കൊച്ചി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ മലയോര മേഖലയ്ക്ക് ആശങ്ക.
കേരളത്തിലെ 131 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. ആകെ 9,993.7 ചതുരശ്ര കിലോ മീറ്റര്‍ ഭൂമിയാണ് ഇതിലുള്‍പ്പെടുള്ളത്. ഇതില്‍ 9,107 ചതുരശ്ര കിലോ മീറ്റര്‍ വനഭൂമിയും, 886.7 ചതുരശ്ര കിലോ മീറ്റര്‍ വനേതര ഭൂമിയുമാണ്.
കൃഷിക്ക് കടുത്ത നിയന്ത്രണങ്ങള്‍ വന്നേക്കുമോ എന്നതാണ് കരട് വിജ്ഞാപനത്തിന് പിന്നാലെ ഉയരുന്ന പ്രധാന ആശങ്ക. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഭൂമി വില്‍ക്കുന്നതിനും ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിനും തടസങ്ങള്‍ നേരിട്ടേക്കാമെന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
ഭൂമിയുടെ തരംമാറ്റത്തിനും വീടുകള്‍ ഉള്‍പ്പെടെയുള്ള സാധാരണ കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും അനുമതി ലഭിക്കുന്നതിനും നിലവിലെ കരട് വിജ്ഞാപനം പ്രതിസന്ധിയായേക്കും. റോഡുകള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ സ്തംഭിക്കാന്‍ ഇടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ക്വാറികളും മണല്‍ ഖനനവും നിലയ്ക്കുന്നത് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയെ സാരമായി ബാധിച്ചേക്കാമെന്ന ആശങ്കയും ശക്തമാണ്.
പരിസ്ഥിതി ലോല മേഖലകളില്‍ മണല്‍, പാറ ഖനനങ്ങളും ക്വാറി പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിരോധിക്കും. നിലവില്‍ പ്രവര്‍ത്തിക്കുന്നവ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മലിനീകരണമുണ്ടാക്കുന്ന 'റെഡ് കാറ്റഗറി' വ്യവസായങ്ങള്‍ക്ക് പൂര്‍ണ നിരോധനമുണ്ടാകും. പുതിയ താപവൈദ്യുത നിലയങ്ങള്‍ക്ക് യാതൊരു കാരണവശാലും അനുമതി നല്‍കില്ല.
ജലവൈദ്യുത പദ്ധതികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെയാകും അനുമതി. ഒപ്പം 20,000 ചതുരശ്ര മീറ്ററോ അതില്‍ കൂടുതലോ തറ വിസ്തീര്‍ണമുള്ള വലിയ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് അനുമതി ഉണ്ടായിരിക്കുന്നതല്ല. 50 ഹെക്ടറോ അതില്‍ കൂടുതലോ വിസ്തീര്‍ണമുള്ള വലിയ റിയല്‍ എസ്റ്റേറ്റ്, ടൗണ്‍ഷിപ്പ് പദ്ധതികള്‍ പൂര്‍ണമായും തടയുകയും ചെയ്യും.
പശ്ചിമഘട്ടത്തിന്റെ തനതായ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നതാണ് വിജ്ഞാപനത്തിന്റെ പ്രധാന ലക്ഷ്യം. പശ്ചിമഘട്ടത്തിന് ലഭിച്ചിട്ടുള്ള ലോക പൈതൃക പദവി നിലനിര്‍ത്തു, പരിസ്ഥിതി സംരക്ഷണത്തിലൂടെ വികസിത രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര കാര്‍ബണ്‍ ഫണ്ട് ലഭ്യമാക്കുക എന്നിവയും ലക്ഷ്യങ്ങളാണ്.
എന്നാല്‍ പരിസ്ഥിതി ലോല പ്രദേശമായി കരടു വിജ്ഞാപനത്തില്‍ കണക്കാക്കുന്ന 131 വില്ലേജുകളുടെ പട്ടികയില്‍ നിന്ന് 33 വില്ലേജുകള്‍ ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. കൂടാതെ ആകെ വിസ്തീര്‍ണം 8590 ചതുരശ്ര കിലോ മീറ്റര്‍ ആയി ചുരുക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
ജനവാസ മേഖലകള്‍, കാര്‍ഷിക ഭൂമികള്‍, തോട്ടങ്ങള്‍ എന്നിവയെ നിയന്ത്രണ പരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി വനപ്രദേശങ്ങളെ മാത്രം പരിസ്ഥിതി ലോല പ്രദേശമായി പരിമിതപ്പെടുത്തണമെന്നാണ് സംസ്ഥാനം കേന്ദ്രത്തിനോടു ആവശ്യപ്പെട്ടിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.