കഴിഞ്ഞ 22 വര്‍ഷമായി ഇന്ത്യയിലേക്ക് നിരന്തരം യാത്ര ചെയ്യുന്ന ഓസ്ട്രിയന്‍ പൗരന്‍ വോള്‍ഫ്ഗാങ് ബെര്‍ഗ്താലര്‍ പങ്കുവെച്ച ഒരു ലിങ്ക്ഡ്ഇന്‍ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഇന്ത്യ കൈവരിച്ച അമ്പരപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ചയെയും വ്യാവസായിക പുരോഗതിയെയും ഒരുവശത്ത് പുകഴ്ത്തുമ്പോള്‍ തന്നെ, സമൂഹത്തിന്റെ ഉള്ളറകളില്‍ പടര്‍ന്നുപിടിക്കുന്ന ചില അപ്രിയ സത്യങ്ങളിലേക്ക് അദേഹം വിരല്‍ ചൂണ്ടുന്നു.
മടങ്ങുമ്പോള്‍ ഒപ്പമെടുക്കുന്ന മറക്കാനാകാത്ത ഓര്‍മ്മകള്‍ എന്ന നിലയിലാണ്, ഇന്ത്യക്കാരുടെ മാറി വരുന്ന ജീവിത ശൈലിയെക്കുറിച്ചും മാനസികാവസ്ഥയെക്കുറിച്ചുമുള്ള തന്റെ നിരീക്ഷണങ്ങള്‍ ബെര്‍ഗ്താലര്‍ കുറിച്ചിരിക്കുന്നത്.
.jpg)
വളര്‍ച്ചയുടെ പാതയിലാണെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ നയിക്കുന്നത് തികച്ചും അനാരോഗ്യകരമായ ജീവിത ശൈലിയാണെന്നാണ് ബെര്‍ഗ്താലറുടെ പ്രധാന വിമര്‍ശനം. ജങ്ക് ഫൂഡിനോടുള്ള അമിത താല്‍പര്യവും കായിക വിനോദങ്ങളോടുള്ള വിമുഖതയും കാരണം എവിടെ നോക്കിയാലും പൊണ്ണത്തടിയുള്ളവരെ മാത്രമാണ് കാണാന്‍ സാധിക്കുന്നത്. അതിനൊപ്പം തന്നെ ഡിജിറ്റല്‍ ലോകത്തെ അമിത ഉപയോഗവും മനുഷ്യരെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. കുറച്ചു സമയം പോലും സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോള്‍ ചെയ്യാതെ ഇരിക്കാന്‍ ഇവിടുത്തുകാര്‍ക്ക് കഴിയില്ലെന്നും ഒരു കാര്യത്തിലും ആഴത്തില്‍ ശ്രദ്ധ നല്‍കാതെ പെട്ടെന്ന് അടുത്ത വിഷയത്തിലേക്ക് ചാടിപ്പോകുന്ന അറ്റന്‍ഷന്‍ സ്പാന്‍ കുറഞ്ഞ പ്രകൃതമാണ് ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കുമുള്ളതെന്നും അദേഹം വിലയിരുത്തുന്നു.
ഇന്ത്യയിലെ ബിസിനസ് സാധ്യതകള്‍ അനന്തമാണെന്നും വളരെ വേഗം കോടീശ്വരനാകാന്‍ ഇവിടെ സാഹചര്യം ഉണ്ടെന്നും സമ്മതിക്കുമ്പോള്‍ തന്നെ, കടുത്ത മത്സരമാണ് വിപണിയില്‍ നടക്കുന്നതെന്നും അദേഹം ഓര്‍മ്മിപ്പിക്കുന്നു. വിദേശിയായതുകൊണ്ട് മാത്രം ഒരാള്‍ക്ക് ഇവിടെ പിടിച്ചുനില്‍ക്കാനാകില്ല. അതേസമയം പണം ഉണ്ടാക്കാന്‍ മിടുക്കന്മാരായ ജനങ്ങളുള്ള നാട്ടില്‍, പണമില്ലാതെ ഒന്നും നടക്കില്ലെന്ന തോന്നലാണ് എല്ലാവരെയും ഭരിക്കുന്നത്. പരസ്പര ബന്ധങ്ങളില്‍ പോലും ലാഭനഷ്ടക്കണക്കുകള്‍ മാത്രമാണ് ആളുകള്‍ തിരയുന്നത്. പ്രതിഫലം പ്രതീക്ഷിക്കാത്ത നിഷ്‌കളങ്കമായ സൗഹൃദങ്ങളോ ബന്ധങ്ങളോ കണ്ടെത്തുക പ്രയാസമാണെന്നും പണം തന്നെയാണ് എല്ലാ ബന്ധങ്ങളുടെയും അവസാന മാനദണ്ഡമായി മാറുന്നതെന്നും അദേഹം തുറന്നടിക്കുന്നു.
.jpg)
രാജ്യം ആഗോളതലത്തില്‍ വമ്പന്‍ ശക്തിയായി വളരുമ്പോഴും, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ രാജ്യം ഇന്നും പിന്നോക്കമാണെന്ന് കുറിപ്പില്‍ പറയുന്നു. എല്ലാവര്‍ക്കും ശുദ്ധമായ വായുവോ കുടിവെള്ളമോ സുരക്ഷിതത്വമോ ഉറപ്പാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സാങ്കേതിക വിദ്യ വളര്‍ന്നെങ്കിലും പരമ്പരാഗത അധികാര ഘടനകള്‍ അതേപടി നിലനില്‍ക്കുകയാണ്. 100 രൂപ മുടക്കിയാല്‍ ആയിരം രൂപയുടെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നവരാണ് ഇന്ത്യക്കാരെന്നും എന്നാല്‍ ആ പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള അധ്വാനമോ ക്ഷമയോ മര്യാദയോ ഇവിടുത്തെ ജനങ്ങളില്‍ കുറഞ്ഞ് വരികയാണെന്നും അദേഹം നിരീക്ഷിക്കുന്നു.
വോള്‍ഫ്ഗാങ് ബെര്‍ഗ്താലറുടെ ഈ കുറിപ്പ് പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ഭിന്നഭിപ്രായങ്ങളാണ് ഡിജിറ്റല്‍ ലോകത്ത് ഉയര്‍ന്നുവരുന്നത്. ഇന്ത്യയിലെ ഏതാനും മെട്രോ നഗരങ്ങളെ മാത്രം കണ്ടുള്ള ഇത്തരം പൊതുവല്‍ക്കരണങ്ങള്‍ തെറ്റാണെന്നും വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച യഥാര്‍ത്ഥ നേട്ടങ്ങളെ നിസാരവല്‍ക്കരിക്കരുതെന്നും ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തി.
എന്നാല്‍ ഇന്ത്യയുടെ ഇന്നത്തെ യാഥാര്‍ത്ഥ്യമാണ് ബെര്‍ഗ്താലര്‍ കുറിച്ചതെന്ന് അഭിപ്രായപ്പെട്ട് ധാരാളം വിദേശികളും പോസ്റ്റിനെ പിന്തുണയ്ക്കുന്നുണ്ട്. ഏതായാലും ഒരു വിദേശിയുടെ കണ്ണിലൂടെയുള്ള ഈ തുറന്നെഴുത്ത് ഇന്ത്യക്കാരുടെ ജീവിതരീതിയെക്കുറിച്ചും ചിന്താഗതികളെക്കുറിച്ചുമുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.