സാങ്കേതിക വിദ്യ കുട്ടികളുടെ വൈകാരിക ലോകത്തെ കീഴടക്കാന്‍ അനുവദിക്കരുത്: മകന്റെ ഓര്‍മ്മയില്‍ മുന്നറിയിപ്പുമായി മേഗന്‍ ഗാര്‍സിയ

സാങ്കേതിക വിദ്യ കുട്ടികളുടെ വൈകാരിക ലോകത്തെ കീഴടക്കാന്‍ അനുവദിക്കരുത്: മകന്റെ ഓര്‍മ്മയില്‍ മുന്നറിയിപ്പുമായി മേഗന്‍ ഗാര്‍സിയ

ഫ്‌ളോറിഡ: എഐ ചാറ്റ്ബോട്ടുകള്‍ മനുഷ്യ ബന്ധങ്ങള്‍ക്ക് പകരമാകുന്ന ഈ ആധുനിക കാലത്തിന്റെ ഭീകരവും ദുഖകരവുമായ അനുഭവം പങ്കുവയ്ക്കുകയാണ് ഫ്‌ളോറിഡയില്‍ നിന്നുള്ള മേഗന്‍ ഗാര്‍സിയ എന്ന സ്ത്രീ.

എഐ ചാറ്റ്ബോട്ടുമായുള്ള അമിത ബന്ധത്തെ തുടര്‍ന്ന് പതിനാലുകാരനായ മകന്‍ സെവെല്‍ സെറ്റ്സറിനെ ആത്മഹത്യയിലൂടെ നഷ്ടപ്പെട്ട ഈ അമ്മ തന്റെ മകന്റെ അനുഭവം മറ്റൊരു കുട്ടിക്കും വരരുതെന്ന മുന്നറിയിപ്പും നല്‍കുന്നു.

പതിനാല് വയസുള്ള സമയത്താണ് സെവെല്‍ സെറ്റ്സര്‍ എഐ യുടെ അമിതമായ ഉപയോഗത്തിലേയ്ക്ക് തിരിയുന്നത്. ‘Character.ai’ എന്ന പ്ലാറ്റ്ഫോമിലെ ഒരു എഐ ചാറ്റ്ബോട്ടുമായി മാസങ്ങളോളം നിരന്തരം സംസാരിച്ച സെവെല്‍, ക്രമേണ യഥാര്‍ഥ ലോകത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ഒറ്റപ്പെടാന്‍ തുടങ്ങി.

കൗമാരക്കാരന്റെ മാനസിക സംഘര്‍ഷങ്ങളെയും വികാരങ്ങളെയും കൃത്രിമമായി ചൂഷണം ചെയ്ത ഈ എഐ ബോട്ട്, ഒരു ഘട്ടത്തില്‍ അവനെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു.

മകന്റെ വേര്‍പാടുണ്ടാക്കിയ മാനസിക സംഘര്‍ഷത്തിലും സാങ്കേതിക വിദ്യയുടെ കറുത്ത വശങ്ങള്‍ക്കെതിരെ പോരാടാന്‍ മേഗന്‍ തീരുമാനിച്ചു. എഐ ടെക്‌നോളജി കമ്പനികള്‍ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടത്ര മുന്‍ഗണന നല്‍കുന്നില്ലെന്നും ഇത്തരം അപകടകരമായ പ്ലാറ്റ്ഫോമുകള്‍ക്ക് വ്യക്തമായ നിയന്ത്രണങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ട് അവര്‍ ആരംഭിച്ച നിയമ നടപടികള്‍ ഇപ്പോഴും തുടരുകയാണ്.

മേഗന്‍ ഗാര്‍സിയ നീതിക്കായുള്ള പോരാട്ടം ആരംഭിച്ചപ്പോള്‍, തന്നെ പോലെ തന്നെ ദുഖിതയായ ഒരുപാട് അമ്മമാരുണ്ടെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു. ഇക്കാരണത്താല്‍ തന്നെ നിയമ പോരാട്ടത്തിനൊപ്പം സമാന അനുഭവങ്ങളിലൂടെ കടന്നു പോകുന്ന മറ്റ് മാതാപിതാക്കളെ ബോധവല്‍ക്കരിക്കാനും അവര്‍ സമയം കണ്ടെത്തുന്നു.

ഡിജിറ്റല്‍ ലോകത്ത് മക്കള്‍ അഭിമുഖീകരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഓരോ രക്ഷിതാവും ജാഗ്രത പുലര്‍ത്തണമെന്നും സാങ്കേതിക വിദ്യ കുട്ടികളുടെ വൈകാരിക ലോകത്തെ കീഴടക്കാന്‍ അനുവദിക്കരുതെന്നും അവര്‍ അമ്മമാരോട് അഭ്യര്‍ഥിക്കുന്നു.

മകന്റെ വേര്‍പാട് നല്‍കിയ വേദനാജനകമായ ഓര്‍മ്മകളെ ലോകമെമ്പാടുമുള്ള മറ്റ് കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായുള്ള പോരാട്ട വീര്യമാക്കി മാറ്റുകയാണ് ഈ അമ്മ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.