18-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കേന്ദ്രം; നടപടി പുനപരിശോധിക്കണമെന്ന് മന്ത്രി

18-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കേന്ദ്രം; നടപടി പുനപരിശോധിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ (IDSFFK) പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചു. സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം എന്നിവയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ഒരു മലയാള ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

പാര്‍ലമെന്റ് സ്ട്രീറ്റ്, സാനിറ്റൈസ്ഡ് റിപ്പബ്ലിക്ക്: കാസ്റ്റ് ആന്റ് കോണ്‍ട്രാക്റ്റ്‌സ്, ഗ്ലോബ്, മെമ്മറീസ് ഓഫ് എ വിന്‍ഡോ, ബേഡ്സ് ഓഫ് വാര്‍, പുട്ട് യുവര്‍ സോള്‍ ഓണ്‍ യുവര്‍ ഹാന്‍ഡ് ആന്‍ഡ് വാക്ക്, ഔവര്‍ ലാന്‍ഡ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി ലഭിക്കാതെ പോയത്.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 347 സിനിമകളുടെ പട്ടികയും അവയുടെ പ്രമേയത്തിന്റെ സാരാംശവും സെന്‍സര്‍ ഇളവിനായി ചലച്ചിത്ര അക്കാദമി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം 40 ചിത്രങ്ങളുടെ വിശദമായ സിനോപ്സിസും സ്‌ക്രീനറുകളും നല്‍കിയ ശേഷമാണ് 31 ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി പുനപരിശോധിക്കണമെന്ന് ടൂറിസം, സാംസ്‌കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. വിദഗ്ധ സമിതികള്‍ സമഗ്രമായ പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നത് അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ ക്യൂറേറ്റോറിയല്‍ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണെന്ന് അദേഹം വ്യക്തമാക്കി.

ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സമൂഹത്തിലെ യാഥാര്‍ഥ്യങ്ങളും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പ്രധാന കലാരൂപങ്ങളാണെന്നും വ്യത്യസ്ത ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം നല്‍കുകയെന്നതാണ് ഒരു ചലച്ചിത്ര മേളയുടെ അടിസ്ഥാന സ്വഭാവമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകര്‍ക്ക് സിനിമ കാണാനും അതിനെ സ്വതന്ത്രമായി വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള അവസരം ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.