത്തി സമാധാന കരാറിലേക്ക് എത്താന്‍ രാജ്യങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.

അതേസമയം വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ആദ്യമായി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വെനസ്വേലയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ച റോഡ്രിഗസ്, പ്രതിപക്ഷ വിഭാഗങ്ങളുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ ആരംഭിച്ചതായും അറിയിച്ചു. രാജ്യത്തെ പൂര്‍ണ ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കി.

അമേരിക്കയുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് റോഡ്രിഗസ് നന്ദി അറിയിക്കുകയും ചെയ്തു. യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇരുവരും കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.