ന്യൂഡല്‍ഹി: രാജ്യത്ത് പാസ്പോര്‍ട്ട് നല്‍കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം 1980 ലെ പാസ്പോര്‍ട്ട് ചട്ടങ്ങളില്‍ നിര്‍ണായക ഭേദഗതികള്‍ വരുത്തി. പ്രധാനമായും കുട്ടികളുടെ പാസ്പോര്‍ട്ട് അപേക്ഷകളിലാണ് വിദേശകാര്യ മന്ത്രാലയം വലിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഭേദഗതി പ്രകാരം 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന സാധാരണ പാസ്പോര്‍ട്ടുകള്‍ക്ക് അനുവദിച്ച തിയതി മുതല്‍ അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ കുട്ടിക്ക് 18 വയസ് തികയുന്നത് വരെയോ ആയിരിക്കും സാധുതയുണ്ടാവുക.
എന്നാല്‍ 15 മുതല്‍ 18 വയസ് വരെ പ്രായമുള്ള കൗമാരക്കാര്‍ക്ക് രണ്ട് തരത്തില്‍ പാസ്പോര്‍ട്ട് തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഇവര്‍ക്ക് 18 വയസ് വരെ കാലാവധിയുള്ള പാസ്പോര്‍ട്ടോ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ക്ക് സമാനമായി 10 വര്‍ഷത്തെ പൂര്‍ണ കാലാവധിയുള്ള പാസ്പോര്‍ട്ടോ തിരഞ്ഞെടുക്കാവുന്നതാണ്. ഉപരിപഠനത്തിനും കായിക മേഖലയിലുമുള്ള ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ തീരുമാനം ഏറെ പ്രയോജനകരമാകും.
കുട്ടികളുടെ പാസ്പോര്‍ട്ടിനായി അപേക്ഷിക്കുമ്പോള്‍ മാതാപിതാക്കളുടെ വിലാസ രേഖകള്‍ നല്‍കാവുന്നതാണ്. അപ്പോയിന്റ്‌മെന്റ് സമയത്ത് മാതാപിതാക്കള്‍ തങ്ങളുടെ പാസ്പോര്‍ട്ടും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കരുതേണ്ടതുണ്ട്. എങ്കിലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലഭിക്കുന്ന പാസ്പോര്‍ട്ടുകള്‍ പിന്നീട് നേരിട്ട് മുതിര്‍ന്നവരുടെ 10 വര്‍ഷ കാലാവധിയുള്ള പാസ്പോര്‍ട്ടായി മാറില്ലെന്നും കുട്ടിക്ക് 18 വയസ് തികയുമ്പോള്‍ പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം 60 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 10 വര്‍ഷത്തെ കാലാവധിയുള്ള പാസ്പോര്‍ട്ട് തന്നെയാണ് തുടര്‍ന്നും നല്‍കുക.
നിയമങ്ങളിലെ മാറ്റങ്ങള്‍ക്ക് പുറമെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള നിരക്കുകളിലും കാര്യമായ വര്‍ധനവ് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. പുതിയ നിരക്കുകള്‍ അനുസരിച്ച് 36 പേജുള്ള സാധാരണ പാസ്പോര്‍ട്ടിന് 2500 രൂപയും തത്കാല്‍ സേവനത്തിന് 5000 രൂപയുമാണ് ഫീസ്. 60 പേജുള്ള പാസ്പോര്‍ട്ടിന് സാധാരണ നിരക്ക് 3500 രൂപയായും തത്കാല്‍ നിരക്ക് 8500 രൂപയായും ഉയര്‍ന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് 36 പേജുള്ള പുതിയ പാസ്പോര്‍ട്ടിന് 1750 രൂപയും തത്കാലിന് 3000 രൂപയുമാണ് അടയ്‌ക്കേണ്ടത്.
അതേസമയം എട്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്കും 60 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും പുതിയ അപേക്ഷകളില്‍ ലഭിച്ച് വരുന്ന 10 ശതമാനം ഫീസ് ഇളവ് തുടര്‍ന്നും ലഭിക്കും. എന്നാല്‍ റീ-ഇഷ്യൂ ചെയ്യുന്ന പാസ്പോര്‍ട്ടുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.
നിലവില്‍ നീല, വെള്ള, ചുവപ്പ് എന്നീ മൂന്ന് നിറങ്ങളിലുള്ള പാസ്പോര്‍ട്ടുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. സാധാരണ പൗരന്മാര്‍ക്ക് സുരക്ഷിത യാത്രയ്ക്കായി ബയോമെട്രിക് ചിപ്പുകള്‍ അടങ്ങിയ നീല ഇ-പാസ്പോര്‍ട്ടുകള്‍ നല്‍കുപ്പോള്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ള പാസ്പോര്‍ട്ടും നയതന്ത്രജ്ഞര്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കും റെഡ് പാസ്പോര്‍ട്ടുമാണ് അനുവദിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി വിവരങ്ങള്‍ പൂരിപ്പിച്ച് ഫീസടച്ച് തൊട്ടടുത്തുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലോ പോസ്റ്റ് ഓഫീസ് കേന്ദ്രങ്ങളിലോ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് പൊതുജനങ്ങള്‍ക്ക് അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.