ന്യൂഡൽഹി: ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും അദേഹത്തിന്റെ രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ദാരാ സിങിന്റെ ജയിൽ മോചന അപേക്ഷ തള്ളിയതായി ഒഡീഷ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് സർക്കാരിനെ പ്രതിനിധീകരിച്ചുള്ള അഭിഭാഷകൻ ഈ തീരുമാനം വ്യക്തമാക്കിയത്.
തുടർന്ന് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഹർജി ഭേദഗതി ചെയ്യാൻ ദാരാ സിങിന്റെ അഭിഭാഷകന് കോടതി അനുമതി നൽകി. മൂന്നാഴ്ചയ്ക്ക് ശേഷം പുതിയ ഹർജി സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ 25 വർഷമായി താൻ ജയിൽവാസം അനുഭവിച്ചുവരികയാണെന്നും അതിനാൽ മോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ദാരാ സിങ് ഹർജി നൽകിയിരുന്നത്.
എന്നാൽ പ്രതിയുടെ മോചനം സാമൂഹിക പ്രത്യാഘാതങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണമായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ശിക്ഷാ അവലോകന ബോർഡ് അപേക്ഷ തള്ളിയത്.
1999 ജനുവരി 23-ാം തീയതിയാണ് ഗ്രഹാം സ്റ്റെയ്ൻസിനെയും അദേഹത്തിന്റെ ഏഴും ഒമ്പതും വയസ്സുള്ള മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരെയും ആളുകൾ ഉറങ്ങിക്കിടന്ന വാഹനം തീവെച്ച് കൊലപ്പെടുത്തിയത്.
ഒഡീഷയിലെ കുഷ്ഠരോഗികൾക്കിടയിൽ ശുശ്രൂഷാ പ്രവർത്തനം നടത്തിവന്ന ഗ്രഹാം സ്റ്റെയ്ൻസും കുടുംബവും മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. ഗ്രഹാം സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡീസും മകൾ എസ്ത്തറും മാത്രമാണ് ഈ കുടുംബത്തിൽ നിന്നും ജീവനോടെ ബാക്കിയുള്ളത്.
ഈ കൊലപാതക പരമ്പരയിലെ പ്രധാന പ്രതിയായ ദാരാ സിങിനെ 2003-ൽ സി.ബി.ഐ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് 2005-ൽ ഒഡീഷ ഹൈക്കോടതി ഈ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും 2011-ൽ സുപ്രീംകോടതി അത് ശരിവെയ്ക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ ഔറയ്യ ജില്ലക്കാരനായ ദാരാ സിങാണ് ഒഡീഷയിലെത്തി ഈ ക്രൂരമായ കൊലപാതകത്തിന് നേതൃത്വം നൽകിയത്. കേസിൽ മറ്റ് 11 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.