മൈദുഗുരി: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് വർഷങ്ങളായി തുടരുന്ന ഭീകരാക്രമണങ്ങളിൽ 200-ലധികം കത്തോലിക്കാ ദേവാലയങ്ങൾ തകർക്കപ്പെട്ടതായും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ട്.
മൈദുഗുരി രൂപതയുടെ സഹായ മെത്രാനായ മാർ ജോൺ ബോഗ്ന ബകെനിയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഒസുൻ സംസ്ഥാനത്ത് നടന്ന നൈജീരിയൻ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിശുദ്ധ കുർബാനമധ്യേ സംസാരിക്കുകയായിരുന്നു അദേഹം.
വർഷങ്ങളായി തുടരുന്ന അക്രമങ്ങൾക്കും പലായനങ്ങൾക്കും ഇരയായിട്ടും ദൈവകൃപയാൽ മാത്രമാണ് മൈദുഗുരി രൂപത ഇന്നും നിലനിൽക്കുന്നതെന്ന് ബിഷപ്പ് വ്യക്തമാക്കി. 2014 ൽ ശക്തമായ ഭീകരാക്രമണങ്ങളെ തുടർന്ന് ആയിരക്കണക്കിന് വിശ്വാസികൾക്ക് സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ കടുത്ത ഭീഷണികൾക്കും പ്രതിസന്ധികൾക്കുമിടയിലും തങ്ങളുടെ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാൻ അവിടത്തെ വിശ്വാസി സമൂഹം തയ്യാറായില്ലെന്നും അദേഹം സാക്ഷ്യപ്പെടുത്തി.
“തുടർച്ചയായ ബോംബേറിനും വെടിവയ്പ്പുകൾക്കുമിടയിലും ഞങ്ങളുടെ ദേവാലയങ്ങൾ ഇന്നും വിശ്വാസികളാൽ നിറഞ്ഞിരിക്കുകയാണ്. തോക്കുകളും ബോംബുകളും ഞങ്ങളുടെ വിശ്വാസത്തെ തകർക്കില്ല,” ബിഷപ്പ് ബകെനി ആത്മധൈര്യത്തോടെ കൂട്ടിച്ചേർത്തു.
നൈജീരിയയിലെ താരതമ്യേന സമാധാനപൂർണമായ പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങൾ തങ്ങൾക്ക് ലഭിച്ച ദൈവാനുഗ്രഹത്തെ വിലമതിക്കണമെന്നും ഭീകരതയുടെ കടുത്ത ആഘാതം നേരിടുന്ന മൈദുഗുരിയിലെ സഹോദരങ്ങൾക്കായി പ്രാർഥിക്കണമെന്നും അദേഹം ആഹ്വാനം ചെയ്തു.
എത്രയൊക്കെ അക്രമങ്ങളും പീഡനങ്ങളും തുടർന്നാലും സത്യത്തിനും സ്നേഹത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും തിന്മ ഒടുവിൽ സ്നേഹത്തിന് മുൻപിൽ പരാജയപ്പെടുമെന്നും ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.