ദുബായ് ഒയാസിസ് ലയൺസ് ക്ലബിന്റെ 'ലയണോണം 2026' വിപുലമായി സംഘടിപ്പിച്ചു

ദുബായ് ഒയാസിസ് ലയൺസ് ക്ലബിന്റെ 'ലയണോണം 2026' വിപുലമായി സംഘടിപ്പിച്ചു

ദുബായ്: ദുബായ് ഒയാസിസ് ലയൺസ് ക്ലബിന്റെ ഓണാഘോഷവും 2026-27 വർഷത്തെ സേവന പദ്ധതികളുടെ അവതരണവും 'ലയണോണം 2026' എന്ന പേരിൽ ദുബായ് മാർക്കോ പോളോ ഹോട്ടലിൽ വിപുലമായി സംഘടിപ്പിച്ചു.

ലയൺസ് അംഗങ്ങളും കുടുംബാംഗങ്ങളും അതിഥികളും പങ്കെടുത്ത ആഘോഷം ലയൺസ്‌ ഇന്റർനാഷണൽ സോൺ ചെയർപേഴ്സൺ ടി.എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സിജു ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് ശശിധരൻ, ട്രഷറർ ബേബി വർഗീസ്, പ്രോഗ്രാം കൺവീനർ അനിത സന്തോഷ്, സന്തോഷ് കേട്ടേത്ത്, അജയ് ഗുപ്ത, വിജയ് മാധവൻ, വിനോദ് എസ്. നായർ, ഗിരീഷ് വാര്യർ, ഇഗ്‌നേഷ്യസ്, ശ്രീനാഥ് കാടഞ്ചേരി, നയന രഞ്ജിത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

2026–27 വർഷത്തിലെ ആദ്യ പ്രധാന സേവന പദ്ധതിയായ 'ഗിഫ്റ്റ് ഓഫ് സൈറ്റ്' പദ്ധതിയുടെ വിശദാംശങ്ങൾ കൺവീനർ വിനോദ് എസ്. നായർ ചടങ്ങിൽ അവതരിപ്പിച്ചു. വിഷൻ ആൻഡ് സ്റ്റൈൽ ഒപ്ടിക്കൽസ്, അബ്രെകോ ഫ്രൈറ്റ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ട്രക്ക് ഡ്രൈവർമാർക്ക് സൗജന്യ നേത്ര പരിശോധന നടത്തുകയും ആവശ്യമായവർക്ക് പ്രിസ്ക്രിപ്ഷൻ കണ്ണടകൾ സൗജന്യമായി നൽകുകയും ചെയ്യുന്നതാണ് ഈ പദ്ധതി.

തുടർന്ന് ലയൺസ്‌ അംഗങ്ങളെയും കുടുംബാംഗങ്ങളെയും ആരോഗ്യകരവും സജീവവുമായ ജീവിതശൈലിയിലേക്ക് നയിക്കുന്ന കുടുംബ ഫിറ്റ്‌നസ് പദ്ധതിയുടെ വിശദാംശങ്ങൾ കൺവീനർ ഗിരീഷ് വാര്യർ അവതരിപ്പിച്ചു. 2027 ജനുവരിയിൽ നടക്കുന്ന ദുബായ് മാരത്തണിൽ പങ്കെടുക്കുവാൻ അംഗങ്ങളെ തയ്യാറാക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ക്ലബ് അംഗമായ ഡോ. ടൈറ്റസ് പീറ്റർ നിർമിച്ച 'എസെക്കിയേൽ' എന്ന ചലച്ചിത്രത്തിന്റെ ട്രയ്ലർ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ചു നടന്നു. കൂടാതെ, ലോകമെമ്പാടുമുള്ള ലയൺസ് ക്ലബുകൾ എല്ലാ വർഷവും 11 മുതൽ 13 വയസുവരെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചിത്രരചനാ മത്സരം യു.എ.ഇയിലെ രണ്ട് വിദ്യാലയങ്ങളിൽ നടത്തുന്നതിന്റെ വിശദാംശങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു.

വിദ്യാർത്ഥികളിൽ സമാധാനം, സൗഹൃദം, സഹിഷ്ണുത, സഹവർത്തിത്വം എന്നീ ആശയങ്ങൾ വളർത്താനും ലോകസമാധാനത്തെക്കുറിച്ചുള്ള അവരുടെ ചിന്തകളും സ്വപ്നങ്ങളും ചിത്രങ്ങളിലൂടെ അവതരിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം നൽകുകയുമാണ് ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം.

തിരുവാതിര അടക്കമുള്ള നിരവധി പരമ്പരാഗത കലാപരിപാടികളും മാവേലിയുടെ സാന്നിധ്യവും ആഘോഷത്തിന് മാറ്റുകൂട്ടി. തുടർന്ന് നടന്ന ഓണസദ്യയും കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തവും പരിപാടിയെ കൂടുതൽ ആഘോഷപൂർണമാക്കി.

ഈ വർഷം ക്ലബ്ബ് മുന്നോട്ടുവച്ചിട്ടുള്ള 'ടുഗെദർ വീ ക്യാൻ' എന്ന ആശയത്തെ മുൻനിർത്തി സംസ്കാരം, കുടുംബ സൗഹൃദം, സാമൂഹിക സേവനം, ആരോഗ്യബോധവൽക്കരണം, യുവജന പങ്കാളിത്തം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള മനോഹരമായ ഒരു സംഗമമായി 'ലയണോണം 2026' മാറുകയുണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.