ബഹിരാകാശത്തേക്കൊരു ലിഫ്റ്റ്!.. റോക്കറ്റുകളെക്കാള്‍ കുറഞ്ഞ ചിലവ്, കൂടുതല്‍ സുരക്ഷിതം: നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

ബഹിരാകാശത്തേക്കൊരു ലിഫ്റ്റ്!.. റോക്കറ്റുകളെക്കാള്‍ കുറഞ്ഞ ചിലവ്, കൂടുതല്‍ സുരക്ഷിതം:  നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

ഫ്‌ളോറിഡ: സ്‌പേസ് എലിവേറ്റര്‍ (ബഹിരാകാശ ലിഫ്റ്റ്) പദ്ധതിയില്‍ നിര്‍ണായക വഴിത്തിരിവ്. ബഹിരാകാശത്തേക്ക് നീളുന്ന ഒരു ലക്ഷത്തിലധികം കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയാണിത്.

അതിശക്തമായ ഒരു കേബിള്‍ ഭൂമധ്യ രേഖയ്ക്ക് സമീപം ഉറപ്പിച്ച് ഭൂസ്ഥിര ഭ്രമണ പഥത്തിനപ്പുറത്തേക്ക് നീട്ടി, ബഹിരാകാശത്തുള്ള ഒരു ഭാര നിയന്ത്രണ സംവിധാനത്തിന്റെ സഹായത്തോടെ അത് വലിച്ചു നിര്‍ത്തുന്നതാണ് പദ്ധതി.

ബഹിരാകാശത്ത് അവശിഷ്ടങ്ങള്‍ ഒന്നും അവശേഷിപ്പിക്കില്ലെന്ന് മാത്രമല്ല, ഇത് ചെലവു കുറഞ്ഞതും സുരക്ഷിതവുമായിരിക്കും. ബഹിരാകാശത്തേക്കുള്ള ഒരു പാലം പോലെ ഇത് പ്രവര്‍ത്തിക്കുമെന്നും ഗവേഷകര്‍ പറയുന്നു. റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇത് പ്രവര്‍ത്തിപ്പിക്കാം.

ബഹിരാകാശത്തേക്ക് നീളുന്ന ഈ കേബിള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായത്ര ശക്തിയും ഭാരക്കുറവുമുള്ള ഒരു വസ്തു കണ്ടെത്തുക എന്നത് പദ്ധതിയുടെ നിര്‍ണായക ഘട്ടമായിരുന്നു. ഇതുവരെ നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയവയില്‍ വെച്ച് ഏറ്റവും മികച്ച വസ്തു ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ സ്‌പേസ് എലിവേറ്റര്‍ കണ്‍സോര്‍ഷ്യം (ഐഎസ്ഇസി) അവകാശപ്പെടുന്നത്.

'ക്ലൈംബേഴ്‌സ്' എന്ന പേരിലുള്ള പ്രത്യേക വാഹനങ്ങള്‍ ഈ കേബിളിലൂടെ മുകളിലേക്ക് സഞ്ചരിക്കുകയും മനുഷ്യരെയും ചരക്കുകള്‍, ഉപകരണങ്ങള്‍ എന്നിവയേയും ബഹിരാകാശത്തേക്ക് എത്തിക്കുകയും ചെയ്യും. ഒരു മീറ്ററിലധികം വീതിയുള്ളതും ഏകദേശം ഒരു ലക്ഷം കിലോ മീറ്റര്‍ (62,000 മൈല്‍) നീളമുള്ളതുമായിരിക്കും നിര്‍ദിഷ്ട ഘടന.

സ്റ്റീലിനേക്കാള്‍ ഏകദേശം 100 മടങ്ങ് ശക്തിയുള്ളതും അതേസമയം ഭാരം കുറഞ്ഞതും വന്‍തോതില്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതുമായ വസ്തുവാണ് ഇതിന് ആവശ്യമായി വരുന്നത്. ഇലക്ട്രോണിക്‌സിലും മറ്റ് വ്യവസായങ്ങളിലും നിലവില്‍ ഉപയോഗിച്ചു വരുന്ന അതിശക്തമായ പോളിക്രിസ്റ്റലൈന്‍ ഗ്രാഫീന്‍ ആണ് ഗവേഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.

നേര്‍ത്തതും തുടര്‍ച്ചയായതുമായ ഘടനയില്‍ ക്രമീകരിച്ചിരിക്കുന്ന കാര്‍ബണ്‍ ആറ്റങ്ങള്‍ അടങ്ങിയതാണ് ഗ്രാഫീന്‍. ഇതിന്റെ പോളിക്രിസ്റ്റലൈന്‍ രൂപം ഒന്നിലധികം ചെറിയ ക്രിസ്റ്റല്‍ വിഭാഗങ്ങളില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് വലിയ തോതില്‍ നിര്‍മ്മിക്കുന്നത് എളുപ്പമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.